മഹാരാഷ്ട്ര: ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ ഞെട്ടിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെങ്കിലും സുപ്രധാനപദവികള്‍ പങ്കിടുന്നത് സംബന്ധിച്ച വിലപേശലുകള്‍ അവസാനിച്ചില്ല. മന്ത്രിമാരുടെ പദവി സംബന്ധിച്ച് ഏകദേശ ധാരണയെത്തിയ ശേഷമാണ് ഇന്നലെ ഉച്ച കഴിഞ്ഞ് ഉദ്ധവ് താക്കറെ വിശ്വാസവോട്ടെടുപ്പ് തേടിയതെങ്കിലും ത്രികക്ഷി സഖ്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതായാണ് സൂചന.
എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി പദവികള്‍ നല്‍കുന്ന വിധത്തിലായിരുന്നു ആദ്യം ധാരണയെങ്കിലും പിന്നീട് അത് സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പിക്കും എന്ന വിധത്തിലേക്ക് മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്കു വേണമെന്ന ആവശ്യം കോണ്‍ഗ്രസ് വീണ്ടും മുന്നോട്ടുവച്ചു. ഇതിനോട് എന്‍.സി.പി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാത്ത് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണയിലെത്താനായില്ല. കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദവി നല്‍കാനാവില്ലെന്ന് പവാര്‍ തീര്‍ത്തുപറഞ്ഞതായാണ് സൂചന.
ഉപമുഖ്യമന്ത്രിസ്ഥാനം കൂടാതെ, ആഭ്യന്തരം, ധനകാര്യം, റവന്യൂ, ഗ്രാമവികസനം തുടങ്ങിയ പ്രധാന വകുപ്പുകള്‍ സംബന്ധിച്ച തര്‍ക്കവും തീര്‍ന്നിട്ടില്ല. ഇക്കാരണത്താലാണ് മന്ത്രിസഭാ വികസനം പൂര്‍ത്തിയാവാത്തത്.
അതേസമയം, ബി.ജെ.പി വിമതനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉടക്കി പാര്‍ട്ടിവിട്ട നാനാ പടോലെയെ സ്പീക്കറാക്കുന്നതോടെ ബി.ജെ.പിക്ക് ഒരിക്കല്‍ക്കൂടി തിരിച്ചടി നല്‍കാന്‍ കഴിയുമെന്നതിനാലാണ് അദ്ദേഹത്തിന്റെ പേര് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ബി.ജെ.പി എം.പിയായിരുന്ന പടോലെ ഒന്നാം മോദിസര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചാണ് പാര്‍ട്ടിവിട്ടത്.
മോദിസര്‍ക്കാരിനെതിരേ പരസ്യമായി വിമര്‍ശനവുമായി ആദ്യം രംഗത്തുവന്ന ബി.ജെ.പി നേതാവും പടോലയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."