കുട്ടികളെ വെറുതെയിരിക്കാന്‍ അനുവദിച്ചുകൂടെ ?
വലിയ മാറ്റത്തിലൂടെയാണ് പൊതുസമൂഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പഴയ ഗരുശിഷ്യ ബന്ധങ്ങള്‍ ഇല്ലാതായി. മാതാ, പിതാ, ഗുരു, ദൈവം എന്ന പോയകാലത്തെ കാഴ്ചപ്പാടുകള്‍ മാറി. പുതിയ തെറ്റായ പ്രവണതകള്‍ ഗുരുശിഷ്യ ബന്ധങ്ങളില്‍ പിറവിയെടുത്തു. കുട്ടികളുടെ ഭാഗത്തുനിന്ന്, അധ്യാപകരുമായുള്ള ബന്ധം പരിശോധിക്കുമ്പോള്‍ ഇന്ന് കേവലം മെക്കാനിക്കലായ സമീപനം മാത്രമാണ് കാണാന്‍ കഴിയുന്നത്. ക്ലാസ്മുറികളില്‍നിന്ന് പുറത്തുപോയാല്‍ അധ്യാപകനുമായുള്ള ബന്ധം അവസാനിച്ചു. ബസുകളില്‍ തന്റെ ഗുരുവിനെ കണ്ടാല്‍ എഴുന്നേറ്റ് സീറ്റൊഴിഞ്ഞു കൊടുക്കുന്ന ബഹുമാനാദരവുകളൊളൊന്നും ഇന്നില്ല. അധ്യാപകരുടെ ന്യൂനതകള്‍ കണ്ടെത്തി പ്രചരിപ്പിക്കുന്നുവെന്നു മാത്രമല്ല, ഒരുപരിധി കഴിഞ്ഞാല്‍ അവരെ ശാരീരികമായി കൈകാര്യം ചെയ്യാന്‍പോലും മടിക്കാത്ത കുട്ടികളാണ് പല കലാലയങ്ങളിലുമുള്ളത്.
പരീക്ഷകളില്‍ വിജയം നേടാനായി ഏതു മാര്‍ഗവും ഇവര്‍ തേടും. മുന്‍പ് കാര്യസാധ്യത്തിനായി അധ്യാപകരെ കാണുമ്പോള്‍ നല്ലപിള്ള ചമയുകയാണെങ്കില്‍ ഇന്നത് അധ്യാപകന്റെ വീക്ക്‌നസുകളില്‍ കണ്ടെത്തി ചൂഷണം ചെയ്യുകയാണ്. മദ്യപിക്കുന്ന അധ്യാപകനാണെങ്കില്‍ അദ്ദേഹത്തിനു മദ്യം വാങ്ങിക്കൊടുത്ത് വശത്താക്കുന്ന സംഭവങ്ങള്‍ പോലും നാട്ടില്‍ നടന്നിട്ടുണ്ട്. പറഞ്ഞുവരുന്നത്, വിദ്യാഭ്യാസത്തിന്റെ ഉന്നതമായ മൂല്യങ്ങള്‍ക്ക് വിലനല്‍കാത്ത തലമുറയാണ് വളര്‍ന്നുവരുന്നത്. എന്നാല്‍ ഇതിനു വിദ്യാര്‍ഥികളെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല. സമൂഹത്തിന്റെ മൂല്യമില്ലായ്മയുടെയും അധാര്‍മികതയുടെയും പ്രതിഫലനം വിദ്യാര്‍ഥികളില്‍ കണ്ടുതുടങ്ങി എന്നര്‍ഥം. വിദ്യാര്‍ഥിയെ സ്വന്തം മകനോ മകളോ ആയി അധ്യാപകന്‍ പരിഗണിക്കണമെന്നാണ് സമൂഹത്തിന്റെ പൊതു കാഴ്ചപ്പാട്. കഴിവും കഴുവുകേടും കൃത്യമായി മനസിലാക്കാന്‍ ഈ സമീപനം അനിവാര്യവുമാണ്. എന്നാല്‍ മെക്കാനിക്കല്‍ ജീവിതത്തിന്റെ പ്രതിഫലനങ്ങള്‍ അധ്യാപകരില്‍ സന്നിവേശിച്ചതിനാല്‍ ക്ലാസ്മുറി വിട്ടുപോയാല്‍ വിദ്യാര്‍ഥിയെ കുറിച്ച് ചിന്തിക്കാനോ അവരുടെ ഇടപെടലുകള്‍ നിരീക്ഷിക്കാനോ തയാറാകുന്നില്ല. മാനസികതലങ്ങള്‍ പരിശോധിക്കാനോ ആവശ്യമായ ഉപദേശങ്ങള്‍ നല്‍കാനോ അവര്‍ക്ക് സമയമില്ല.
സ്‌കൂളുകളില്‍നിന്ന് കോളജുകളില്‍ എത്തുന്ന വിദ്യാര്‍ഥികളില്‍ പലപ്പോഴും ഒരു അഡ്ജസ്റ്റ്‌മെന്റ് പ്രശ്‌നം കാണുന്നുണ്ട്. പഠനാന്തരീക്ഷം മാറുമെന്നു മാത്രമല്ല, സ്‌കൂളുകളില്‍ പഠിപ്പിച്ചതിനു സമാനമായി എല്ലാം പറഞ്ഞുകൊടുക്കുന്ന സിസ്റ്റമല്ല കോളജുകളിലുള്ളത്. അവിടെ ഗൈഡ് നല്‍കുകയാണ് അധ്യപകര്‍ ചെയ്യുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് എത്രത്തേളം ഗ്രഹിക്കാന്‍ കഴിയുന്നുണ്ട് എന്നതിനെക്കുറിച്ച് ആരും ആലോചിക്കാറില്ല. മികച്ച വിദ്യാര്‍ഥിയാണെങ്കില്‍ പോലും ഈ അഡ്ജസ്റ്റ്‌മെന്റ് പ്രശ്‌നം വരുമ്പോള്‍ അവരില്‍ ടെന്‍ഷന്‍, ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ എന്നിവ ഉണ്ടാകും. ഇതു ക്രമേണ പഠനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അധ്യാപകര്‍ മനസിലാക്കാത്തതും പഠനത്തിലെ പിന്നാക്കത്തെ തുടര്‍ന്ന് കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നതും കുത്തുവാക്കുകളും പരസ്യമായി അപമാനിക്കുന്നതുമെല്ലാം വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെയും ജീവിതത്തെയും വരെ സാരമായി ബാധിക്കാന്‍ പോന്നവയാണ്.
എന്‍ട്രന്‍സുകളില്‍ എങ്ങനെ കൂടുതല്‍ മാര്‍ക്ക് ഉല്‍പാദിപ്പിക്കാം എന്നുമാത്രം പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ ഇത്തരം പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യാമെന്നു കൂടി അറിയേണ്ടതുണ്ട്. ചെറിയ ക്ലാസ് മുതല്‍ കുട്ടികളെ സ്വയംപര്യാപ്തമാക്കുന്നതിനു പകരം എല്ലാം രക്ഷിതാക്കളാണല്ലോ ചെയ്തുകൊടുക്കുന്നത്. ഇതിനെ ഇന്‍ക്യൂബേറ്റര്‍ കണ്‍സപ്റ്റ് എന്നാണു പറയുന്നത്. പുതിയ കോളജ് അന്തരീക്ഷത്തില്‍ കുട്ടികള്‍ക്കു പിന്നില്‍നിന്ന് പിന്തുണക്കാന്‍ രക്ഷിതാക്കളില്ല. അങ്ങനെയുള്ള അന്തരീക്ഷത്തില്‍ ഒറ്റപ്പെടലിന്റെ അനുഭവങ്ങള്‍ അവര്‍ക്കുണ്ടാവും. എന്നാല്‍ ആരോഗ്യ സ്വഭാവമുള്ള അന്തരീക്ഷത്തില്‍നിന്ന് വരുന്ന കുട്ടികളാണെങ്കില്‍ ഈ അഡ്ജസ്റ്റ്‌മെന്റ് പ്രശ്‌നങ്ങള്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തന്നെ തരണം ചെയ്യും. അതായത് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് സാധിക്കും. അതിജീവിക്കാന്‍ കഴിയാത്തവരാണെങ്കില്‍ പൊടുന്നനെ നിശ്ചലമാകും. അങ്ങനെയുള്ളവരുടെ കൈപ്പിടിച്ച് സാന്ത്വനപ്പെടുത്തുന്ന അധ്യാപക സമൂഹം ഇന്നു ചുരുക്കമാണ്. മാത്രമല്ല, തന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഉതകുന്ന സഹപാഠിയെയോ സുഹൃത്തിനെയോ കണ്ടെത്താനുള്ള ശേഷിയും കുട്ടികള്‍ക്കില്ല. ഇവര്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ രക്ഷിതാക്കളോടും പറയില്ല.
ഉയര്‍ന്ന മാര്‍ക്ക് നേടി വലിയ പ്രതീക്ഷകള്‍ നല്‍കി കേളജിലെത്തിയതിനാല്‍ പ്രശ്‌നങ്ങള്‍ രക്ഷിതാക്കളോട് പറയുന്നത് അവരെ വിഷമിപ്പിക്കുമെന്നു പല വിദ്യാര്‍ഥികളും കരുതുന്നു. രക്ഷിതാക്കളോട് പറഞ്ഞാല്‍ തന്നെ അതു മനസിലാക്കാനോ ആവശ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനോ തയാറാകുന്നുമില്ല. മടി കാരണമാണ് ഇത്തരത്തിലുള്ള പരാതികള്‍ ഉന്നയിക്കുന്നതെന്ന് കുറ്റപ്പെടുത്തും. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ വിദ്യാര്‍ഥിക്ക് അധ്യാപകനോ രക്ഷിതാവോ സുഹൃത്തോ ആവശ്യമായ പിന്തുണയോ നിര്‍ദേശങ്ങളോ നല്‍കുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് വിഷാദാവസ്ഥയിലേക്ക് വിദ്യാര്‍ഥികള്‍ എത്തിപ്പെടുന്നത്. ഇതില്‍ നിന്നാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുന്നതും.
അഞ്ചു കുട്ടികളില്‍ ഒരാള്‍ക്ക് ചികിത്സിക്കേണ്ട മാനസിക പ്രശ്‌നമുണ്ടെന്നാണു പ്രമുഖ മനഃശാസ്ത്രജ്ഞനായ ലൂയിസ് റോജസ് മാര്‍ക്കോസ് തന്റെ പഠനത്തില്‍ കണ്ടെത്തിയത്. ഇവരില്‍ വിഷാദാവസ്ഥ 37 ശതമാനം വര്‍ധിച്ചു. 10 മുതല്‍ 14 വയസു വരെയുള്ള കുട്ടികളില്‍ 200 ശതമാനം ആത്മഹത്യാ നിരക്ക് വര്‍ധിച്ചു. ഇതിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടത് വൈകാരികമായി പിന്തുണക്കുന്ന രക്ഷിതാക്കളുടെ അഭാവമാണ്. ആവശ്യമായ പണം, എവിടെ പഠിക്കണം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെങ്കിലും ചേര്‍ത്തുനിര്‍ത്തിയുള്ള വൈകാരിക പിന്തുണ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണു സത്യം. പരിധികളും പരിമിതികളും കുട്ടികളെ പഠിപ്പിക്കുന്നില്ല എന്നത് മറ്റൊരു പ്രശ്‌നമാണ്. ഏറ്റവും ദരിദ്രസാഹചര്യത്തിലുള്ള മാതാപിതാക്കള്‍ പോലും ബൈക്കും കാറും മക്കള്‍ക്ക് ഓഫര്‍ ചെയ്യുന്നു. കടം വാങ്ങിയും മറ്റു വഴികള്‍ തേടിയും ഇതു വാങ്ങിക്കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ കുട്ടികളുടെ കൗമാരഘട്ടത്തില്‍ അവര്‍ക്ക് ആഗ്രഹിച്ചത് ലഭ്യമാകാതിരിക്കുമ്പോള്‍ മാനസികമായി തളരുന്നതാണ് ഇതിന്റെ അനന്തരഫലം.
ഉത്തരവാദിത്വങ്ങള്‍ മക്കളെ ഏല്‍പ്പിക്കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്നതും മുഴുസമയവും പഠിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതും അവരെ മാനസികമായി തളര്‍ത്തുമെന്നതില്‍ സംശയമില്ല. ചെയ്യാന്‍ പ്രാപ്തമായ ജോലികള്‍ അവരെ ഏല്‍പ്പിക്കാന്‍ തയാറാകണം. അടിച്ചുവാരല്‍, വീട് വൃത്തിയാക്കല്‍ തുടങ്ങിയവ ഏല്‍പ്പിക്കാം. സമീകൃത ആഹാരത്തിന്റെ അപര്യാപ്തതയും കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഉറക്കമില്ലായ്മ, വീടിനുള്ളില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കാത്തത്, പുറത്തുപോയി കളിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവയെല്ലാം കുട്ടികളുടെ മാനസികനിലയെ ബാധിക്കുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ ആത്മസുഹൃത്തുക്കളായി മാറുമ്പോള്‍ സാമൂഹിക ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കപ്പെടാതെ പോവുകയാണെന്നതും ആലോചനാ പരിധിയില്‍ കൊണ്ടുവരേണ്ടതാണ്.
വെറുതെയിരിക്കാന്‍ നിങ്ങളുടെ കുട്ടികളെ അനുവദിച്ചാല്‍ അത് നിങ്ങളുടെ മക്കളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ഒരു ജോലിയിലും വ്യാപൃതനാകാതെ വെറുതെയിരിക്കുന്നത് മാതാപിതാക്കളുടെ പക്ഷംചേര്‍ന്ന് ചിന്തിച്ചാല്‍ വന്‍ കുറ്റമാണ്. കുറച്ചുസമയം മറ്റു ജോലികളില്ലാതെ ഒറ്റയ്ക്കിരിക്കുമ്പോള്‍ അവര്‍ സ്വന്തത്തെ കുറിച്ചും ഭാവിയെ സംബന്ധിച്ചും ചിന്തിച്ചുതുടങ്ങുന്നു. എന്നാല്‍ അങ്ങനെയൊരു സമയം മൊബൈല്‍ ഫോണുകള്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. ഒന്നാമനാവുക, മാര്‍ക്ക് ഉല്‍പാദിപ്പിക്കുക എന്നിവ മാത്രം കുട്ടികളോട് രക്ഷിതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ തെറ്റും ശരിയും നിര്‍ണയിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയാതെപോവുകയാണ്.
കോളജുകളില്‍ ചേര്‍ക്കുന്നതിലൂടെ തങ്ങളുടെ ഉത്തരവാദിത്വം തീര്‍ന്നുവെന്ന ധാരണ രക്ഷിതാക്കള്‍ ഒഴിവാക്കണം. അവരുമായി നിരന്തര ബന്ധങ്ങള്‍ എപ്പോഴുമുണ്ടായിരിക്കണം. കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് വഴിതെറ്റുന്നത്. തുടര്‍ന്ന് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരികളില്‍ അഭയം തേടും. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധ്യാപകര്‍ക്ക് പരിമിതികളുണ്ടല്ലോ. അതുകൊണ്ടുതന്നെ രക്ഷിതാക്കള്‍ക്കു തന്നെയാണ് ഇത്തരം മേഖലകളിലേക്ക് കുട്ടികള്‍ എത്തിപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളത്. അധ്യാപക വിദ്യാര്‍ഥി അനുപാതം കൂടുതലായതിനാല്‍ തന്നെ കുട്ടികളെ സംബന്ധിച്ച് അധ്യാപര്‍ക്ക് പൂര്‍ണമായും അറിയുക സാധ്യമല്ല.
പ്രതിവിധികള്‍ എന്തൊക്കെ ?
* കുട്ടികളെ വളര്‍ത്തുമ്പോള്‍ അവര്‍ക്ക് ചില പരിമിതികളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് മികച്ച മക്കളെ നിര്‍മിക്കാനുള്ള പ്രതിവിധികളിലൊന്ന്. കപ്പലിലെ കപ്പിത്താനെ പോലെ കുട്ടികളെ നയിക്കേണ്ടത് രക്ഷിതാക്കളാണ്. അമിതപ്രതീക്ഷകള്‍ നല്‍കരുത്. സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള സമീപനങ്ങളാകണം വേണ്ടത്. ചോദിക്കുന്നതെല്ലാം നല്‍കാതെ ആവശ്യമുള്ളതു മാത്രം നല്‍കുക എന്ന സമീപനമാണ് സ്വീകരിക്കേണ്ടത്.
* ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും കണ്ടെത്താന്‍ രക്ഷതാക്കള്‍ വഴിയൊരുക്കണം. നടത്തം, സൈക്ലിങ്, പക്ഷിനിരീക്ഷണം തുടങ്ങിയ പുറംലോകം അനുഭവിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുക.
* കുടുംബങ്ങളില്‍ പരസ്പര ആശയവിനിമയത്തിനുള്ള സമയം കണ്ടെത്തുക. ഭക്ഷണം കഴിക്കുന്ന സമയം ഇതിനായി ഉപയോഗപ്പെടുത്താം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഇതിനിടെ മൊബൈല്‍ ഉള്‍പ്പെടെയുള്ളവ മാറ്റിവച്ച് പരസ്പര സംഭാഷണവുമാകാം.
* കുട്ടികളുടെ പ്രായത്തിനനുസരിച്ച് അവരുമായി കളികളില്‍ ഏര്‍പ്പെടുക. മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ചെസ്, ലുഡോ, ബാഡ്മിന്റണ്‍ എന്നിവ.
* ഹോംവര്‍ക്കുകള്‍ രക്ഷിതാക്കള്‍ ചെയ്തുകൊടുക്കരുത്. ഇക്കാര്യത്തില്‍ കുട്ടികളെ സ്വയം പര്യാപ്തമാക്കണം. ഭക്ഷണം ഉരുളയാക്കി നല്‍കുന്ന, പഴത്തിന്റെ തൊലി ഉരിഞ്ഞുകൊടുക്കുന്ന രക്ഷിതാക്കള്‍ ഇന്നുണ്ട്. എന്നാല്‍ കുട്ടികള്‍ കോളജുകളില്‍ എത്തുമ്പോള്‍ ഈ പിന്തുണ ഇല്ലാതാകുമ്പോള്‍ അവര്‍ തളരും.
* ഉറക്കക്രമം നിശ്ചയിക്കുക. നേരം വൈകി ഉറങ്ങുകയും രാവിലെ വൈകി എഴുന്നേല്‍ക്കുന്നതും ശരിയായ ജീവിതചര്യയല്ല. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്ന ശീലമാണു വേണ്ടത്. അപ്പോള്‍ മാത്രമാണ് മസ്തിഷ്‌കത്തിന് ആവശ്യമായ വിശ്രമം ലഭിക്കുകയുള്ളൂ. പഠനത്തിലെ ശ്രദ്ധയ്ക്കും ഓര്‍മശക്തിക്കും ഉറക്കക്രമം നിര്‍ബന്ധമാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഫോണുകള്‍ മാറ്റിവയ്ക്കണം.
* തെറ്റുകളില്‍ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിക്കുക. കുട്ടികള്‍ തെറ്റു ചെയ്താല്‍ അത് തെറ്റാണെന്നു തന്നെ പറയണം. ചെറിയ കുട്ടിയല്ലേ, തെറ്റു ചെയ്താല്‍ എന്താണ് പ്രശ്‌നം, വലുതായില്ലല്ലോ എന്ന ധാരണ ഒഴിവാക്കണം.
* ക്ഷമ പഠിപ്പിക്കുക. ഇപ്പോള്‍ ലഭിക്കണം എന്ന മനോഭാവത്തില്‍ മാറ്റമുണ്ടാകണം. ആഗ്രഹിച്ചത് ലഭിച്ചില്ലെങ്കില്‍ അതിനായി ക്ഷമയോടെ കാത്തിരിക്കാനുള്ള സ്വഭാവത്തിലേക്ക് അവരെ എത്തിക്കണം.
* പൊതുസ്ഥലങ്ങളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. കാറില്‍ യാത്ര ചെയ്യുമ്പോഴും ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കുമ്പോഴും കുട്ടികള്‍ ഫോണില്‍ നോക്കുകയായിരിക്കും. സമീപത്ത് ആരെല്ലാം ഉണ്ട്, വസ്ത്രരീതി, ചുറ്റുപാടുകള്‍ എന്നിവയൊന്നും ഇവര്‍ ശ്രദ്ധിക്കില്ല. പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുക. ആളുകളെയും ചുറ്റുപാടിനെയും കുട്ടികള്‍ നിരീക്ഷിക്കുമ്പോഴാണ് അവരുടെ ബ്രയിനില്‍ സാമൂഹിക ബോധമുണ്ടാക്കുന്ന ചിന്തകളുണ്ടാവുക.
* വൈകാരിക പിന്തുണ നല്‍കുക. പ്രശ്‌നങ്ങളുണ്ടായാല്‍ പിന്തുണ നല്‍കാന്‍ മതാപിതാക്കളുണ്ടെന്ന ചിന്ത കുട്ടിക്കുണ്ടാവണം. ഇതു ധൈര്യം നല്‍കും. അവരെ കാണുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കണം. ചിരിക്കുക, ആശ്ലേഷിക്കുക, കൂടെ കളിക്കുക.
* ദേഷ്യം, ദുഃഖം തുടങ്ങിയ വികാരങ്ങളെ തരണം ചെയ്യാന്‍ കുട്ടികളെ സ്വയം പര്യാപ്തമാക്കുക. അവരെ സമാശ്വസിപ്പിക്കാന്‍ ഓടിയടുക്കരുത്. അവര്‍ ക്രമേണ സാധരണ നിലയിലേക്കെത്തട്ടെ.
* തെറ്റുകള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും പഠിപ്പിച്ചുകൊടുക്കുക. വിദ്യാര്‍ഥികളുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ കോളജുകളിലും കൗണ്‍സലിങ് സെന്ററുകള്‍ ആവശ്യമാണ്. ചില സ്ഥാപനങ്ങളില്‍ ഇത്തരം സംവിധാനങ്ങളുണ്ട്. എന്നാല്‍ ഇതു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ആദ്യം വേണ്ടത് അധ്യാപകര്‍ക്ക് ആവശ്യമായ ട്രെയിനിങ്ങുകള്‍ കൊടുക്കുകയാണ്.
* രക്ഷാകര്‍തൃ യോഗങ്ങളില്‍ പങ്കെടുക്കുക. വിദ്യാലയങ്ങളിലെത്തി കുട്ടികളുടെ പഠന നിലവാരം അന്വേഷിക്കണം. അധ്യാപകരോട് മാത്രം കാര്യങ്ങള്‍ ചോദിച്ചാല്‍ പോരാ, സുഹൃത്തുക്കളോടും കാര്യങ്ങള്‍ ചോദിച്ചറിയണം.
(കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജ് സൈക്യാട്രി പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."