വീണ്ടും എ.ടി.എം സെന്ററില്‍ കവര്‍ച്ചാ ശ്രമം; നിരീക്ഷണ കാമറകള്‍ തകര്‍ത്തു
പുതുക്കാട്: വരന്തരപ്പിള്ളിയില്‍ സ്റ്റേറ്റ് ബാങ്കിന്റെ എ.ടി.എം സെന്ററില്‍ കവര്‍ച്ചാ ശ്രമം. വരന്തരപ്പിള്ളി റിങ് റോഡില്‍ സ്റ്റേറ്റ് ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെയുള്ള എ.ടി.എം മെഷീന്‍ കുത്തിതുറക്കാനാണു ശ്രമം നടന്നത്. എ.ടി.എം സെന്ററിലെ രണ്ട് നിരീക്ഷണ കാമറകള്‍ തകര്‍ത്തു.
സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ടുബസുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. മൂന്നിനു രാത്രി പത്തേമുക്കാലോടെയാണ് കവര്‍ച്ചശ്രമം നടന്നിരിക്കുന്നത്. രണ്ടുപേരാണ് കവര്‍ച്ചക്കു പിന്നിലെന്ന് കരുതുന്നു. എ.ടി.എം സെന്ററിലെ നശിപ്പിക്കപ്പെട്ട കാമറയില്‍ കവര്‍ച്ചക്കെത്തിയവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. രണ്ടു പേരും ഉടുത്തമുണ്ടുകൊണ്ടു മുഖം മറച്ച രീതിയിലാണ് എത്തിയിരുന്നത്. മേഖലയില്‍ വൈദ്യുതി നിലച്ച സമയത്താണു കവര്‍ച്ച ശ്രമം നടന്നത്.
എ.ടി.എം സെന്ററിന്റെ മുന്‍പില്‍ സ്ഥാപിച്ചിരുന്ന കാമറയുടെ വയര്‍ മുറിച്ചു മാറ്റിയാണ് കവര്‍ച്ചക്കെത്തിയവര്‍ അകത്തു കയറിയിരിക്കുന്നത്. സെന്ററിന്റെ അകത്തുള്ള കാമറ തകര്‍ത്തതിനുശേഷം മെഷീന്റെ അടിഭാഗത്ത് പണം നിറച്ച ട്രേയുടെ ലോക്ക് തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനിടെ മുബൈയിലെ എസ്.ബി.ഐ ബാങ്കിന്റെ സ്വിച്ച് സെന്ററിലേക്ക് സന്ദേശം എത്തുകയായിരുന്നു. ഉടന്‍ തന്നെ ബാങ്കിന്റെ തൃശൂര്‍ ഓഫിസിലേക്ക് വിവരം അറിയിക്കുകയായിരുന്നു. രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് ബാങ്കില്‍ നിന്ന് വരന്തരപ്പിള്ളി പൊലിസിന് വിവരം ലഭിക്കുന്നത്. നിമിഷങ്ങള്‍ക്കകം എസ്.ഐ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തില്‍ പൊലിസ് സംഭവസ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചക്കെത്തിയവര്‍ രക്ഷപ്പെട്ടിരുന്നു.
കവര്‍ച്ചക്കിടെ എ.ടി.എം സെന്ററിലെ അലാറം മുഴങ്ങിയതാവാം ഇവര്‍ രക്ഷപ്പെടാന്‍ കാരണമെന്നു പൊലിസ് പറഞ്ഞു. പ്രൊഫഷണല്‍ കവര്‍ച്ചക്കാരല്ല ഇതിനു പിന്നിലെന്ന നിഗമനത്തിലാണു പൊലിസ്. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി. ബൈക്കിലാണ് ഇവര്‍ കവര്‍ച്ചക്കെത്തിയതെന്നാണു പൊലിസിന്റെ സംശയം. സമീപത്തുള്ള നിരീക്ഷണ കാമറകള്‍ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തും.
സമീപത്തെ സ്വകാര്യ ബസിലും സ്‌കൂള്‍ ബസിലുമാണ് മോഷണശ്രമം നടന്നിട്ടുള്ളത്. എന്നാല്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കാതെ പൊലിസ് ബസ് വിട്ടയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."