ആത്മഹത്യാ കുറിപ്പിലെ പരാമര്‍ശം: സഹകരണ ബാങ്ക് പ്രസിഡന്റിനെതിരേ സി.പി.എം നടപടി
മാനന്തവാടി: തവിഞ്ഞാല്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റും സി.പി.എം മാനന്തവാടി ഏരിയാ കമ്മിറ്റി അംഗവുമായ പി. വാസുവിനെതിരേ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. ബാങ്ക് ജീവനക്കാരനും സി.പി.എം തവിഞ്ഞാല്‍ 44 ാംമൈല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ശാലിനി നിവാസില്‍ അനില്‍കുമാറി(47)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി. അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ വാസുവിനെതിരേ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്നാണ് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. റഫീഖ്, പി.വി സഹദേവന്‍, പി.കെ സുരേഷ് എന്നിവര്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗം പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും വാസുവിനെ സസ്‌പെന്‍ഡ് ചെയ്തത്. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ കമ്മിഷനേയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ വാസുവിന്റെ പാര്‍ട്ടി അംഗത്വം തുടരും.
അനില്‍കുമാറിന്റെ മരണത്തെ തുടര്‍ന്ന് തലപ്പുഴയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ വ്യാപക പ്രതിഷേധംകൂടി കണക്കിലെടുത്താണ് നടപടി. ബാങ്കിലെ പ്യൂണും വളം ഡിപ്പോയുടെ ചുമതലക്കാരനുമായ അനില്‍കുമാര്‍ ശനിയാഴ്ച ഉച്ചക്കാണ് വീട്ടിനുള്ളില്‍ വിഷം കഴിച്ച് മരിച്ചത്. സ്വന്തം കൈപ്പടയില്‍ എഴുതിയ ആറു കത്തുകളില്‍ ചോരകൊണ്ട് ഒപ്പ് ചാര്‍ത്തിയ ശേഷമായിരുന്നു ആത്മഹത്യ. ഭാര്യ, സി.പി.എം മാനന്തവാടി ഏരിയാ സെക്രട്ടറി, തലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, മൂന്ന് സുഹൃത്തുക്കള്‍ എന്നിവര്‍ക്കാണ് കത്തുകളെഴുതിയിരുന്നത്. ബാങ്ക് സെക്രട്ടറിക്കെതിരേയും കത്തില്‍ പരമാമര്‍ശമുണ്ട് . ബാങ്കിലെ വളം വിതരണവും മറ്റുമായി ലക്ഷങ്ങളുടെ ബാധ്യത തനിക്കുണ്ടായതായും അതിനെല്ലാം പിന്നില്‍ ബാങ്ക് പ്രസിഡന്റായ പി. വാസുവാണെന്നുമാണ് കത്തുകളിലെ രത്‌നചുരുക്കം. ഞായറാഴ്ച സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് കിടപ്പുമുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പുകള്‍ ഭാര്യ കഴിഞ്ഞദിവസം മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുകയും പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."