വിടപറഞ്ഞത് തൊഴിലാളികള്‍ മനസറിഞ്ഞു സ്നേഹിച്ച നേതാവ്
കണ്ണൂര്‍: ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍ക്കിടയില്‍ അവസാനശ്വാസം വരെ പ്രവര്‍ത്തിച്ച നേതാവായിരുന്നു സി.ഐ.ടി.യു നേതാവ് പി.വി കൃഷ്ണന്. മോട്ടോര്‍തൊഴിലാളി രംഗത്തെ നീറുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൃഷ്ണേട്ടന് കാണിച്ച ജാഗ്രത അദ്ദേഹത്തെ തൊഴിലാളികള്‍ക്കിടയില്‍ പ്രിയങ്കരനാക്കി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അദ്ദേഹത്തെ മോട്ടോര്‍തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാനുമായി നിയമിച്ചു. കര്‍ഷകപ്പോരാട്ടങ്ങള്‍ ചുവപ്പിച്ച മയ്യില്‍ കണ്ടക്കൈയിലാണ് ഈ തൊഴിലാളിയൂനിയന്‍ നേതാവ് ജനിച്ചത്. കെ. കുഞ്ഞപ്പയും അമ്മാളുവമ്മയുമായിരുന്നു മാതാപിതാക്കള്‍. കണ്ടക്കൈ കൃഷ്ണവിലാസം എ.എല്‍.പി സ്കൂള്‍, മയ്യില്‍ ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നിവിടങ്ങളിലായി എട്ടാംക്ലാസ് വരെ പഠിച്ചു. സ്വകാര്യബസ് കണ്ടക്ടറായി പ്രവര്‍ത്തിക്കുന്നതിനിടെ ട്രേഡ് യൂനിയന്‍ രംഗത്ത് സജീവമായി. 1965ല്‍ യൂണിയന് അസി. സെക്രട്ടറിയായി നേതൃനിരയിലേക്ക്. 68ല്‍ ജനറല്‍ സെക്രട്ടറിയായി. പാട്യം ഗോപാലനായിരുന്നു അന്ന് പ്രസിഡന്റ്. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലും ജയിലിലും കഴിയേണ്ടിവന്ന ചെറിയൊരിടവേളയൊഴികെ 50 വര്‍ഷം തുടര്‍ച്ചയായി ജനറല്‍ സെക്രട്ടറിസ്ഥാനത്ത്. ട്രേഡ് യൂണിയന് നേതൃരംഗത്തെ അപൂര്‍വ റെക്കോഡാണിത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും അവിഭക്ത കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു. മയ്യില്‍ ഏരിയാ കമ്മിറ്റി രൂപീകരിച്ചതുമുതല്‍ അംഗം. സി.പി.എം മോട്ടോര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലാ ബസ് ട്രാന്‍സ്പോര്‍ട്ട് എംപ്ലായീസ് സഹകരണസംഘം രൂപീകരിക്കുന്നതില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. ഓള് ഇന്ത്യ റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് വൈസ് പ്രസിഡന്റായും അടുത്തകാലം വരെ പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."