രാഖി കൃഷ്ണയുടെ ആത്മഹത്യ: കേസ് അധ്യാപകരുടെ സസ്‌പെന്‍ഷനില്‍ ഒതുങ്ങാന്‍ സാധ്യത
കൊല്ലം: ഫാത്തിമ മാതാ നാഷനല്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച സംഭവം ഒതുക്കാന്‍ നീക്കം. നിലവില്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.
കോളജ് അധികൃതരുടെ മാനസിക പീഡനം മൂലമാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്ന ആരോപണം ശക്തമാണെങ്കിലും ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കില്ലെന്നാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. പരീക്ഷാ ചുമതലയുണ്ടായിരുന്ന ആറ് അധ്യാപകരെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കോളജ് തലത്തിലുണ്ടായ അച്ചടക്ക നടപടിയുടെ പേരില്‍ മാത്രം ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നാണ് പൊലിസ് പറയുന്നത്. എങ്കിലും അന്വേഷണം തുടരും. അതേസമയം അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് രാഖി കൃഷ്ണന്റെ പിതാവ് രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കോപ്പിയടിക്ക് പിടിക്കപ്പെട്ടാല്‍ ഫോട്ടോയെടുക്കാന്‍ യൂനിവേഴ്‌സിറ്റി ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കോളജിനകത്തും പുറത്തും എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റ് തയാറായത്.
ആദ്യം അധ്യാപകരായ നിഷ തോമസ്, ലില്ലി, സജിമോന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പലും മണിക്കൂറുകള്‍ക്കകം ചീഫ് പരീക്ഷാ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ഇന്‍വിജിലേറ്റര്‍, പരീക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപകര്‍, സ്വാശ്രയ വിഭാഗത്തിന്റെ കോര്‍ഡിനേറ്റര്‍ എന്നിവരെ ഉള്‍പ്പെടെ സസ്‌പെന്‍ഡ് ചെയ്തതായി മാനേജരും അറിയിക്കുകയായിരുന്നു. എന്നാല്‍ മാനേജരുടെ അറിയിപ്പില്‍ നിന്ന് അധ്യാപകരുടെ പേരുകള്‍ ഒഴിവാക്കി.
പരീക്ഷാ ചുമതലകളിലെ പദവികള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. അതേസമയം അധ്യാപകര്‍ക്കെതിരായ നടപടി പ്രഖ്യാപനം വിദ്യാര്‍ഥി പ്രക്ഷോഭത്തെ തണുപ്പിക്കാനുള്ള നാടകമാണെന്ന ആക്ഷേപവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."