തെരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ ആരുമില്ലെന്ന് നിതീഷ്
പട്ന: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ കഴിയുന്ന തരത്തിലുള്ള എതിരാളികള്‍ രാജ്യത്തില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
മഹാസഖ്യം പിളര്‍ത്തി ബി.ജെ.പിക്കൊപ്പം വീണ്ടും കൂട്ടുകൂടിയ നിതീഷ് ഇന്നലെ പട്നയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദിയെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്.
ഒരു സംശയവുമില്ല, മോദിയെ വെല്ലാന്‍ ഇന്ത്യയില്‍ മറ്റാരുമില്ല. ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കിയതിനെ പലരും എതിര്‍ക്കുകയാണ്. എന്നാല്‍ തന്റെ തീരുമാനം തെറ്റായിരുന്നില്ലെന്ന് താന്‍ തെളിയിക്കുമെന്ന് നിതീഷ് പറഞ്ഞു.
ബിഹാറില്‍ മഹാസഖ്യത്തെ നിലനിര്‍ത്താന്‍ താന്‍ പരമാവധി പരിശ്രമിച്ചിരുന്നു. ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരായ അഴിമതി ആരോപണത്തെ തുടക്കത്തില്‍ താന്‍ അവഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് തന്റെ മുന്നിലേക്കും അഴിമതി ആരോപണത്തിന്റെ മുന നീണ്ടു. ഇതേതുടര്‍ന്ന് ഇതുസംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ലാലുവും കുടുംബവും ഇത് അവഗണിക്കുകയാണ് ചെയ്തത്.
എല്ലാ പ്രശ്നങ്ങളും താന്‍ സഹിക്കുകയായിരുന്നു. എന്നാല്‍ അഴിമതി ആരോപണം മാധ്യമങ്ങളില്‍ വന്നതോടെ ഇതിനെതിരേ മുഖം തിരിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഈ സാഹചര്യത്തില്‍ താന്‍ എന്താണ് ചെയ്യുകയെന്നും നിതീഷ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."