ഛത്തിസ്ഗഡില്‍ മന്ത്രിയുടെ ഭാര്യ ഭൂമി തട്ടിയെടുത്തു; ബി.ജെ.പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍
റായ്പൂര്‍:വനഭൂമി തട്ടിയെടുത്തതിനു പിന്നാലെ ഛത്തിസ്ഗഡില്‍ മന്ത്രിയുടെ ഭാര്യ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏക്കര്‍കണക്കിന് ഭൂമിയും തട്ടിയെടുത്തതായി കണ്ടെത്തി.
മന്ത്രിയുടെ ഒത്താശയോടെയാണ് ഭാര്യയുടെ നേതൃത്വത്തിലുള്ള സംഘം ഭൂമി തട്ടിയെടുക്കുന്നതെന്ന് കണ്ടെത്തിയതോടെ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ തലയൂരണമെന്നറിയാത്ത അവസ്ഥയിലാണ് സര്‍ക്കാരും സംസ്ഥാന ബി.ജെ.പി നേതൃത്വവും.
വനം വകുപ്പിന് കീഴിലുള്ള 4.12 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന കൃഷി-മൃഗക്ഷേമ മന്ത്രിയായ ബ്രിജ്‌മോഹന്‍ അഗര്‍വാളിന്റെ ഭാര്യ സരിതാ അഗര്‍വാള്‍ തട്ടിയെടുത്തത്. ഇത് വിവാദമായതോടെ മുഖ്യമന്ത്രി രമണ്‍സിങ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് 13.9 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും വ്യാജരേഖ ചമച്ച് ഇവര്‍ കൈക്കലാക്കിയതായി കണ്ടെത്തിയത്.
മഹാസമുദ് ജില്ലയിലാണ് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തത്. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ആദിത്യശ്രീജന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ഭൂമി തട്ടിയെടുത്തതെന്ന് മനസിലായത്. മന്ത്രിയുടെ ഭാര്യ സരിത. മകന്‍ അഭിഷേക് അഗര്‍വാള്‍ തുടങ്ങിയവര്‍ ഡയരക്ടര്‍മാരായ കമ്പനിയാണ് ഇത്. തട്ടിയെടുത്ത ഭൂമിയോടു ചേര്‍ന്ന് ഇവര്‍ക്ക് സ്ഥലമുണ്ട്. ഇതിനൊപ്പമാണ് വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്തത്.
സ്വകാര്യ വ്യക്തി വനംവകുപ്പിന് നല്‍കിയ 4.12 ഏക്കര്‍ ഭൂമിയാണ് മന്ത്രിയുടെ ഭാര്യ തട്ടിയെടുത്തിരുന്നത്. സംഭവം വിവാദമായതോടെയാണ് ഇവരുടെ കൈവശമുള്ള ഭൂമിയെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. ഇതോടെയാണ് 13.9 ഏക്കര്‍ ഭൂമികൂടി ഇവര്‍ തട്ടിയെടുത്തതായി കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."