ജനുവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ല: ബിന്ദു അമ്മിണി
കോട്ടയം: ശബരിമലയില്‍ ജനുവരി രണ്ടിന് ദര്‍ശനം നടത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിന്ദു അമ്മിണി. യുവതികളെ സന്നിധാനത്തെത്താന്‍ അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെതിരേ സുപ്രിം കോടതിയെ സമീപിയ്ക്കും. മന്ത്രി എ.കെ ബാലന്‍ തന്റെ നിഴലിനെപ്പോലും ഭയക്കുകയാണ്. ഭയം കൊണ്ടാണ് താന്‍ ഓഫിസിലെത്തിയ കാര്യം മന്ത്രി നിഷേധിക്കുന്നത്. തനിക്കുനേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍ മുളകുപൊടി സ്‌പ്രേ പ്രയോഗിച്ചപ്പോള്‍ സംരക്ഷിക്കാന്‍ പൊലിസ് തയാറായില്ല. താന്‍ കമ്മിഷണര്‍ ഓഫിസിലേക്ക് പോകുന്ന വിവരം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചുവെന്നറിയില്ല. സംഘ്പരിവാറിന്റെ നിരീക്ഷണത്തിലാണ് ഓരോരുത്തരുമെന്നും അവര്‍ പറഞ്ഞു.
തൃപ്തി ദേശായി വിശ്വാസിയായതുകൊണ്ടാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ അവരുമായി സഹകരിക്കുന്നത്. സുപ്രിം കോടതി വിധിയനുസരിച്ച് ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കും. ജനുവരി രണ്ടിന് നവോത്ഥാന കേരളം സ്ത്രീസംഘത്തിന്റെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിന് നേതൃത്വം നല്‍കും. അന്നും ഇന്നും കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഒരേ നിലപാടാണ് ഉള്ളത്. അന്ന് യുവതീ പ്രവേശനവിധിയില്‍ സര്‍ക്കാര്‍ പെട്ടുപോയതാണ്. എന്നാല്‍ ഇന്ന് വിധിയിലെ ആശയക്കുഴപ്പം കാണിച്ചാണ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത്. വിധിയില്‍ സ്റ്റേ ഉണ്ടെങ്കില്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് അത് പൊലിസും സര്‍ക്കാരും എഴുതി നല്‍കണം. ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ അവരുടെ രാഷ്ട്രീയ അജന്‍ഡ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണ് വാര്‍ത്താസമ്മേളനമെന്ന് കരുതിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബിന്ദു അമ്മിണി കോട്ടയത്തെത്തിയപ്പോള്‍ മുതല്‍ പിന്തുടര്‍ന്നിരുന്നു. ബിന്ദു അമ്മിണിക്ക് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."