ചിത്രയില്ലാതെ സെലക്ഷന് മുന്‍പേ പട്ടിക ലണ്ടനില്‍; കള്ളക്കളികള്‍ പുറത്ത് ചാടുന്നു
തിരുവനന്തപുരം: പി.യു ചിത്രയെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ മലയാളികള്‍ക്ക് പങ്കുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. അത്‌ലറ്റിക് ഫെഡറേഷനെ കൂടുതല്‍ വെട്ടിലാക്കി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ബച്ചന്‍ സിങ് രണ്‍ധാവെയും രംഗത്ത്.
പി.യു ചിത്രയെ ഒഴിവാക്കിയത് ന്യായീകരിക്കാന്‍ ഫെഡറേഷന്‍ വിയര്‍ക്കുന്നതിനിടെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നത്. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള പട്ടിക സെലക്ഷന്‍ കമ്മിറ്റി ചേരും മുന്‍പേ തന്നെ ലണ്ടനിലേക്ക് പറന്നു.
മലയാളിയായ ഡപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായരാണ് സെലക്ഷന്‍ കമ്മിറ്റി യോഗം ചേരും മുന്‍പേ സാധ്യതാ പട്ടിക ലണ്ടനിലേക്ക് അയച്ചത്. അത്‌ലറ്റിക് ഫെഡറേഷനിലെ മുതിര്‍ന്ന ഉദ്യോസ്ഥന്‍ തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് പിന്നാലെ തന്നെ ലണ്ടനിലേക്ക് പോകാനുള്ളവരുടെ സാധ്യതാ പട്ടിക ഫെഡറേഷന്‍ തയ്യാറാക്കിയിരുന്നു. പട്ടികയില്‍ ഇല്ലാതിരുന്ന 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് താരം സുധാസിങിന്റെ പേരും അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. ചിത്രയെ ഒഴിവാക്കാന്‍ ഫെഡറേഷന്‍ നടത്തിയ കള്ളകളികളാണ് പുറത്താകുന്നത്.
ഇതിന് പിന്നാലെയാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഗുര്‍ബച്ചന്‍ സിങ് രണ്‍ധാവെ വീണ്ടും രംഗത്തെത്തിയത്. പി.യു ചിത്രയെ ലോക ചാംപ്യന്‍ഷിപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഫെഡറേഷന് എതിരേ അദ്ദേഹം ഉയര്‍ത്തിയത്. ലോക ചാംപ്യന്‍ഷിപ്പിനുള്ള ടീമിന്റെ അന്തിമ പട്ടിക കണ്ടില്ലെന്ന് രണ്‍ധാവെ വ്യക്തമാക്കി.
ചിത്രയെ ഒഴിവാക്കിയ കാര്യവും അറിഞ്ഞില്ല. ചാംപ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കാനുള്ള അവസാന തിയതി ജൂലൈ 24 ആയിരുന്നു. അവസാന നിമിഷത്തിലായിരുന്നു ചിത്ര ഒഴിവാക്കപ്പെട്ടത്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണ ജേതാക്കളെ എല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും രണ്‍ധാവെ പറഞ്ഞു.
അന്തിമ പട്ടിക തയാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയല്ല എ.എഫ്.ഐ ആണെന്നും രണ്‍ധാവെ വ്യക്തമാക്കുന്നു. ലണ്ടനിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പട്ടിക പട്ടിക 23ന് രാത്രിയാണ് അത്‌ലറ്റിക് ഫെഡറേഷന്‍ പുറത്തിറക്കിയത്. 20ന് സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് നിശ്ചയിച്ച പട്ടികയില്‍ മാറ്റം വന്നു എന്നതാണ് രണ്‍ധാവെയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വരുന്നത്.
പി.ടി ഉഷ കേന്ദ്ര നീരീക്ഷകയായി പങ്കെടുത്ത സെലക്ഷന്‍ കമ്മറ്റിയില്‍ എ.എഫ്.ഐ സെക്രട്ടറി ജനറല്‍ സി.കെ വത്സന്‍, ഡപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു. സെലക്ഷന്‍ കമ്മറ്റിയില്‍ ചിത്രക്ക് വേണ്ടി ഇവര്‍ വാദിച്ചില്ലെന്ന് ചെയര്‍മാന്‍ ജി.എസ് രണ്‍ധാവെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ചിത്രയുടെ നിയമ പോരാട്ടത്തെ പിന്തുണക്കും: ടി.പി ദാസന്‍
തിരുവനന്തപുരം: പി.യു ചിത്രയുടെ നിയമ പോരാട്ടത്തിന് സാമ്പത്തിക സഹായവും ശക്തമായ പിന്തുണയും നല്‍കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍. ചിത്രയെ ഒഴിവാക്കിയത് ഗൂഢാലോചനയുടെ ഫലമാണ്.
പി.ടി ഉഷയുടെ നടപടി മനഃപൂര്‍വമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേന്ദ്ര നിരീക്ഷക എന്ന നിലയില്‍ പി.ടി ഉഷക്ക് ശക്തമായി ഇടപെടാന്‍ കഴിയുമായിരുന്നു. അതുണ്ടായില്ല. ഫെഡറേഷന് എതിരായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമ പോരാട്ടം തുടരും. ഭാവിയില്‍ ഒരു കായിക താരത്തിനും ചിത്രക്ക് നേരിടേണ്ടി വന്ന അനുഭവം ഉണ്ടാവരുത്. ചിത്രയുടെ ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ടി.പി ദാസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."