ഗദ്ദാമ ജോലിക്കെത്തി ദുരിതത്തിലായ യുവതിക്ക് ഒടുവില്‍ മോചനം
ദമാം: ഗദ്ദാമ വിസയില്‍ സഊദിയിലെത്തി ദുരിതത്തിലായ കോഴിക്കോട് സ്വദേശി നാട്ടിലേക്ക് തിരിച്ചു. സഊദിയില്‍ രണ്ടര വര്‍ഷമായി ദുരിതമനുഭവിക്കുകയായിരുന്ന കൊയിലാണ്ടി സ്വദേശിയായ യുവതിക്കാണ് ഒടുവില്‍ മോചനം സാധ്യമായത്.
യുവതിയെ സ്‌പോണ്‍സറും കൈയൊഴിഞ്ഞതോടെയാണ് സന്നദ്ധപ്രവര്‍ത്തകരും എംബസിയും സഹായത്തിനെത്തിയത്. രണ്ടര വര്‍ഷം മുന്‍പാണ് യുവതി ജോലിക്കായി സഊദി സ്വദേശിയുടെ വീട്ടിലെത്തിയത്. ഭര്‍ത്താവിന്റെ സഹായത്തോടെ ഏജന്റ് ചതിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
ഭര്‍ത്താവിന്റെ സഹായത്തോടെ നാട്ടിലെ വിസാ ഏജന്റ് യുവതിയെ സഊദിയിലെ റിക്രൂട്ട്‌മെന്റ് ഏജന്റിന് വില്‍പന നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് പെണ്‍കുട്ടികളുടെ അമ്മയായ യുവതിക്കാണ് ഭര്‍ത്താവിന്റെ കൊടുംചതി ഏറ്റുവാങ്ങേണ്ടി വന്നത്.
ഭര്‍ത്താവ് ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് തന്നെ സഊദിയിലേക്ക് നാടുകടത്തിയതെന്നു യുവതി ആരോപിച്ചിരുന്നു. ഡ്രൈവറുടെയും ഭക്ഷണം പാചകം ചെയ്യുന്നതിന്റെയും അടക്കം രണ്ട് വിസയുണ്ടെന്നും നമുക്ക് ഒരുമിച്ച് പോകാമെന്നും ഭര്‍ത്താവ് അറിയിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് ഇവര്‍ സഊദിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍, ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ താന്‍ ഉദ്യോഗസ്ഥരുടെ പിടിയിലാണെന്നും തനിക്ക് യാത്ര തുടരാന്‍ സാധിക്കില്ലെന്നും ഭര്‍ത്താവ് അറിയിച്ചു മുങ്ങുകയായിരുന്നു. ഇതോടെ വീട്ടില്‍ നിന്നും ഒരുമിച്ച് പുറപ്പെട്ട ഇവരില്‍ യുവതി റിയാദിലെത്തിപ്പെടുകയായിരുന്നു. പിന്നീട് പല സ്‌പോണ്‍സര്‍മാര്‍ കൈമാറിയാണ് ദമാമില്‍ എത്തിയത്.
ചെന്നൈ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നാണ് യുവതി ആരോപിക്കുന്നത്. എന്നാല്‍, ഇതിനിടെ സഊദിയിലെത്തിയ ഇവരെ തിരുവനന്തപുരം സ്വദേശിയുടെ ഭാര്യയായി പരിചയപ്പെടുത്തിയാണ് വിവിധയിടങ്ങളില്‍ ജോലിക്ക് നിര്‍ത്തിയതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ദുരിതം സഹിക്കാന്‍ കഴിയാതെ വീട്ടില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ദമാം തര്‍ഹീലില്‍ എത്തിയ യുവതിയെ പിന്നീട് ജാമ്യത്തില്‍ ഇറക്കുകയും സാമൂഹ്യപ്രവര്‍ത്തകര്‍ തന്നെ ഇടപെട്ട് ഔട്പാസ് സംഘടിപ്പിച്ച് തര്‍ഹീല്‍ വഴി നാട്ടിലേക്കയക്കുകയായിരുന്നു.
പാസ്‌പോര്‍ട്ടും മൂന്നുമാസത്തെ ശമ്പളവും യുവതിക്ക് ലഭ്യമായിട്ടില്ല. പാസ്‌പോര്‍ട്ട് ലഭിക്കാത്തതിനാല്‍ എംബസി ഈസിയിലാണ് നാട്ടിലേക്ക് യാത്രതിരിച്ചത്. സഹായിച്ച എല്ലാവര്‍ക്കും കണ്ണീരോടെ വിടപറഞ്ഞ ശേഷമാണ് പ്രവാസി സാംസ്‌കാരിക വേദി നല്‍കിയ ടിക്കറ്റില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."