കാബൂളിലെ ഇറാഖ് എംബസിക്ക് നേരെ ഐ.എസിന്റെ ഭീകരാക്രമണം; രണ്ട് മരണം
കാബൂള്‍: കാബൂളിലെ ഇറാഖ് എംബസിക്കു നേരെ ഭീകരാക്രമണം. രണ്ട് അഫ്ഗാന് എംബസി ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പൊലിസ് ഓഫിസര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലാണ് നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. നാലു ഭീകരരാണ് വെടിവയ്പ് നടത്തിയത്. ഏറ്റുമുട്ടലിനിടയില്‍ സ്ഫോടനവും നടന്നു.
എന്നാല്‍ തങ്ങളുടെ രണ്ട് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഐ.എസ് അനുകൂല വാര്‍ത്താ ഏജന്‍സി അമാഖ് റിപ്പോര്‍ട്ട് ചെയ്തു. എംബസിയില്‍ നിന്ന് രണ്ട് തവണ സ്ഫോടനശബ്ദം കേട്ടതായും പൊലിസ് അറിയിച്ചു. സ്ഫോടനത്തില്‍ ഇറാഖ് എംബസിയുടെ ഒരു ഭാഗം തകര്‍ന്നു.
ശഹ്റെ നാ പട്ടണത്തിലാണ് ഇറാഖ് എംബസി പ്രവര്‍ത്തിക്കുന്നത്. കാബൂള്‍ നഗരത്തിലെ ഗ്രീന്‍ സോണിനു പുറത്താണിത്. മിക്ക വിദേശരാജ്യങ്ങളുടെയും എംബസികള്‍ പ്രവര്‍ത്തിക്കുന്നത് ഗ്രീന്‍ സോണിലാണ്. താരതമ്യേന സുരക്ഷാ സംവിധാനങ്ങളും ഇവിടെ കുറവാണ്. ഒരാഴ്ച മുന്‍പ് കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 35 പേര് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 11 ന് കുനാറില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഐ.എസ് നേതാവ് അബു സെയ്ദിനെ യു.എസ് കൊലപ്പെടുത്തിയിരുന്നു. നേരത്തെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ ഏറ്റവും വലിയ ആണവേതര ബോംബായ എം.ഒ.എ.ബി ഉപയോഗിച്ച് നിരവധി ഭീകരരെയും യു.എസ് വധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."