ദേശീയപാത വികസനം: അതിര്‍ത്തിക്കല്ലുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി വൈകുന്നു
കൊല്ലം: ദേശീയപാത 66ന്റെ വികസനത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തി കണ്‍സള്‍ട്ടന്റ് ഏജന്‍സി. ജില്ലയില്‍ ഓച്ചിറ മുതല്‍ ഇത്തിക്കര വരെ ഏജന്‍സി സ്ഥാപിച്ച 675 അതിര്‍ത്തിക്കല്ല് മാറ്റി സ്ഥാപിക്കുന്നതിന് നടപടി വൈകുന്നു. അലൈന്‍മെന്റിന് വിരുദ്ധമായി തോന്നിയതു പോലെ കല്ലിടുകയായിരുന്നു. പരിചയസമ്പന്നരായ തൊഴിലാളികളെ കല്ലിടലിന് കണ്‍സള്‍ട്ടന്റ് ഏജന്‍സി നിയോഗിക്കാഞ്ഞതാണ് വീണ്ടും അതിര്‍ത്തിക്കല്ല് മാറ്റിസ്ഥാപിക്കേണ്ട സ്ഥിതിവന്നത്. അതിര്‍ത്തിക്കല്ല് മാറ്റിസ്ഥാപിക്കാന്‍ ഏജന്‍സി ആവശ്യപ്പെട്ട സമയം 30 വരെയാണ്. എന്നാല്‍, ഒരുകല്ലുപോലും മാറ്റിസ്ഥാപിച്ചിട്ടില്ല. ഹരിയാന എസ്എംഇസി ആണ് കണ്‍സള്‍ട്ടന്റ് ഏജന്‍സി. ഇത്തിക്കര മുതല്‍ ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണം വരെ സ്ഥാപിച്ച അതിര്‍ത്തിക്കല്ലുകള്‍ക്ക് മാറ്റമില്ല. കണ്‍സള്‍ട്ടന്റ് ഏജന്‍സി കല്ലിടല്‍ ജോലി സബ് കരാര്‍ നല്‍കിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയത്. ഓച്ചിറ മുതല്‍ കടമ്പാട്ടുകോണം വരെയാണ് ജില്ലയില്‍ ദേശീയപാത. ഇതില്‍ ഓച്ചിറ മുതല്‍ ഇത്തക്കര വരെ കല്ലിട്ടത് മൂന്നു ടീമാണ്. സ്ഥിരമായി ഒരു ടീമിനെത്തന്നെ ജോലി ഏല്‍പ്പിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായി. അര മീറ്റര്‍ മുതല്‍ അഞ്ചു മീറ്റര്‍ വരെ വ്യത്യാസമാണ് കല്ല് സ്ഥാപിച്ചതില്‍ വന്നിട്ടുള്ളത്. സെന്‍ട്രല്‍ പോയിന്റ് നിശ്ചയിച്ചതിലും വ്യത്യാസം വന്നിട്ടുണ്ടോയെന്നും ആശങ്കയുണ്ട്. റോഡിന്റെ മധ്യഭാഗത്തുനിന്ന് ഇരുസൈഡിലേക്കും 22.5 മീറ്റര്‍ തുല്യമായി അളന്നാണ് 45 മീറ്റര്‍ വീതി നിശ്ചയിച്ച് അതിര്‍ത്തി കല്ലിടേണ്ടത്. കണ്‍സള്‍ട്ടന്റ് ഏജന്‍സിയുടെ ദക്ഷിണേന്ത്യയിലെ കേന്ദ്രമായ ബംഗളൂരുവില്‍ നിന്ന് എത്തിയ ടീം നടത്തിയ പരിശോധനയിലാണ് കല്ലിട്ടതിലെ വ്യത്യാസം കണ്ടെത്തിയത്.
അതിനിടെ പുരോഗതിയിലായിരുന്ന സര്‍വേ നടപടിയും ഇനി ആദ്യംമുതല്‍ ആരംഭിക്കേണ്ട സ്ഥിതിയാണ്. അതിനാല്‍ ദേശീയപാത വികസനം വൈകുമെന്ന അവസ്ഥയാണുള്ളത്. കരാര്‍പ്രകാരം അതിര്‍ത്തിക്കല്ല് സ്ഥാപിക്കുന്നതില്‍ ഗുരുതര വീഴ്ചവരുത്തിയ കണ്‍സള്‍ട്ടന്റ് ഏജന്‍സി ഹരിയാന എസ്എംഇസിയെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. കല്ലിടല്‍ ജോലി വീണ്ടും അവരെത്തന്നെ ഏല്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
അതിനിടെ ദേശീയപാത വികസന അതോറിറ്റി 2018 ഫെബ്രുവരി ഒമ്പതിന് ഇന്ത്യ ഗസറ്റില്‍ പുറപ്പെടുവിച്ച ദേശീയപാത വികസനം സംബന്ധിച്ച വിജ്ഞാപനത്തിന്റെ കാലാവധി 2019 ഫെബ്രുവരി എട്ടിന് അവസാനിക്കും. അതിനിടെ കല്ലിടല്‍ പൂര്‍ത്തീകരിച്ച് സര്‍വേ നടത്തിത്തീരുമെന്ന് ഉറപ്പില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."