ചായക്കുമുണ്ടൊരു കഥ പറയാന്‍
നമ്മുടെ നാട്ടിന്‍പുറത്തിന്റെ സാംസ്‌കാരിക തലസ്ഥാനങ്ങളായിരുന്ന ചായക്കടകള്‍ പ്രസിദ്ധമായത് കൂടിച്ചേരലിന്റെ ഇടം എന്നതിനൊപ്പം ചൂടുള്ള ചായ ലഭിക്കുമെന്നത് കൊണ്ടുകൂടിയായിരുന്നു. നേരം വെളുക്കുന്നതിന് മുന്‍പേ ചൂട്ടും ടോര്‍ച്ചുമായി കച്ചവടക്കാര്‍ ചായക്കടയിലേക്കെത്തി ആവശ്യക്കാര്‍ക്കായി ചുടുചായ നല്‍കാന്‍ സമാവറുകളില്‍ വെള്ളം നിറച്ച് തിളപ്പിച്ച് കാത്തിരുന്ന ഒരു കാലം.
ചായയുടെ കഥ
ചായച്ചെടി നാവില്‍ രുചിയായി എത്തിയതുമായി ബന്ധപ്പെട്ട് നിരവധി കഥകളുണ്ട്. ചൈനക്കാര്‍ക്കായിരുന്നു ഈ അപൂര്‍വവൃക്ഷത്തെക്കുറിച്ച് പൗരാണിക കാലം മുതല്‍ അറിവുണ്ടായിരുന്നതെന്നാണ് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള കഥ. ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് ഭക്ഷണം കഴിച്ച് മരച്ചുവട്ടില്‍ വിശ്രമിക്കവേ കുടിക്കാന്‍ തയാറാക്കിയ തിളച്ചവെള്ളത്തില്‍ കാറ്റിനൊപ്പം ഒരില പാറിവീണു. ഇതോടെ വെള്ളത്തിന് പുതുരുചി ലഭിച്ചെന്നു മാത്രമല്ല, ചക്രവര്‍ത്തിക്ക് പതിവില്ലാത്ത ഉന്മേഷവും കൈവന്നു. അതോടെ ചായയെന്ന ഇലക്ക് ദിവ്യപരിവേഷം സിദ്ധിച്ചു. കാലങ്ങളോളം ചൈനക്കാര്‍ തങ്ങള്‍ക്ക് കിട്ടിയ ഈ അമൂല്യമായ അറിവിനെ അതിര്‍ത്തിക്ക് പുറത്തേക്ക് പോകാതെ കാത്തുസൂക്ഷിച്ചു. ചായയെ ഔഷധമായാണ് അവര്‍ കരുതിയിരുന്നത്. പട്ടിനും ഇതുപോലെ സൂക്ഷിപ്പിന്റേതായ ഒരു കാലവും നീണ്ടൊരു കഥയുമുണ്ട്. കൈയ്പുള്ള ഔഷധച്ചെടി എന്ന ടു എന്ന ഉച്ചാരണമുള്ള ചൈനീസ് വാക്കില്‍ നിന്നാണ് ചായയുടെ ചൈനീസ് നാമം രൂപാന്തരപ്പെട്ടത്. യുന്നാന്‍ മേഖലയിലാണ് ചൈനയുടെ പ്രാധാന ചായത്തോട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യ, മ്യാന്‍മര്‍ എന്നിവയുടെ വടക്കന്‍ അതിരിലാണ് പ്രകൃതി സുന്ദരമായ ഈ ചൈനീസ് പ്രവിശ്യ.
ഉല്‍പാദനത്തില്‍ ഒന്നാമതായി ചൈന
ലോകത്ത് ഏറ്റവും കൂടുതല്‍ ചായ ഉല്‍പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ഇന്ന് ചൈനക്ക് മാത്രം സ്വന്തമായതാണ്. 24.73 ലക്ഷം മെട്രിക് ടണ്‍ ചായയാണ് ചൈനയുടെ ഉല്‍പാദനം. 13.25 ലക്ഷം മെട്രിക് ടണ്‍ ഉല്‍പാദനവുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ മൂന്നാമതുള്ള കെനിയയുടേത് 4.39 ലക്ഷം മെട്രിക് ടണ്ണാണ്. ശ്രീലങ്ക (3.49 ലക്ഷം), വിയറ്റ്‌നാം (2.6 ലക്ഷം), തുര്‍ക്കി (2.34 ലക്ഷം), ഇന്തോനേഷ്യ (1.39 ലക്ഷം), മ്യാന്‍മര്‍ (1.04 ലക്ഷം).
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അസമാണ് ഉല്‍പാദനത്തില്‍ ഒന്നാമത്. ലഖിംപുര്‍, കാംരൂപ്, ഗോള്‍പാറ, ശിവസാഗര്‍, കച്ചാര്‍, നാഗോണ്‍, ഡെറാങ് ജില്ലകളിലായാണ് അസമിലെ ചായത്തോട്ടങ്ങള്‍ പരന്നുകിടക്കുന്നത്. 65.3 കോടി കിലോഗ്രാം (6.53 ലക്ഷം മെട്രിക് ടണ്‍) ചായയാണ് സംസ്ഥാനം 201516 വര്‍ഷത്തില്‍ ഉല്‍പാദിപ്പിച്ചത്. ഇതേ കാലത്ത് രണ്ടാം സ്ഥാനത്തുള്ള പശ്ചിമബംഗാള്‍ 33 കോടി കിലോഗ്രാം (3.3 ലക്ഷം മെട്രിക് ടണ്‍), തമിഴ്‌നാട് (16.14 കോടി കിലോഗ്രാം), കേരളം (5.66 കോടി കിലോഗ്രാം) ഉല്‍പാദനം. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ചായയുടെ 70 ശതമാനവും ഇവിടെ തന്നെ ഉപയോഗിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൂന്നാര്‍, നീലഗിരി മേഖലകളിലെ കുന്നിന്‍പുറങ്ങളിലാണ് കേരളത്തിന്റേയും തമിഴ്‌നാടിന്റെയും ചായത്തോട്ടങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.
റോബര്‍ട്ട് ഫോര്‍ച്യുന്‍; ഇന്ത്യന്‍ ചായയുടെ പിതാവ്
ചായത്തോട്ടം ഉടമകളും ഈ മേഖലയില്‍ ജീവിതം കരുപ്പിടിപ്പിച്ചവരും മറക്കരുതാത്ത ഒരു പേരുണ്ട്. ലണ്ടനിലെ റോയല്‍ ഹോട്ടികള്‍ചറല്‍ സൊസൈറ്റിക്കായി ചൈനീസ് മണ്ണില്‍ ജോലി ചെയ്ത റോബര്‍ട്ട് ഫോര്‍ച്യുന്‍ എന്ന ഇംഗ്ലീഷുകാരനാണത്. ചൈനീസ് രാജവംശത്തിന്റെ സ്വത്തായിരുന്ന ചായച്ചെടിയെ അതീവ രഹസ്യമായി ഇന്ത്യയിലേക്ക് എത്തിച്ചത് ഫോര്‍ച്യുനായിരുന്നു. ചൈനയില്‍ ജോലി ചെയ്ത 1848നും 1851നും ഇടയിലുള്ള രണ്ടര വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ഹൗസ് ഘടനയുള്ള പ്രത്യേക അറകളില്‍ ഒളിപ്പിച്ചായിരുന്നു ഇരുപതിനായിരത്തോളം ചായച്ചെടികള്‍ ഡാര്‍ജിലിങ്ങിലേക്ക് ഇദ്ദേഹം എത്തിച്ചത്. ഇതായിരുന്നു ഇന്ത്യയിലെ ചായകൃഷിയുടെ തുടക്കം. ഈ ഉദ്യമത്തില്‍ നട്ട തൈകളില്‍ സിംഹഭാഗവും നശിച്ചുപോയെന്നതും ചരിത്രം. എന്നാല്‍ അതില്‍ വിരലിലെണ്ണാവുന്നതില്‍നിന്നായിരുന്നു ചായയുടെ മുഖ്യ ഉല്‍പാദക രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ രൂപാന്തരപ്പെട്ടത്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചായയുടെ ചൈനീസ് കുത്തക തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കൃഷിക്ക് തുടക്കമിട്ടത്. ചൈനയിലേയും അസമിലേയും കുന്നിന്‍പുറങ്ങളിലെ കാലാവസ്ഥയിലുള്ള സാമാനതയായിരുന്നു ഈ മഹത്തായ ഉദ്യമത്തിന് കരുത്തായത്. അതുകൊണ്ടുതന്നെയാവാം ഈ മേഖലയില്‍ വളരുന്ന ചായച്ചെടികളെ കമേലിയ സിനെന്‍സിസ് എന്ന ഒരേ വിഭാഗത്തില്‍ വര്‍ഗീകരിച്ചത്.
അപ്പര്‍ അസമിലെ ചുബുവ മേഖലയിലായിരുന്നു 1840ല്‍ ആദ്യത്തെ ഇംഗ്ലീഷ് ചായത്തോട്ടം യാഥാര്‍ഥ്യമായത്. അസം ടി കമ്പനിക്ക് കീഴിലായിരുന്നു വാണിജ്യാടിസ്ഥാനത്തിലുളള ഉല്‍പാദനം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അപ്പര്‍ ആസാമിലെ കുന്നിന്‍പുറങ്ങളെല്ലാം ചായച്ചെടികളാല്‍ നിറയുകയും പ്രദേശത്തിന് മറ്റെങ്ങുമില്ലാത്ത വിശിഷ്ടമായ പ്രകൃതിഭംഗി കൈവരികയും ചെയ്തു.
നൂറ്റാണ്ട് അവസാനത്തോടെ ലോകത്തിലെ തന്നെ മുഖ്യ ചായ കൃഷിയിട മേഖലയായി അപ്പര്‍ അസം രൂപാന്തരപ്പെട്ടു.
ലോകം മുഴുവന്‍ കാല്‍ക്കീഴിലാക്കാന്‍ ശ്രമിച്ച കോളണിവല്‍ക്കരണത്തിന്റെ അപോസ്തലന്മാരായ ഇംഗ്ലീഷുകാരായിരുന്നു ഇന്ത്യയിലെ ഉയര്‍ന്ന കുന്നിന്‍ചെരുവുകളെ ചായത്തോട്ടങ്ങളുടെ പറുദീസയാക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ചായത്തോട്ടം സ്വന്തമായുള്ള സായ്പിന് ആംഗ്ലോ ഇന്ത്യന്‍ സമൂഹങ്ങളില്‍ ബഹുമാന്യത കൂടുതലായിരുന്നു.
ചായയിലെ കറുപ്പും വെളുപ്പും പച്ചയും
പച്ചചായ എന്നാല്‍ സംശയിക്കേണ്ട ഗ്രീന്‍ ടീ തന്നെ. ഇനി കറുപ്പെന്നാല്‍ എന്തെന്ന് നിര്‍വചിക്കേണ്ട ആവശ്യമില്ലല്ലോ. മലയാളിയുടെ ഓര്‍മകളുടെ ആരംഭ ദലങ്ങളില്‍തന്നെ ചായയുടെ ഛായ കാണും. അതിന് ഒരു പക്ഷേ ചായച്ചണ്ടിയുടെ തവിട്ടുകലര്‍ന്ന കറുപ്പോ, ചായയുടെ മോഹിപ്പിക്കുന്ന ചുവപ്പോ, വീഞ്ഞിനോട് സാമ്യമുള്ള ചുവപ്പുരാശി പടര്‍ന്ന വയലറ്റോ നിറമാവും.
ഡാര്‍ക്ക് ടീ, ഊലൊങ് ടീ, വൈറ്റ് ടീ, യെല്ലോ ടീ തുടങ്ങിയവയാണ് മറ്റ് പ്രധാന ഇനങ്ങള്‍. ബ്ലാക്ക് ടി എന്ന കറുത്ത ചായയില്‍ കഫീന്റെ അളവ് കൂടുതലായിരിക്കും. സംസ്‌കരണ പ്രക്രിയ(വാറ്റുക)യുടെ വ്യതിയാനം അനുസരിച്ച് 50 മുതല്‍ 65 ശതമാനം വരെയായിരിക്കും. ഇലയില്‍നിന്ന് പൂര്‍ണമായും വെള്ളം ബാഷ്പീകരിക്കപ്പെടുന്നതിനാല്‍ ഇവക്ക് വായുവില്‍നിന്ന് കൂടുതല്‍ ഓക്‌സിജന്‍ ഉള്‍ക്കൊള്ളാനാവും. പൂര്‍ണമായ ഓക്‌സൈഡേഷന്‍ പ്രക്രിയയാണ് ഇതില്‍ സംഭവിക്കുന്നത്.
വൈറ്റ് ടീയില്‍ ഓക്‌സൈഡേഷന്‍ പ്രക്രിയ സംഭവിക്കുന്നില്ല. ഇളം ഇലകള്‍ നുള്ളിയെടുത്ത് കൈകളാലാണ് ഇത് തയാറാക്കുന്നത്. ചായയുടെ തനത് ഗന്ധം ഇതിന് നഷ്ടപ്പെടുന്നില്ലെന്നതാണ് ഏറെ പ്രത്യേകത. കഫീന്റെ അളവ് ഇതില്‍ തുലോ കുറവായിരിക്കും. ചെറുതീയിലാണ് ഇത് വാറ്റിയെടുക്കുന്നത്. പു എര്‍ ടി (ജൗ ലവൃ ലേമ) ചൈനയുടെ അഭിമാനഭാജനമാണ്. വര്‍ഷങ്ങളോളം പഴക്കമുള്ള ഈ ചായ ഏറെ ഔഷധമൂല്യമുള്ളതുമാണ്. 1995 വരെ യു.എസിലേക്ക് ഇറക്കുമതിക്ക് വിലക്കുണ്ടായിരുന്നു. ഈ ചായയുടെ സംസ്‌കരണം അതീവ സുരക്ഷാ സന്നാഹങ്ങളോടെയാണ് ചൈനീസ് സര്‍ക്കാര്‍ നടത്തുന്നത്.
ചായക്കും മ്യൂസിയം
മ്യൂസിയം എന്ന വാക്ക് നമ്മിലേക്ക് എത്തുക പൗരാണികവുമായി ബന്ധപ്പെട്ടാണ്. പണ്ട് നാടുവാണ രാജവംശങ്ങളുടെയും സംസ്‌കാരങ്ങളുടെയുമെല്ലാം ശേഷിപ്പുകളാല്‍ സമ്പന്നമായ ഒരിടമെന്ന് ഇതിനെ നിര്‍വചിക്കാം. എന്നാല്‍ ചായയുടെ കഥ പറയാനും ലോകത്ത് മ്യൂസിയങ്ങളുണ്ട്. ഇന്ത്യയില്‍ മൂന്നാറിലും കൂനൂരിലുമായാണ് രണ്ട് പ്രധാന മ്യൂസിയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീലങ്കയിലെ കാന്‍ഡിയില്‍ പ്രവര്‍ത്തിക്കുന്ന സിലോണ്‍ ടീ മ്യൂസിയം, ചൈനയിലെ സിങ്ജിയാനിലുള്ള ചൈന ടീ മ്യൂസിയം, ചൈനയിലുള്ള മറ്റൊരെണ്ണം മെയ്താന്‍ ടീ മ്യൂസിയമാണ്.
ഇടുക്കി ജില്ലയിലെ മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍സിലാണ് കേരളത്തിലെ പ്രധാന ടീ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. നല്ലതണ്ണി ചായത്തോട്ടമെന്നാണ് ഇവിടം പ്രാദേശികമായി അറിയപ്പെടുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെയാണ് സന്ദര്‍ശകരെ അനുവദിക്കുക. എല്ലാ തിങ്കളാഴ്ചയും ദു:ഖവെള്ളി ദിവസവും അവധിയാണ്. മുതിര്‍ന്നവര്‍ക്ക് 75 രൂപയും കുട്ടികള്‍ക്ക് (ആറു മുതല്‍ 12 വയസുവരെ) 35 രൂപയുമാണ് ഫീസ്. ക്യാമറക്കായി 20 രൂപ നല്‍കണം. ചായയുമായി ബന്ധപ്പെട്ട ഒട്ടേറെ കൗതുകകരമായ വിവരങ്ങള്‍ ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ അറിയാനാവും. 2005 ഏപ്രില്‍ ഒന്നിനാണ് മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്‍പാദകരായ ടാറ്റ ടീ കമ്പനിയാണ് മ്യൂസിയത്തിന്റെ ഉടമസ്ഥര്‍.
ചായ തിളപ്പിക്കുക ഒരു കലയാണ്
ചായ തിളപ്പിക്കുക എന്നത് ഒരു കലയാണെന്ന് പലപ്പോഴും ജീവിതം പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ അടുക്കളകളില്‍ സൂക്ഷ്മതയോടെ ചായ കൂട്ടാന്‍ അറിയുന്ന എത്ര സ്ത്രീ പുരുഷന്മാരുണ്ടാവുമെന്ന് ചോദിച്ചാല്‍ നന്നേ കുറവെന്ന് സംശയിക്കാതെ ഉത്തരം പറയാനാവും.
ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍ (ഠവല ഏൃമുല െീള ണൃമവേ) എന്ന വിശ്വപ്രസിദ്ധ നോവലിന്റെ രചയിതാവായ ജോണ്‍ സ്‌റ്റൈയിന്‍ബെക്ക് (അമേരിക്കയില്‍ 1930ല്‍ സംഭവിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവല്‍ രചിച്ചത്. അമേരിക്കയിലെ വിഖ്യാതമായ നാഷണല്‍ ബുക്ക് അവാര്‍ഡും പുലിറ്റ്‌സര്‍ പ്രൈസും നേടിയ ഈ കൃതിയായിരുന്നു മഹാനായ എഴുത്തുകാരന് 1962ല്‍ നൊബേല്‍ ലഭിക്കുന്നതിലും നിര്‍ണായകമായത്) തന്റെ എഴുത്തിന്റെ ആദ്യകാലത്ത് എഡിറ്റ് മെര്‍ലിസ് എന്ന അധ്യാപികക്കരുകില്‍ ചെറുകഥ എഴുത്ത് പഠിക്കാന്‍ പോകുന്നുണ്ട്. അന്ന് അവര്‍ സെറ്റെയിന്‍ബെക്കിനോട് പറയുന്നുണ്ട് ഒരു നല്ല ചെറുകഥ എഴുതുകയെന്നാല്‍ അത് ഒരു നല്ല ചെറുകഥ എഴുതുക മാത്രമാണ്, വേറെ എളുപ്പവഴിയില്ലെന്ന്. ഇതുപോലെ ഏറെ സൂക്ഷ്മത ആവശ്യമുള്ള ഒരു ജോലിയായാണ് നല്ല ഒരു ചായകൂട്ടുന്നതിനെ എന്നും തോന്നാറ്.
മിക്കവരും ചായക്കുള്ള വെള്ളം നന്നായി തിളക്കുന്നതിന് മുന്‍പ് തന്നെ പൊടിയിടുന്ന പതിവ് സര്‍വസാധാരണമാണ്. അക്ഷമയാണ് ഇതിന് കാരണം. ചായക്കായി അടുപ്പിലോ, സ്റ്റൗവിലോ വച്ച വെള്ളം നന്നായി തിളച്ച് ഓഫാക്കിയ ശേഷം ചായപ്പൊടിയിട്ട് അല്‍പനേരം അടച്ചുവച്ച ശേഷം മാത്രമാണ് ഉപയോഗിക്കേണ്ടതെന്ന് അടുത്തിടെ മൂന്നാറില്‍ നടത്തിയ സന്ദര്‍ശനത്തില്‍ നിന്നാണ് അറിഞ്ഞത്. ടീ മ്യൂസിയത്തിലേക്കുള്ള യാത്രയായിരുന്നു അതിലേക്ക് നയിച്ചത്.
ചായച്ചെടി എന്നാണ് നാം വിശേഷിപ്പിക്കാറ്. എന്നാല്‍ എട്ടും പത്തും മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഒരു വൃക്ഷമാണ് ചായയെന്ന അറിവ് ലഭിച്ചതും മറ്റെങ്ങും നിന്നായിരുന്നില്ല.
വിലയിലെ രാജകീയത
ചായയെ സാധാരണക്കാരന്റെ പാനീയം എന്നാണ് നാം നിര്‍വചിക്കാറ്. അതില്‍നിന്നാവണം പരിപ്പുവടയും കട്ടന്‍ചായയുമെന്ന പ്രയോഗം ജനിച്ചത്. പഞ്ചസാരയോ, ശര്‍ക്കരയോ ചേര്‍ക്കാത്ത കട്ടന്‍ചായയെ ദാരിദ്ര്യത്തിന്റെ നിര്‍വചനമായാണ് മലയാളികള്‍ കണക്കാക്കിയിരുന്നത്. തൂക്കി വാങ്ങുന്ന ചായപ്പൊടിക്ക് കിലോഗ്രാമിന് നൂറു രൂപയോളമാണ് ഉല്‍പാദന മേഖലകളില്‍ പലയിടത്തും. എന്നാല്‍ പാക്കറ്റില്‍ നിറച്ച് ബ്രാന്റഡാവുന്നതോടെ ഷുജായിയാവുന്ന ചായയുടെ വില സങ്കല്‍പങ്ങളെയെല്ലാം കവച്ചുവയ്ക്കും.
എന്തും ഉല്‍പാദിപ്പിക്കാന്‍ മാത്രമല്ല, വില്‍ക്കാനും അറിയുന്ന ചൈനക്കാരുടേത് തന്നെയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ചായയും. ചായയുടെ നിറവും രുചിയും തന്നെയാണ് ഉയര്‍ന്ന വിലയുടേയും മാനദണ്ഡം. ചായ രുചിക്കുന്നത് ലോകത്തിലെ മികച്ച ജോലികളില്‍ ഒന്നായാണ് കരുതുന്നത്.
ഇന്ത്യന്‍ ചായകളില്‍ ഏറ്റവും വിലപിടിപ്പുള്ളത് ഡാര്‍ജീലിങ്ങില്‍നിന്നുള്ള മക്കൈബാരിയാണ്. കിലോക്ക് 1.12 ലക്ഷത്തോളമാണ് വില. മക്കൈബാരി എന്നത് ഈ ചായ വളരുന്ന എസ്‌റ്റേറ്റിന്റെ പേരാണ്. 2014 സെപ്റ്റംബറിലായിരുന്നു വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ ചായക്ക് അഭിമാനകരമായ വില ലഭിച്ചത്.
ദ ഹോങ് പോ, ടൈ ഗുആന്‍ യിന്‍
ഒരു ഗ്രാമിന് വില കേവലം 1,400 ഡോളര്‍ ( ഒരു ലക്ഷം രൂപയോളം). സ്വര്‍ണവുമായി തൂക്കത്തില്‍ താരതമ്യം ചെയ്താല്‍ മുപ്പത് ഇരട്ടിയോളം അധികം. ഗ്രീന്‍ ടിക്കും ബ്ലാക്ക ടീക്കും ഇടയിലാണ് ഊലൊങ് എന്നു പേരുള്ള ഈ ചൈനീസ് ചായയുടെ ഇടം. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ വൂയി കുന്നിന്‍പുറങ്ങളിലാണ് ഈ അത്യപൂര്‍വ ചായച്ചെടി വളരുന്നത്. 350 വര്‍ഷം പഴക്കമുള്ള ചെടിയില്‍നിന്നാണ് ഇല നുള്ളുന്നത്. ലോകത്ത് ഇന്ന് ഈ ചെടികളില്‍ അവശേഷിക്കുന്നത് വെറും ആറെണ്ണം മാത്രമെന്നതും ഏറെ കൗതുകകരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."