ഫിഫ അണ്ടര്‍ 17 ലോകകപ്പ്: വിഡിയോ റഫറല്‍ സംവിധാനം ഉണ്ടാകില്ല
കൊച്ചി: ഇന്ത്യ വേദിയാകുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വിഡിയോ റഫറല്‍ സംവിധാനം ഉണ്ടാകില്ലെന്ന് ടൂര്‍ണമെന്റ് ഡയറക്റ്റര്‍ ഹാവിയര്‍ സെപ്പി. കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ സംവിധാനം ഉപയോഗിച്ചെങ്കിലും അണ്ടര്‍ 17 ലോകകപ്പിന് വേണ്ടെന്നാണ് ഫിഫയുടെ തീരുമാനം. ഗോവ പോലുള്ള വേദികളെ അപേക്ഷിച്ച് ടിക്കറ്റ് വില്‍പനയില്‍ കൊച്ചി ബഹുദൂരം മുന്നിലാണ്. ആദ്യ രണ്ട് ഘട്ടങ്ങളിലെ കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങളുടെ 100 ശതമാനം ടിക്കറ്റുകളും വിറ്റു കഴിഞ്ഞു. വില്‍പനയില്‍ നേരിയ ഇടിവുണ്ടായെങ്കിലും ഒക്ടോബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന മൂന്നാം ഘട്ട ടിക്കറ്റ് വില്‍പ്പനയിലും കൊച്ചി 100 ശതമാനം പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ സംശമില്ലെന്നും സെപ്പി പറഞ്ഞു. ഒക്ടോബര്‍ അഞ്ചിന് മുന്‍പു ടിക്കറ്റു മുഴുവന്‍ വിറ്റു തീരാത്ത സാഹചര്യമുണ്ടായാലും മത്സര ദിനങ്ങളില്‍ ടിക്കറ്റ് വില്‍പന ഉണ്ടായിരിക്കില്ല. ഇനി ആവശ്യമായി വന്നാല്‍ സ്റ്റേഡിയത്തിന്റെ പരിധയില്‍ നിന്നു ദൂരെയെവിടെയെങ്കിലും ടിക്കറ്റ് കൗണ്ടറുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കാം. എന്നാല്‍, ഇതിന് വിദൂര സാധ്യത മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിന്റെ ഭാഗമായി സ്റ്റേഡിയവും അതിനോടനുബന്ധിച്ചളള മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതുവരെ 80 ശതമാനം വരെ മാത്രമാണ് പൂര്‍ത്തിയായിട്ടുളളത്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണുന്ന ഒരോരുത്തര്‍ക്കും മുന്നില്‍ കേരളത്തിന്റെ മുഖമായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയമാണ് മാറുന്നത്. ലോകം മുഴുവന്‍ സംപ്രേക്ഷണം ചെയ്യുന്ന മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമെന്നും സെപ്പി പറഞ്ഞു. അടിസ്ഥാനവും അത്യാവശ്യവുമായ കാര്യങ്ങള്‍ മാത്രമേ ഫിഫ നിര്‍ബന്ധിതമായി നടപ്പാക്കാന്‍ ആവശ്യപ്പെടുകയുള്ളൂ. ലോകകപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ പരിപാടികള്‍ സര്‍ക്കാര്‍ ആരംഭിക്കണം. ലോകകപ്പിന്റെ മാത്രമല്ല ഇന്ത്യയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള പ്രചാരണങ്ങള്‍ കൂടിയാണ് നടത്തേണ്ടതെന്നും സെപ്പി കൂട്ടിച്ചേര്‍ത്തു.
ചതുര്‍രാഷ്ട്ര പോരാട്ടത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 17 ടീം കളിക്കും
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി വിദേശ പര്യടനം നടത്തുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നാല് രാജ്യങ്ങള്‍ പങ്കെടുക്കുന്ന പോരാട്ടത്തില്‍ മത്സരിക്കും. മെക്‌സിക്കോ സിറ്റിയില്‍ ഈ മാസം മൂന്ന് മുതല്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ കൂടാതെ മെക്‌സിക്കോ, കൊളംബിയ, ചിലി ടീമുകളാണ് മത്സരിക്കുന്നത്. മൂന്നാം തിയതി ആദ്യ മത്സരത്തില്‍ ഇന്ത്യ മെക്‌സിക്കോയുമായും നാലിന് കൊളംബിയയുമായും ആറിന് ചിലിയുമായും ഏറ്റുമുട്ടും.
ഈ ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ഇന്ത്യ യൂറോപ്യന്‍ പര്യടനവും നടത്തുന്നുണ്ട്. സെര്‍ബിയ, മാസിഡോണിയ ദേശീയ ടീമുകളുമായും ബെന്‍ഫിക്ക ക്ലബിന്റെ അണ്ടര്‍ 17 ടീമുമായും ഇന്ത്യന്‍ മാറ്റുരയ്ക്കും. ലോകകപ്പില്‍ മികച്ച ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. ഗ്രൂപ്പ് എയില്‍ അമേരിക്ക, കൊളംബിയ, ഘാന ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ ഇടംപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."