വീടിന്റെ ഗേറ്റിന് മുന്നില്‍ അറവുമാലിന്യം തള്ളി
ഇരവിപുരം: മാലിന്യ നിക്ഷേപത്തിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ വിരമിച്ച ഉദ്യോഗസ്ഥ ദമ്പതികളുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ ചോരയൊലിക്കുന്ന അറവുമാലിന്യം ചാക്കില്‍ക്കെട്ടി തള്ളി. വടക്കേ വിള യൂനുസ് എഞ്ചിനിയറിംഗ് കോളേജിന് സമീപം മണക്കാട് നഗര്‍ 71 പ്രശാന്തിയില്‍ രാജശേഖരന്‍നായരുടെ വീടിന് മുന്നിലാണ് മാലിന്യം നിറച്ച ചാക്കുകെട്ട് തള്ളിയത്.
മുള്ളുവിള സാമില്‍-പണിക്കര്‍കുളം റോഡില്‍ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ദമ്പതികള്‍ ഈ റോഡിലെ മാലിന്യങ്ങള്‍ ഇവര്‍തന്നെ നീക്കം ചെയ്യുകയും റോഡില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. ഇവരുടെ വീടിന് തെക്കുഭാഗത്തെ റോഡിലും മാലിന്യം തള്ളിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് ഇവരുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ മാലിന്യം തള്ളിയത് കണ്ടത്. ഈ ഭാഗത്ത് ഇവര്‍ നടത്തുന്ന ശുചികരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതിന് വേണ്ടിയാണ് മാലിന്യം തള്ളിയതെന്ന് കരുതുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് മണക്കാട് നഗര്‍ റസിഡന്റ്സ് അസോസിയേഷനും ആര്യഭട്ടാ ലൈബ്രറിയും ആവശ്യപ്പെട്ടു.കോര്പ്പറേഷന് വടക്കേവിള സോണല്‍ ഓഫിസിന് സമീപത്തെ ഈ മാലിന്യ നിക്ഷേപം തടയാന്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും രാത്രി കാല നീരീക്ഷണം ഉണ്ടാകണമെന്ന് മണക്കാട് നഗര്‍ റസിഡന്റ്സ് അസോസിയേഷന് വനിതാവേദിയും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."