പ്ലാസ്റ്റിക് നിരോധനം; ആരോഗ്യരംഗത്തെ ഉപകരണങ്ങള്‍ക്ക് ബാധകമാകില്ല
കച്ചവടക്കാര്‍ക്ക് പിഴ 50000 രൂപ വരെ
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നിരോധിക്കുന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്നും ആരോഗ്യ മേഖലയടക്കം മൂന്ന് വിഭാഗത്തെ ഒഴിവാക്കി.
ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും ഉപകരണങ്ങളും നിരോധന പ്ലാസ്റ്റിക്കുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
പ്ലാസ്റ്റിക് വ്യവസായത്തില്‍ കയറ്റുമതി ചെയ്യുന്നതിനായി നിര്‍മിച്ചിട്ടുളള പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളും ഉപകരണങ്ങളും കമ്പോസ്റ്റബള്‍ പ്ലാസ്റ്റിക്കില്‍ നിന്ന് നിര്‍മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവയെയാണ് വിലക്കില്‍നിന്ന് ഒഴിവാക്കിയത്.പ്ലാസ്റ്റിക് ഉപയോഗം 70 ശതമാനം കുറഞ്ഞ തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തിലും പ്ലാസ്റ്റിക് നിരോധനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്ത് ഫ്‌ളക്‌സുകള്‍ക്ക് നിലവില്‍ നിയന്ത്രണമുണ്ട്.
നിരോധിക്കുന്ന പതിനൊന്നിന പ്ലാസ്റ്റിക്കുകളെ കുറിച്ച് ത്രിതല പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് കാരി ബാഗ്, വീടുകളിലെ ടേബിളുകളിലും മറ്റും വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, കൂളിങ് ഫിലിം, പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മ്മോക്കോള്‍, സ്റ്റൈറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിങ് ഉളള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍,ബൗള്‍, കാരി ബാഗുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് കൊടികള്‍, പ്ലാസ്റ്റിക് ബണ്ടിങ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, 300 മില്ലി കപ്പാസിറ്റിക്ക് താഴെയുളള ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പി.വി.സി ഫ്‌ളക്‌സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്‌സ് തുടങ്ങിയവയാണ് പൂര്‍ണമായും നിരോധിക്കുന്നത്. പുഴ, തോട്, വഴിവക്ക് തുടങ്ങിയവയില്‍ ഇത്തരം പ്ലാസ്റ്റിക്കുകള്‍ അടിഞ്ഞുകൂടുന്നതിനാലാണ് ഇവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
പ്ലാസ്റ്റിക് നിരോധനം കര്‍ക്കശമാക്കാന്‍ ജില്ലാ കലക്ടര്‍, സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരോട് നിര്‍ദേശിച്ചിട്ടുമുണ്ട്.ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങള്‍,വിതരണം ചെയ്യുന്ന കച്ചവടക്കാര്‍, വ്യക്തികള്‍ എന്നിവര്‍ക്കെതിരേ കര്‍ശന നിയമങ്ങളാണുണ്ടാവുക.
ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സബ്ഡിവിഷന്‍ മജിസ്‌ട്രേറ്റ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശ സെക്രട്ടറിമാര്‍ എന്നിവരെ വിവരം അറിയിക്കാം. പ്ലാസ്റ്റിക്ക് നിര്‍മിക്കുന്നവരേയും വിതരണം ചെയ്യുന്നവരേയും പിടികൂടിയില്‍ ആദ്യഘട്ടത്തില്‍ 10,000 രൂപ പിഴചുമത്തും. രണ്ടാമതും പിടിക്കപ്പെട്ടാല്‍ 25000വും മൂന്നാം തവണ 50000വുമാണ് പിഴ. ഇവരുടെ സ്ഥാപനം റദ്ദാക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."