കുപ്പത്തെ വളവുകളില്‍ അപകടം കുറയ്ക്കല്‍ ലക്ഷ്യം:സംരക്ഷണ വേലി നിര്‍മാണം തുടങ്ങി
തളിപ്പറമ്പ്: കുപ്പം ദേശീയ പാതയിലെ അപകട വളവുകളില്‍ സംരക്ഷണ വേലി നിര്‍മാണം ആരംഭിച്ചു. ചിറവക്കിനും കുപ്പത്തിനുമിടയില് എഴുന്നൂറ് മീറ്റര്‍ നീളത്തിലാണ് ഇരുമ്പ് ഗര്‍ഡര്‍ കൊണ്ടുളള വേലി നിര്‍മിക്കുന്നത്. തളിപ്പറമ്പ് ദേശീയപാതയില്‍ ചിറവക്കിനും കുപ്പത്തിനുമിടയില് പല സ്ഥലത്തും സംരക്ഷണ ഭിത്തി നിര്‍മിക്കാത്തത് വലിയ അപകടഭീഷണി ഉയര്‍ത്തിയിരുന്നു. സ്ഥിരം അപകടമേഖലയായ ഇവിടെ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന ജനങ്ങളുടെ നിരന്തരമായ ആവശ്യം തീര്‍ത്തും അവഗണിക്കുന്ന ദേശീയ പാത അധികൃതര്‍ക്കെതിരെ ജനരോഷവും ഉയര്‍ന്നിരുന്നു. അപകടവളവുകളെ കുറിച്ചും ദേശീയപാതയരികിലെ അപകടകരമായ കുഴികളെക്കുറിച്ചും സുപ്രഭാതം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വലിയ അപകട സാധ്യതയുള്ള ഈ ഭാഗത്ത് സുരക്ഷാ മുന്നറിയിപ്പു ബോര്‍ഡോ വേലിയോ സ്ഥാപിച്ചിട്ടില്ല. ഏകദേശം നാല്പതു മീറ്ററോളം നീളത്തില്‍ റോഡിന്റെ വശം പൂര്‍ണമായും ഇടിഞ്ഞു കിടക്കുകയാണ്. ഈ ഭാഗത്ത് കണ്ടെയ്നര്‍ ലോറി ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ താഴേക്ക് പതിച്ചിരുന്നു. കുപ്പം പാലത്തോട് ചേര്‍ന്ന് ഇരുഭാഗത്തും സംരക്ഷണ വേലി ഒരുക്കുന്നുണ്ട്. ദേശീയപാത കണ്ണൂര്‍ ഡിവിഷന്റെ കീഴില്‍ നടക്കുന്ന പ്രവര്‍ത്തിക്ക് മുപ്പത്തിഅഞ്ചുലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്ന് ദേശീയപാത കണ്ണൂര്‍ ഡിവിഷന് അധികൃതര്‍ പറഞ്ഞു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ഈ ഭാഗത്ത് കാല് നടയാത്രയും ദുഷ്ക്കരമാണ്. വാഹനങ്ങള്‍ താഴേക്കു പതിച്ച് അപകടങ്ങള്‍ നടക്കാറുളള ഭാഗത്ത് വീതികൂട്ടി സംരക്ഷണ ഭിത്തി നിര്‍മ്മിക്കാതെ ഒരുക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ പ്രഹസനമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."