ഗദ്ദാമ ജോലിക്കെത്തി ദുരിതത്തിലായ കോഴിക്കോട്ട് സ്വദേശിനി രക്ഷപ്പെട്ടു; ചതിക്കാൻ ഏജന്റിനൊപ്പം ഭർത്താവും കൂട്ട് നിന്നതായി പരാതി
ദമാം: ഗദ്ദാമ വിസയിലെത്തി സഊദിയിൽ ദുരിതത്തിലായ കോഴിക്കോട് സ്വദേശിനി നാട്ടിലേക്ക് തിരിച്ചു. സഊദിയിൽ വർഷമായി ദുരിതത്തിലായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ഒടുവിൽ മോചനം തേടി യാത്രയായത്. ദുരിതത്തിലായ യുവതിയെ സ്പോൺസറും കയ്യൊഴിഞ്ഞതോടെ പ്രവർത്തകരുടെയും എംബസിയുടെയും സഹായത്തോടെയാണ് യുവതിക്ക് മടക്കം സാധ്യമായത്. നാട് കേന്ദ്രത്തിൽ നിന്നുമാണ് യുവതി നാട്ടിലേക്ക് തിരിച്ചത്. രണ്ടര വര്ഷം മുമ്പാണ് യുവതി സഊദി സ്വദേശിയുടെ വീട്ടു ജോലിക്കായി നാട്ടിൽ നിന്നുമെത്തിയത്. ഭർത്താവിന്റെ സഹായത്തോടെ ഏജന്റ് ചതിക്കുകയായിരുന്നുവെന്നാണ് യുവതി വെളിപെടുത്തിയത്.
ഭർത്താവിന്റെ സഹായത്തോടെ നാട്ടിലെ വിസ ഏജന്റ് യുവതിന്റെ സഊദിയിലെ റിക്രൂട്ട് മെന്റ് ഏജന്റിന് വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നാല് പെൺകുട്ടികളുടെ അമ്മയായ യുവതിക്കാണ് ഭർത്താവിന്റെ കൊടും ചതി ഏറ്റുവാങ്ങേണ്ടി വന്നത്. ഭർത്താവ് ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് തന്നെ സഊദിയിലേക്ക് നാടുകടത്തിയതെന്നു യുവതി ആരോപിച്ചിരുന്നു. ഡ്രൈവറുടെയും ഭക്ഷണം പാചകം ചെയ്യുന്നതിന്റെയും അടക്കം രണ്ട് വിസയുണ്ടെന്നും നമുക്ക് ഒരുമിച്ച് പോകാമെന്നും ഭർത്താവ് അറിയിച്ചിരുന്നു. ഇതേ തുടർന്ന് സഊദിയിലേക്ക് പുറപ്പെട്ട ഇവർ എന്നാൽ, ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ താൻ ഉദ്യോഗസ്ഥരുടെ പിടിയിലാണെന്നും തനിക്ക് യാത്ര തുടരാൻ സാധിക്കില്ലെന്നും ഭർത്താവ് അറിയിച്ചു മുങ്ങുകയായിരുന്നു. ഇതോടെ വീട്ടിൽ നിന്നും ഒരുമിച്ച് പുറപ്പെട്ട ഇവരിൽ യുവതി റിയാദിലെത്തിപ്പെടുകയായിരുന്നു. പിന്നീട് പല സ്സ്പോണ്സര്മാര് കൈമാറിയാണ് ദമാമിൽ എത്തിയത്.
ചെന്നൈ വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. എന്നാൽ, ഇതിനിടെ സഊദിയിലെത്തിയ ഇവരെ തിരുവനന്തപുരം സ്വദേശിയുടെ ഭാര്യയായി പരിചയപ്പെടുത്തിയാണ് വിവിധയിടങ്ങളിൽ ജോലിക്ക് നിർത്തിയതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ, രണ്ടര വർഷത്തെ ജോലിക്കിടയിലും കൊടിയ ദുരിതമാണ് യുവതിക്ക് നേരിടേണ്ടി വന്നത്. മുപ്പത് വർഷം മുമ്പ് വിവാഹം കഴിഞ ഇവരുടെ നാല് മക്കളിൽ ഒരാൾ ബുദ്ധിമാന്ദ്യമുള്ളയാളാണ്. ദുരിതമകറ്റാനാണ് ഇവർ സഊദിയിലേക്ക് പോകാൻ തീരുമാനിച്ചത്. ദുരിതം സഹിക്കാൻ കഴിയാതെ സ്വദേശിയുടെ വീട്ടിൽ നിന്നും സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ദമാം തർഹീലിൽ എത്തിയ യുവതിയെ പിന്നീട് ജാമ്യത്തിൽ ഇറക്കുകയും സാമൂഹ്യ പ്രവർത്തകർ തന്നെ ഇടപെട്ട് ഔട്പാസ് സംഘടിപ്പിച്ച് തർഹീൽ വഴി നാട്ടിലേക്കു കയറ്റി വിടുകയുമായിരുന്നു.
സ്പോൺസർ സഹകരിക്കാത്തതിനെ തുടർന്ന് എംബസിയുടെയും ഉദ്യോഗസ്ഥരുടെയും സഹായത്താലാണ് എക്സിറ്റ് നേടിയത്. പാസ്പോർട്ടും മൂന്നു മാസത്തെ ശമ്പളവും യുവതിക്ക് ലഭ്യമായിട്ടില്ല.പാസ്പോർട്ട് ലഭിക്കാത്തതിനാൽ എംബസി ഈസിയിലാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. സഹായിച്ച എല്ലാവര്ക്കും കണ്ണീരോടെ വിട പറഞ്ഞ് പ്രവാസി സാംസ്കാരിക വേദി നല്കിയ ടിക്കറ്റില് ഇവര് നാട്ടിലേക്ക് തിരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."