കാരണവന്മാരുടെ നേട്ടങ്ങള്‍ തിരിച്ചറിയാത്തതാണ് ജോസ് കെ. മാണിയുടെ കുറവ്: ജോസഫ്
പാലാ: പാര്‍ട്ടി ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനാണ് അധികാരമെന്ന് കോടതി പറഞ്ഞിട്ടും മനസിലാകാത്ത ജോസ് കെ. മാണി തോല്‍ക്കാനായി ജനിച്ചവനാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. അകലക്കുന്നം പഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ടില ചിഹ്നം അനുവദിച്ചിട്ടും പാര്‍ട്ടിയില്‍ ആര്‍ക്കാണ് അധികാരമെന്ന് മനസിലാക്കാന്‍ ജോസ് കെ. മാണിക്ക് കഴിഞ്ഞിട്ടില്ല. അതിന് തെളിവാണ് കടുത്തുരുത്തിയില്‍ കേരള കോണ്‍ഗ്രസ് നേതാവിനെതിരേ പ്രകടനം നടത്തിയത്.
ജോസ് കെ. മാണി പാലായിലാണ് ശക്തി തെളിയിക്കേണ്ടത്. കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) പാലാ നിയോജക മണ്ഡലം ശക്തിപ്രകടനവും സമ്മേളനവും ഫെബ്രുവരി എട്ടിന് നടത്തുമെന്നും ഡിസംബര്‍ ആറിന് പാര്‍ട്ടി ഓഫിസ് തുറക്കുമെന്നും ജോസഫ് പറഞ്ഞു. പാലാ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജെ ജോസഫ്.
രണ്ട് പാര്‍ട്ടികളായി ഭിന്നിച്ചുനിന്ന ഘട്ടങ്ങളില്‍പോലും കെ.എം മാണിയും താനും പരസ്പരം ചെളിവാരി എറിഞ്ഞിട്ടില്ല.
കെ.എം മാണിയില്‍നിന്ന് തന്ത്രങ്ങള്‍ പഠിച്ച ശിഷ്യരെല്ലാം ഔദ്യോഗിക പാര്‍ട്ടിക്കൊപ്പമുണ്ട്. മാണിയുടെ ശിഷ്യരെല്ലാം ജോസ് കെ. മാണിയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ തയാറാകില്ല. കാര്‍ന്നോന്മാര്‍ ഉണ്ടാക്കിയ സല്‍പ്പേരും നേട്ടങ്ങളും സംരക്ഷിക്കാന്‍ മക്കള്‍ക്ക് ബാധ്യതയുണ്ട്. അത് തിരിച്ചറിയാന്‍പോലും കഴിയാത്തതാണ് ജോസ് കെ. മാണിയുടെ കുറവെന്നും ജോസഫ് പറഞ്ഞു.
കോടതി തട്ടിപ്പുകാരനെന്ന് വിധിച്ച ജോസ് കെ. മാണി താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയത് വ്യാജ കത്താണെന്ന് പറയുന്നത് ഇതിന് തെളിവാണ്. പാര്‍ട്ടി പിടിക്കാന്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് സമാന്തര സമ്മേളനം നടത്തിയ ജോസ് കെ. മാണി വ്യാജരേഖ ചമച്ചെന്ന് പ്രഖ്യാപിച്ചത് കട്ടപ്പന കോടതിയാണ്. ഇത് മനസിലാകാത്തത് ജോസ് കെ. മാണിക്ക് മാത്രമാണ്. ഇതിന് തെളിവാണ് ഇത്തരം വ്യാജ ആരോപണങ്ങള്‍. തനിക്കെതിരേ വിവിധ കേന്ദ്രങ്ങളില്‍ ആളെ ഇറക്കി പ്രകടനം നടത്തുന്ന ജോസ് കെ. മാണി യോഗം വിളിച്ച് നിലപാട് വ്യക്തമാക്കാന്‍ തയാറാകാത്തത് തിരിച്ചടി ഭയന്നാണെന്നും ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."