തുലാവര്‍ഷം വീണ്ടും സജീവമാകുന്നു
തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമാകുന്നു. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും മഴ ശക്തമാകും. ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കി.മീറ്റര്‍ വരെയാകാനും ഇടയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
ഇന്ന് ലക്ഷദ്വീപ് മേഖലയിലും തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. നാളെ ലക്ഷദ്വീപ് മേഖല, അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ അറബിക്കടല്‍, കേരള തീരം, കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.
തമിഴ്നാടിന്റെ തെക്കന്‍ തീരത്തിനടുത്തായി വരുന്ന 48 മണിക്കൂറിനകം ന്യൂനമര്‍ദം രൂപപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഒക്ടോബര്‍ മുതലുള്ള കണക്കുകളനുസരിച്ച് കാസര്‍കോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 27 വരേയുള്ള കണക്കുകള്‍ പ്രകാരം796 മില്ലീമീറ്റര്‍ മഴ കേരളത്തിലുണ്ടായി. സാധാരണ ഗതിയില്‍ 452.8 എം.എം ആണ് ശരാശരി. കഴിഞ്ഞ ഒരാഴ്ച 23 എം.എം മഴ ലഭിക്കേണ്ടിടത്ത് 12.6 എംഎം ആണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."