ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടി കരിങ്കല്ലത്താണി
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് എസ്.ടി.യു
തച്ചനാട്ടുകര: കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന കരിങ്കല്ലത്താണി ടൗണില്‍ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ മലപ്പുറംപാലക്കാട് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പട്ടണത്തില്‍ പലപ്പോഴും മണിക്കൂറുകള്‍ കുടുങ്ങിക്കിടക്കേണ്ട ദയനീയ സ്ഥിതിയാണുള്ളത്. ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയിലേക്കും, പെരിന്തല്‍മണ്ണയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് അടിയന്തിര വിദഗ്ധ ചികിത്സകള്‍ക്കായി കോയമ്പത്തൂരിലെ ആശുപത്രികളിലേക്കും പോകുന്ന ആംബുലന്‍സുകള്‍ക്ക് പോലും പലപ്പോഴും ഈ ബ്ലോക്കില്‍ കുടുങ്ങി കിടക്കേണ്ട ദുരവസ്ഥയുണ്ടാവാറുണ്ട്. ദേശീയപാതയില്‍ നിന്നും തൂത വെട്ടത്തൂര്‍ റോഡുകളിലേക്കുള്ള ഓവുപാലങ്ങള്‍ നിര്‍മിക്കുന്നത് കാരണമാണ് നേരത്തേയുണ്ടായിരുന്ന ഗതാഗത കുരുക്ക് പത്തിരട്ടിയായി അനുഭവപ്പെടാന്‍ തുടങ്ങിയത്. ദേശീയപാതാ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയറിംങ് ഫെഡറേഷന്‍ എസ്.ടി.യു കരിങ്കല്ലത്താണി യൂനിറ്റ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കെ.എം.എ തങ്ങള്‍ അധ്യക്ഷനായ യോഗം സംസ്ഥാന കൗണ്‍സിലര്‍ പി.ടി സലാം ഉദ്ഘാടനം ചെയ്തു. കപ്പുര്‍ അബ്ദുല്‍ ഖാദര്‍, അയ്യൂബ് മാന്തോണി, ബക്കര്‍ പിലാക്കല്‍, അബ്ദു ആറ്റുപുറത്ത്, അബ്ബാസ് സംസാരിച്ചു. കെ.കെ മുഹമ്മദലി സ്വാഗതവും ഹംസ കോന്നാടന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."