വായനക്കാരനെ കണ്ടുവേണം എഴുതാന്‍
എഴുത്തുകാരെ താരങ്ങളായി കാണുകയും വായനക്കാര്‍ താരാരാധകരായി മാറുന്ന പ്രവണതയും ഇന്ന് മലയാളത്തിലുണ്ടെന്നാണ് വിശ്വസിക്കുന്നത്. താരമൂല്യം ഉണ്ടെന്ന് ഉറപ്പിക്കാനായി ചില എഴുത്തുകാര്‍ സ്വമേധയാ ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. ബുക്കിന്റെ പ്രമോഷന്‍ എന്ന വസ്തുത അല്ല പരാമര്‍ശിക്കുന്നത്. സമൂഹത്തിലും മാധ്യമങ്ങളിലും ഒരു 'ഹൈപ്പ്' ഉണ്ടാക്കിയെടുക്കുക എന്നത്, പുസ്തകങ്ങളുടെ വിപണനത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നുണ്ട് ഇന്നത്തെ എഴുത്തുകാര്‍. വായനക്കാരിലേക്ക് എഴുത്തുകള്‍ എത്തും മുന്‍പേ എഴുത്തുകാരനും എഴുത്തുകാരിയും ഇന്ന് വായനക്കാരിലേക്ക് എത്തി, സ്വാധീനിക്കുന്ന തരത്തിലേക്ക് ഉള്ള പ്രകടനപരത, കുറേയേറെ ശതമാനം വായനക്കാരെ ബയാസ്ഡ് ആക്കുന്നുണ്ട്. അഥവാ ഇത്രയും താരത്തിളക്കമുള്ള ഏതോ അമാനുഷികനായ വ്യക്തിയോടുള്ള ആരാധന എന്ന പേരില്‍ പുസ്തകം വാങ്ങാനോടുകയും പുസ്തകം വായിക്കുകയും ചെയ്യുന്ന ഒരു വിഭാഗം വായനക്കാരെയും കാണാം. സെലിബ്രേറ്റ് ചെയ്യപ്പെടാതെ പോകുന്ന അനേകം നല്ല കൃതികള്‍ ഈ കാട്ടിക്കൂട്ടലുകളില്‍ തഴയപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിനെപ്പറ്റി?
തീര്‍ച്ചയായും അതെ. ദിവ്യ പറഞ്ഞതു പോലെ സമൂഹത്തിലും മാധ്യമങ്ങളിലും ഒരു ഹൈപ്പ് ഉണ്ടാക്കിയെടുക്കുക എന്നത് എഴുത്തുകാരുടെ സ്വയം വിപണനരീതിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിദേശങ്ങളില്‍ ഈ പ്രവണത മുന്നേ ഉണ്ടായിരുന്നുവെന്നാണ് തോന്നുന്നത്. മലയാളത്തില്‍ അടുത്തകാലത്താണ് ഇത്തരം താരാരാധന പ്രകടമായിത്തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെ എഴുത്തുകാരും വായനക്കാരും മുഖാമുഖം കാണുന്നതു കൊണ്ടുതന്നെ പുതിയകാലത്ത് ഇത്തരം ആരാധന സൃഷ്ടിക്കാന്‍ വലിയ ബുദ്ധിമുട്ടില്ലാതെ തന്നെ സാധിക്കും. പുസ്തകങ്ങളുടെ വില്‍പ്പന കൊണ്ട് ഏറ്റവും ലാഭമുണ്ടാക്കുന്നത് പ്രസാധകരാണ്. പുസ്തകവിപണി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രസാധകര്‍ തന്നെയാണ് കൂടുതലായും ഇത്തരം ഹൈപ്പുകള്‍ സൃഷ്ടിക്കുന്നത്. അതില്‍ത്തന്നെ ആരെല്ലാം എങ്ങനെയെല്ലാം സെലിബ്രേറ്റ് ചെയ്യപ്പെടണമെന്ന് വ്യക്തമായ ഉദ്ദേശ്യവുമുണ്ട്. കൃതികളുടെ ഉള്ളടക്കമോ മേന്മയോ ഇത്തരം പരിഗണനകള്‍ക്ക് മാനദണ്ഡമാവുന്നുമില്ല. കൊട്ടിഘോഷിക്കപ്പെട്ട എഴുത്തുകാരുടെ കൃതികള്‍ വായിച്ച് നിരാശരാവുന്ന വായനക്കാരുടെ കാര്യംകൂടി ആലോചിക്കേണ്ടതുണ്ട്. രാജാവ് നഗ്‌നനാണെന്ന് പറയാന്‍ കഴിയാതെ പോകുന്നവരാണവര്‍. ഇത്രയേറെ പ്രകീര്‍ത്തിക്കപ്പെട്ട എഴുത്തുകാരന്റെ പുസ്തകം ഇഷ്ടമായില്ല എന്നു പറഞ്ഞാല്‍ എന്തോ അപാകതയില്ലേ എന്നു ശങ്കിക്കുന്നവരാണ് പലരും. സ്വകാര്യസംഭാഷണങ്ങളില്‍ പലരും ഇക്കാര്യം സൂചിപ്പിക്കാറുണ്ട്.
ഒരിക്കല്‍ ക്യാംപില്‍ വച്ച് ഒരു കോളജ് വിദ്യാര്‍ഥിനി പറയുകയുണ്ടായി, ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ഇന്ന വ്യക്തിയാണെന്ന്. സ്വാഭാവികമായും പ്രസ്തുത വ്യക്തിയുടെ ചില രചനകളെക്കുറിച്ച് ചോദ്യമുണ്ടായപ്പോള്‍ കുട്ടി തുറന്നുപറഞ്ഞു, തനിക്ക് വായനയൊന്നും ഇല്ലെന്നും എല്ലാവരും പറഞ്ഞുകേള്‍ക്കുന്ന ഒരു പേരായതുകൊണ്ട് പറഞ്ഞതാണെന്നും. പലരുടെയും രചനകളുടെ മൗലികത പോലും വിവാദമായ സാഹചര്യമുണ്ടായിട്ടും അതെല്ലാം നിസാരമാക്കിക്കളയുന്ന കാലമാണ്. പ്രകടപരതക്ക് ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനാവുമല്ലോ. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ആഘോഷങ്ങള്‍ നടക്കുന്നിടത്ത് ആള്‍ക്കൂട്ടമുണ്ടാവും. എങ്കിലും ഇത്തരം തന്ത്രങ്ങള്‍ക്ക് എല്ലാക്കാലത്തും എല്ലാവരെയും കബളിപ്പിക്കാനാവില്ല. എത്ര പാടിപ്പുകഴ്ത്തിയാലും ആഴമില്ലാത്ത സൃഷ്ടിയെ കാലം എഴുതിത്തള്ളും.
അതേസമയം ഒരു നല്ല കൃതി എല്ലായ്‌പ്പോഴും അര്‍ഹരായ വായനക്കാരുടെ കയ്യിലേക്ക് എത്തുന്നില്ല എന്നത് ദുഃഖകരമായ ഒരു സത്യവുമാണ്. ഈ കാട്ടിക്കൂട്ടലുകളിലൊന്നും ഉള്‍പ്പെടാതെ പോവുന്ന നല്ല എഴുത്തുകളുണ്ട്. ചൈനീസില്‍ നിന്നു മൊഴിമാറ്റം ചെയ്ത ചെറുകഥകളും കവിതകളുമുള്ള ഒരു നല്ല പുസ്തകം കയ്യില്‍വന്നതോര്‍ക്കുന്നു. ഓരോ വരിയും ഹൃദയത്തെ തൊടുന്നതായിരുന്നു. തീര്‍ത്തും അപരിചിതരായ ഒരു കൂട്ടം എഴുത്തുകാരുടെ കൃതികളായിരുന്നു അവ.
ഓരോ തവണയും പുസ്തകശാലയിലോ ലൈബ്രറിയിലോ സെക്കന്റ് ഹാന്റ് പുസ്തകങ്ങള്‍ വില്‍ക്കുന്നിടത്തോ പോകുമ്പോള്‍ അജ്ഞാതനായ ഒരു എഴുത്തുവ്യക്തിയുടെ പുസ്തകം കയ്യില്‍ വന്നു ചേരുമെന്ന് പ്രതീക്ഷിക്കാറുണ്ട്. മനസിനെ ആഹ്ലാദിപ്പിക്കുന്ന ഒരു വായനാനുഭവത്തിനുള്ള കാത്തിരിപ്പാണ് പുസ്തകങ്ങള്‍ തിരഞ്ഞുള്ള ഓരോ യാത്രയും.
യാഥാസ്ഥിതിക രീതികളില്‍ നിന്ന് മാറി, കുറച്ച് കൂടി സുതാര്യമായ എഴുത്തുകള്‍ മലയാളത്തില്‍ സംഭവിക്കുന്നുണ്ട്. ലോകത്ത് മുഴുവനും നൂതനമായ പല എഴുത്തുരീതികള്‍ പരീക്ഷിക്കപ്പെടുന്നു. അത്തരം രീതികളെ ശ്രദ്ധിക്കുന്ന പുതിയ തലമുറയിലെ കുറേയേറെ എഴുത്തുകാര്‍, അത്തരം മാറ്റങ്ങളെ സ്വന്തം എഴുത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുന്നു. എന്നാല്‍ ചില എഴുത്തുപരീക്ഷണങ്ങള്‍ കൃത്രിമത്വം നിറഞ്ഞ കൃതികളായി പരിണമിക്കുകയും ചെയ്യുന്നുണ്ട്. ഷീബയുടെ നോവലിലും ചെറുകഥകളിലും ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. പരീക്ഷണശ്രമങ്ങളേക്കാളുപരി, തികച്ചും സാധാരണമായ ആഖ്യാനങ്ങളിലൂടെ കഥ പറയാന്‍ ശ്രമിച്ചിരിക്കുന്നു എന്നതാണ് അത്. പക്ഷേ, ഓരോ വരികളിലും നിലനിര്‍ത്തിയിരിക്കുന്ന സൂക്ഷ്മതയും ആഴവും എഴുത്തുകാരിയുടെ ഗൗരവതരമായ സമീപനത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നുണ്ട്. പുറമേ കാണിക്കാന്‍ ശ്രമിക്കുന്ന മനോഹാരിതയേക്കാള്‍ ഉള്ളടക്കത്തിന്റെ ഭദ്രതയും കരുത്തുമാണ് ഷീബയുടെ എഴുത്തുകള്‍. സ്വന്തം എഴുത്തുരീതികളെ എങ്ങനെ വിലയിരുത്തുന്നു?
പഴയതും പുതിയതുമായ എഴുത്തുകള്‍ വലുപ്പച്ചെറുപ്പമില്ലാതെ വായിക്കാറുണ്ട്. എഴുത്തിലെ പരീക്ഷണങ്ങള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും തുറന്ന എഴുത്തുകളോടാണ് വായനക്കാരി എന്ന നിലയില്‍ താല്‍പര്യം. വല്ലാതെ വലിച്ചുനീട്ടിയാണ് ചിലരെങ്കിലും എഴുതുന്നത്. മന:പൂര്‍വ്വം ദുര്‍ഗ്രാഹ്യത വരുത്താന്‍ ശ്രമിച്ചെഴുതുന്നവരുമുണ്ട്. എഴുതുന്നത് പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ വായനക്കാരെക്കൂടി പരിഗണിക്കേണ്ടതുണ്ട്. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ വായനക്കായി സമയം കണ്ടെത്തുന്നവര്‍ തന്നെ കുറവാണ്. വളരെ കഷ്ടപ്പെട്ട് ദുര്‍ഗ്രാഹ്യമായ രചനകള്‍ വായിക്കാന്‍ താല്‍പര്യമുള്ള എത്രപേര്‍ ഉണ്ടാവും. വളച്ചുകെട്ടി ദീര്‍ഘമായി സംസാരിക്കുന്ന വ്യക്തികളെ കണ്ടാല്‍ മിക്കവാറും പേര്‍ അവരില്‍ നിന്ന് ഓടിപ്പോകാനാവും ആഗ്രഹിക്കുക. എഴുത്തിലും അതുതന്നെയാണ് അവസ്ഥ.
പറയാനുള്ളത് കഴിയുന്നത്ര ലളിതമായി പറയാനാണ് ശ്രമിക്കുന്നത്. എന്റെ കഥ വായിച്ച് ഒന്നും മനസിലായില്ല എന്ന് പറയുന്ന ഒരു അവസ്ഥയുണ്ടാവാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ എങ്ങനെയാണോ മറ്റുള്ളവരോട് ഇടപെടുന്നത് അതുപോലെതന്നെ എഴുത്തിലുമാവാനാണ് ശ്രമിക്കുന്നത്.
ശക്തമായ തോന്നല്‍ ഉണ്ടാവുമ്പോള്‍ മാത്രമേ എഴുതാറുള്ളൂ. ഒന്നും എഴുതാത്ത കാലങ്ങളുണ്ട്. വായനയും പാട്ടുകളും സിനിമയും യാത്രയും പാചകവും ഒക്കെയായി ഉള്ളിലെ ശൂന്യത നികത്താന്‍ ശ്രമിക്കുന്ന ആ കാലവും എനിക്കു പ്രിയപ്പെട്ടതാണ്. പലതവണ വായിച്ചുനോക്കി ബോധ്യപ്പെട്ടാലേ തിരുത്തിയെഴുതി പ്രസിദ്ധീകരിക്കാന്‍ കൊടുക്കുകയുള്ളൂ. ഒരുവര്‍ഷം ഇത്ര കഥ, അല്ലെങ്കില്‍ ഇത്ര പുസ്തകം അങ്ങനെയൊരു പ്ലാന്‍ വച്ച് എഴുതാന്‍ കഴിയില്ല. സര്‍ക്കാര്‍ ജോലിയാണ് ഉപജീവനമാര്‍ഗ്ഗം. അതുകൊണ്ടുതന്നെ ഔദ്യോഗികമായ ഉത്തരവാദിത്തങ്ങള്‍ക്ക് പലപ്പോഴും എഴുത്തിനേക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടിവരുന്നുണ്ട്. ചിന്തിച്ചിരിക്കാനും മനനം ചെയ്യാനുമാവാതെ വാക്കുകള്‍ പിണങ്ങിപ്പോവുന്നത് കണ്ടുനില്‍ക്കാറുമുണ്ട്. എങ്കിലും ജോലിചെയ്യുന്നതും ചെറുതല്ലാത്ത ആഹ്ലാദം തരുന്നുണ്ട്. ഒരേസമയം മൂന്നു വ്യക്തികളായി ജീവിക്കുക എന്നത് രസകരമല്ലേ. വീട്ടിലെ ഞാന്‍, ഓഫിസിലെ ഞാന്‍, എഴുത്തിലെ ഞാന്‍ എല്ലാം ചേര്‍ന്നുള്ള ആരോഹണാവരോഹണങ്ങള്‍ അസ്വസ്ഥതകളും ആഹ്ലാദങ്ങളും തരുന്നുണ്ട്.
കഥകള്‍ പലപ്പോഴും വലിയ തയ്യാറെടുപ്പുകളില്ലാതെ എഴുതാന്‍ കഴിയും. തിരുത്തല്‍ വരുത്താനാണ് സമയമെടുക്കുന്നത്. നോവലുകള്‍ പക്ഷേ അങ്ങനെയല്ല. രണ്ടു നോവലുകളിലും തെരഞ്ഞെടുത്ത വിഷയങ്ങള്‍ വര്‍ഷങ്ങളോളം ഉള്ളില്‍ കൊണ്ടുനടന്നതാണ്. ദുനിയയില്‍ വര്‍ഗ്ഗീയതയും മഞ്ഞ നദികളുടെ സൂര്യനില്‍ നക്‌സലിസവും തെരഞ്ഞെടുത്തത് യാദൃച്ഛികമായിട്ടല്ല. അങ്ങനെയേ ആ വിഷയങ്ങളില്‍ എനിക്ക് ഇടപെടാന്‍ കഴിയുമായിരുന്നുള്ളൂ. സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന വിഷയമല്ല എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എഴുതുമ്പോള്‍ സ്ത്രീയാണ് എന്നൊന്നും തോന്നിയിട്ടേയില്ല. എഴുതുമ്പോള്‍ ഉള്ളിലുള്ള അര്‍ധനാരീശ്വരനെയാണ് കാണാനാവുക.
പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളെപ്പറ്റി ഗൗരവതരമായ ചര്‍ച്ചകളോ പഠനങ്ങളോ നടക്കുന്നില്ല എന്ന് പറഞ്ഞാല്‍ ശരിയാണോ? എഴുത്തുകാരെ നടുക്കിരുത്തി, ആകാശം മുട്ടെ പുകഴ്ത്തുന്ന ചര്‍ച്ചകള്‍ യഥാര്‍ഥത്തില്‍ വായനക്കാരനോ മലയാള സാഹിത്യത്തിനോ എന്തെങ്കിലും പ്രയോജനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
എഴുത്തുകാരുടെ ആധിക്യം ഇന്ന് മലയാളത്തിലുണ്ട്. മുന്‍പ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നു പറഞ്ഞാല്‍ വലിയ ബഹുമാനമാണ്. ഇന്നങ്ങനെയല്ല സ്ഥിതി. ആര്‍ക്കും എത്ര പുസ്തകങ്ങളും ഇറക്കാം. ആഘോഷമായി സ്വന്തം ചെലവില്‍ പുസ്തകപ്രകാശനങ്ങളും ചര്‍ച്ചയുമൊക്കെ നടത്തുന്നതും വലിയ കാര്യമല്ല. പുതിയ എഴുത്തുകാരില്‍ ചിലരുടെയെല്ലാം പുസ്തകങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ട്. അവ എത്രമാത്രം ഗൗരവമുള്ളതാണെന്നറിയില്ല. എഴുത്തുകാരോട് അഭിമുഖസംഭാഷണം നടത്താന്‍ വരുന്നവര്‍ പോലും രചനകളൊന്നും വായിക്കാതെ വരാനുള്ള ധൈര്യം കാണിക്കുന്നുവെന്നതാണ് ദയനീയമായ ഒരു അവസ്ഥ. ചര്‍ച്ചകള്‍ക്കു വരുന്നവര്‍ പലപ്പോഴും വായനയെ ഗൗരവമായി എടുക്കുന്നവര്‍ പോലുമല്ല. വളരെ ലാഘവത്തോടെ ഒരു പരിപാടിക്കുവരുന്നു, സുഹൃത്തുക്കളുമൊത്ത് അല്‍പനേരം ഉല്ലസിച്ചു മടങ്ങുന്നു.
ഒരു പ്രമുഖപത്രം സംഘടിപ്പിച്ച സാഹിത്യക്യാംപില്‍ വളരെ പ്രശസ്തനായ കവിയോട് സംസാരിക്കാനുള്ള ഇടവേളയില്‍ ഒന്നും മിണ്ടാതെ തുറിച്ചു നോക്കിക്കൊണ്ടിരുന്ന കുട്ടികളെക്കണ്ടത് ഓര്‍ക്കുന്നു. കവിയോടെന്നല്ല, ആരോടും ഒന്നും ചോദിക്കാനില്ലായിരുന്നു ആ കുട്ടികള്‍ക്ക്.
എഴുത്തുകാരെ നടുക്കിരുത്തി പുകഴ്ത്തുന്ന ചര്‍ച്ചകള്‍ എഴുത്തുകാരനെ മിഥ്യയായ ഒരു ലോകത്ത് എത്തിക്കും. കുറച്ചു പുസ്തകങ്ങള്‍ വില്‍പ്പന നടന്നേക്കും. എന്നിരുന്നാലും ചിലയിടങ്ങളിലെങ്കിലും ഗൗരവമുള്ള വായനയും ചര്‍ച്ചയും ഉണ്ടാവുന്നുണ്ട് എന്നത് അവഗണിക്കാനാവില്ല. വസ്തുനിഷ്ഠമായ വിമര്‍ശനങ്ങളും അര്‍ഹതക്കുള്ള അംഗീകാരവുമുണ്ടെങ്കില്‍ എഴുത്തുകാരന് അതു ഗുണംചെയ്യും.
സ്വന്തം ജീവിതാനുഭവങ്ങളും അതില്‍ നിന്നുണ്ടാകുന്ന യുക്തിബോധവുമാണ് ഒരു എഴുത്തുകാരനെ കൂടുതല്‍ കരുത്തുള്ളവനാക്കുന്നത്. പല എഴുത്തുകാരും, തങ്ങളുടെ പുസ്തകങ്ങള്‍ക്കു വേണ്ടി നടത്തിയിട്ടുള്ള സഞ്ചാരങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും ഒക്കെ ഒട്ടനവധി വായിച്ച് കേട്ടിട്ടുള്ളവരാണ് നമ്മള്‍. എത്രയേറെ തയ്യാറെടുപ്പുകള്‍ എഴുത്തില്‍ ഉണ്ടാകാറുണ്ട് എന്നറിയാന്‍ താത്പര്യമുണ്ട്?
പഴയകാലത്ത് അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കുമായി എഴുത്തുകാരന് നിരന്തരം സഞ്ചരിക്കാതെ കഴിയുമായിരുന്നില്ല. ഇന്നുപക്ഷെ അങ്ങനെയല്ല അവസ്ഥ. ഇന്റര്‍നെറ്റും സാങ്കേതികവിദ്യകളും ലോകത്തിന്റെ ഏതു മുക്കുംമൂലയും സുപരിചിതമാക്കിത്തീര്‍ത്തിരിക്കുന്നു. മുന്‍കാലങ്ങളില്‍ എഴുതുമ്പോള്‍ സംശയം വല്ലതും വന്നാല്‍ അറിവുളളവരോട് ചോദിച്ചു മനസിലാക്കണമായിരുന്നു. ഒരുപക്ഷേ അത് ഒരിക്കലും നടന്നില്ലെന്നു വരാം. ഇന്നിപ്പോള്‍ വിരല്‍ത്തുമ്പില്‍ എല്ലാ വിവരങ്ങളുമുണ്ട്. സാങ്കേതികവിദ്യയെ നല്ലരീതിയില്‍ ഉപയോഗിക്കുന്നുണ്ട് മിക്ക എഴുത്തുകാരും. സാങ്കേതികവിദ്യ കൊണ്ടുമാത്രം എഴുതാനാവില്ല. അതിനൊപ്പം ഭാവനയും ഭാഷയും വേണം.
എഴുത്തുകാരേക്കാള്‍ ബുദ്ധിമാന്‍മാരായ വായനക്കാരെ മുന്നില്‍ക്കണ്ടുവേണം ഇന്ന് രചന നടത്താന്‍. മുന്‍പത്തെപ്പോലെയല്ല, വായനക്കാരന് ഇന്ന് എഴുത്തുകാരനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ വായനക്കാരുടെ ചോദ്യങ്ങള്‍ മുന്നില്‍ക്കണ്ടു വേണം എഴുത്തിനെ സമീപിക്കാന്‍. അശ്രദ്ധമായി എഴുതിപ്പോകുന്ന ചെറിയൊരു വാക്കുപോലും കണ്ടുപിടിച്ച് എഴുത്തുകാര്‍ ഭാവനയില്‍പ്പോലും കാണാത്ത അര്‍ഥതലങ്ങള്‍ പറഞ്ഞുതരുന്ന വായനക്കാരുണ്ട്. ചെറിയൊരു വിഭാഗമാണെങ്കിലും അവരെക്കൂടി ഉള്ളില്‍ക്കണ്ടു വേണം രചന നടത്താന്‍ എന്നതുകൊണ്ടുതന്നെ രണ്ടോ മൂന്നോ തവണ എഡിറ്റിങ് നടത്തിയാലും ആശങ്ക ബാക്കി നില്‍ക്കാറുണ്ട്.
നക്‌സലിസത്തെക്കുറിച്ചൊക്കെ എഴുതിയപ്പോള്‍ പലരുടെയും അനുഭവങ്ങള്‍ അറിയാനും പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാനും ശ്രമിച്ചിട്ടുണ്ട്. കക്കയവും ഉരക്കുഴി വെള്ളച്ചാട്ടവും പൊലിസ് ക്യാംപിന്റെ പരിസരങ്ങളുമൊക്കെ കണ്ടത് വല്ലാത്തൊരു അനുഭവമായിരുന്നു. നാട്ടുകാരനും അധ്യാപകനുമായ മാവുള്ളി പ്രഭാകരന്‍ മാഷിനെപ്പോലുള്ള പഴയ വിപ്ലവകാരികളില്‍ നിന്നാണ് ക്യാംപിലെ പീഡാനുഭവങ്ങളൊക്കെ അറിയാനായത്. പൊലിസ് മര്‍ദനത്തിന്റെ ഇരയായിരുന്ന മാഷിന് കാഴ്ചശക്തി നഷ്ടമായിരുന്നു. നോവലിന്റെ കരട് തയ്യാറാക്കിയിട്ടും എങ്ങനെ തുടങ്ങണമെന്നറിയാതെ, കുറേ മാസങ്ങള്‍ ഒന്നും എഴുതാനാവാതെ സംഘര്‍ഷം അനുഭവിച്ചിട്ടുണ്ട്.
പുസ്തകം എഴുതിത്തീര്‍ന്നോ എന്ന പ്രഭാകരന്‍ മാഷിന്റെ പ്രതീക്ഷയും വല്ലാത്ത ആധിയുണ്ടാക്കി. എനിക്കോ മാഷിനോ എന്തെങ്കിലും സംഭവിക്കുമോ എന്നൊരു വേവലാതിയാണ് എഴുത്തിനെ മുന്നോട്ടുകൊണ്ടുപോയത്. പ്രസിദ്ധീകരിച്ചശേഷം അതുമുഴുവന്‍ ഭാര്യയെക്കൊണ്ട് വായിപ്പിച്ചു കേട്ട് ഏറെ ആഹ്ലാദത്തോടെ മാഷ് എന്നെ വിളിച്ചു സംസാരിച്ചു. അഭിമാനകരമായ നിമിഷമായിരുന്നു അത്.
നോവലിന് ആ വര്‍ഷത്തെ ബഷീര്‍ പുരസ്‌കാരം ലഭിച്ചതില്‍ മാഷിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടായിരുന്നു. പുസ്തകം ഇറങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വേര്‍പാട്.
പ്രളയകാലത്ത് ഗതാഗതം താറുമാറായ ദിവസങ്ങളായിരുന്നു. അവസാനമായി ഒന്നു കാണാന്‍പോലും കഴിഞ്ഞില്ല. ദിവസങ്ങള്‍ക്കു ശേഷം ആ വീട്ടില്‍ പോയപ്പോള്‍ എപ്പോഴും ആ നോവല്‍ മാഷിന്റെ കൂടെയുണ്ടായിരുന്നുവെന്നും ഇടക്കിടെ അത് വായിപ്പിക്കുമായിരുന്നെന്നും ഭാര്യ പറയുകയുണ്ടായി.
എന്നോട് ജീവിതം പറയാന്‍ വേണ്ടിയാവണം മാഷ് അത്രയും കാലം കാത്തുനിന്നത് എന്ന് അപ്പോള്‍ തോന്നി. ആ ജീവിതത്തില്‍ നിന്നാണ് നോവലിലെ പത്മസേനന്‍ മാഷിനെ പൂര്‍ണ്ണതയോടെ ചിത്രീകരിക്കാനായത്. അതിലെ ഒരു കഥാപാത്രവും ഭാവനയില്‍ നിന്നുണ്ടായതല്ല.
അവസാനമായി കാണുമ്പോള്‍ ഇനിയും ആര്‍ക്കുമറിയാത്ത പല കാര്യങ്ങളും പറയാനുണ്ടെന്നും കൂടുതല്‍ വലിയ ഒരു നോവല്‍ എഴുതണമെന്നും മാഷ് പറഞ്ഞിരുന്നു. കുറച്ചുകൂടി ആരോഗ്യവും സ്വസ്ഥതയും ഏകാന്തതയുമുള്ളൊരു സാഹചര്യത്തില്‍ അതേക്കുറിച്ചെല്ലാം സംസാരിക്കണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു. പക്ഷേ കാലം അതിന് അനുവദിച്ചില്ല. മറ്റൊരു കാലത്തില്‍ എനിക്കെഴുതാനായി മാഷ് ആ കഥകള്‍ പങ്കുവയ്ക്കുമായിരിക്കും. ചരിത്രത്തിനും കഥകള്‍ക്കും മരണമില്ലല്ലോ.
പുതിയ എഴുത്തുകള്‍?
പുതിയ രണ്ടു ചെറുകഥാസമാഹാരങ്ങള്‍ അച്ചടിയിലുണ്ട്. 15 കന്നഡ കഥകളുടെ വിവര്‍ത്തനങ്ങളുടെ സമാഹാരവും തയ്യാറായിട്ടുണ്ട്. നോവല്‍ തമിഴില്‍ വരുന്നുണ്ട്. ചെറുകഥകള്‍ ഇംഗ്ലീഷിലേക്കും മൊഴിമാറ്റം നടക്കുന്നുണ്ട്. പ്ലേ സ്റ്റേഷന്‍ എന്ന കഥ കന്നടയില്‍ ചിത്രീകരിക്കാന്‍ ഒരു സംവിധായകന്‍ അനുവാദം
ചോദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."