സംസ്ഥാനത്ത് സി.പി.എം-പൊലിസ് സെല്‍ഭരണം: കെ.പി.എ മജീദ്
മലപ്പുറം: സംസ്ഥാനത്ത് സി.പി.എം-പൊലിസ് കൂട്ടുകെട്ടിലുള്ള സെല്‍ഭരണം നടപ്പാക്കാന്‍ ശ്രമിക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. തീരദേശത്തെ പൊലിസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫിസിലേക്ക് നടത്തിയ ജനപ്രതിനിധികളുടെ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വ്യാപകമായി പൊലിസിലെ ഒരുവിഭാഗത്തെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഏകപക്ഷീയമായി അടിച്ചമര്‍ത്തുകയാണ്. പൊലിസിന്റെ നയനിലപാടുകളെ നോക്കിയായിരിക്കും ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുക. ഇടതുപക്ഷഭരണം നൂറുദിവസം പിന്നിടുന്നതിനു മുന്‍പ് തന്നെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പ്രത്യക്ഷ സമരത്തിനിറങ്ങേണ്ട സ്ഥിതിവിശേഷത്തിലെത്തിയെന്നും പൊലിസിനെ അത്രത്തോളം രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്നും മജീദ് കൂട്ടിച്ചേര്‍ത്തു. പൊലിസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു പോലും പൊലിസിന്റെ നയനിലപാടുകളെ വിമര്‍ശിക്കേണ്ടിവന്നിരിക്കുകയാണ്. പൊലിസ്‌സേന ജനവിരുദ്ധമായെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന് ഭരണം ലഭിച്ചതോടെ തീരദേശപ്രദേശങ്ങളില്‍ സി.പി.എമ്മും പൊലിസിലെ ഒരുവിഭാഗവും അഴിഞ്ഞാടുകയാണ്.
കണ്ണൂര്‍ മോഡലിലുള്ള ആക്രമണങ്ങള്‍ മലപ്പുറം ജില്ലയില്‍ ആദ്യമാണ്. എന്നിട്ടും കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയാറാവാതെ സി.പി.എമ്മുകാര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് നടപടി. ഇനിയും തെറ്റ് തിരുത്തിയില്ലെങ്കില്‍ സമരപരിപാടികള്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."