കേരള ഐ.എ.എസായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളെ മാറ്റി നിര്‍ത്താന്‍ ഭരണ-ഉദ്യോഗസ്ഥ ഗൂഢാലോചന
കേരള ഐ.എ.എസായ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളെ മാറ്റി നിര്‍ത്താന്‍ ഭരണ-ഉദ്യോഗസ്ഥ ഗൂഢാലോചന
ചരിത്രം
ഇ.കെ നായനാര്‍ അധ്യക്ഷനായ മൂന്നാം ഭരണപരിഷ്‌കരണ കമ്മിഷനാണ് കേരള ഭരണ സര്‍വിസെന്ന ആശയം മുന്നോട്ടുവച്ചത്. ഐ.എ.എസ് മാതൃകയില്‍ സംസ്ഥാനത്തിനും സ്വന്തമായ ഉന്നത ഉദ്യോഗസ്ഥ കേഡര്‍ എന്നതാണ് തത്വം. പി.എസ്.സി പരീക്ഷ കഴിഞ്ഞുവന്ന് ജോലി ചെയ്ത് പരിശീലനം ലഭിക്കുന്നതല്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റു പരിശീലനമില്ല. ഇതിന് പകരം ഐ.എ.എസുകാര്‍ക്ക് ലഭിക്കുന്നതു പോലെ പരിശീലനം നല്‍കി ഏത് വകുപ്പിലെയും ഉന്നത തസ്തികകളില്‍ നിയമിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥവൃന്ദത്തെ വളര്‍ത്തുക, യുവാക്കളെ സര്‍ക്കാര്‍ സര്‍വിസിന്റെ ഉന്നതതലങ്ങളില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടുക എന്നിവയാണ് കെ.എ.എസ് രൂപീകരണ ലക്ഷ്യം.
ഐ.എ.എസ് എന്ന് പറയുംപോലെ കെ.എ.എസ് എന്ന് ഉദ്യോഗസ്ഥരുടെ പേരിനൊപ്പം പ്രയോഗിക്കുന്നതും ഉദ്യോഗാര്‍ഥികള്‍ക്ക് ആകര്‍ഷകമാണ്.
ഏതൊക്കെ തസ്തികകള്‍
സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥ തസ്തികകളാണ് കേരള ഭരണ സര്‍വിസായി മാറുക. സെക്രട്ടേറിയറ്റില്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ ഐ.എ.എസ് നിയമന കേഡറിന് താഴെ വരെയുള്ള തസ്തികകള്‍ ഇതിന്റെ പരിധിയില്‍ വരും. ( ആദ്യ ഘട്ടത്തില്‍ അണ്ടര്‍ സെക്രട്ടറി തസ്തിക മാത്രമാണ് കെ.എ.എസില്‍ ഉള്‍പ്പെടുത്തുക) മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ അസി. ഡയറക്ടര്‍ മുതലുള്ള തസ്തികകളും കെ.എ.എസില്‍ ഉള്‍പ്പെടുത്തും. ഏറ്റവും പ്രധാനം സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് ഐ.എ.എസിലേക്ക് നിര്‍ദേശിക്കപ്പെടുക കെ.എ.എസുകാരെ ആയിരിക്കും എന്നതാണ്.
വര്‍ഷത്തില്‍ പത്തില്‍ താഴെ പേര്‍ ഐ.എ.എസിലേക്ക് നിര്‍ദേശിക്കപ്പെടുന്നുണ്ട്. ആദ്യ ഘട്ടമെന്ന നിലയില്‍ ചില വകുപ്പുകളെയും നിയമസഭയെയും പി.എസ്.സിയെയും മറ്റും മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും പിന്നാലെ എല്ലാ വകുപ്പുകളിലും കെ.എ.എസ് നടപ്പാകും.
തുടക്കം ഇങ്ങനെ, നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ കെ.എ.എസ് രൂപീകരണത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ നടന്നെങ്കിലും മുന്നോട്ടുപോയില്ല. പിന്നീട് എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളുടെ കാലത്തും ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് കെ.എ.എസ് രൂപീകരണ നടപടികള്‍ക്ക് ജീവന്‍ വച്ചത്. 2016ല്‍ എല്‍.ഡി എഫിന്റെ പ്രകടന പത്രികയില്‍ കേരള ഭരണ സര്‍വിസ് രൂപീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ തന്നെ കെ.എ.എസ് ഇടംപിടിച്ചു. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ചയും കരടും അന്തിമ കരടും രൂപീകരിച്ച് അന്തിമ വിജ്ഞാപനത്തിലേക്ക് കടക്കുകയാണ്.
ജീവനക്കാരുടെ എതിര്‍പ്പിന് കാരണം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റം നഷ്ടപ്പെടുന്നു എന്നതാണ് കേരള ഭരണ സര്‍വിസിനെതിരായ ജീവനക്കാരുടെ എതിര്‍പ്പിന്റെ മര്‍മം. സെക്രട്ടേറിയറ്റ് ഉദാഹരണമായെടുത്താല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലിക്ക് കയറി അഡീഷനല്‍ സെക്രട്ടറി വരെ ഒരു ഉദ്യോഗസ്ഥന് എത്താന്‍ കഴിയും. കെ.എ.എസ് രൂപീകരിക്കപ്പെട്ടാല്‍ അണ്ടര്‍ സെക്രട്ടറിപോലും ആകാന്‍ സാധാരണ ഉദ്യോഗസ്ഥന് കഴിയില്ല. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഒറ്റക്കെട്ടായി നടത്തിവന്ന പ്രതിഷേധമാണ് സര്‍ക്കാരിനെ കെ.എ.എസ് രൂപീകരണത്തില്‍ നിന്ന് തടഞ്ഞത്. മുഖ്യമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചതോടെ ഇടത് സംഘടനകള്‍ പ്രതിഷേധത്തില്‍ നിന്ന് പിന്മാറി. യു.ഡി.എഫ് സംഘടനകളുടെ പ്രതിഷേധത്തെ കര്‍ശനമായി നേരിടുകയും ചെയ്തതോടെ സര്‍ക്കാരിന് വഴി സുഗമമായി.
മൂന്ന് ധാരകളായാണ് കെ.എ.എസ് നിയമനം. മൂന്നിലൊന്ന് തസ്തികകള്‍ (നൂറു പേരെ നിയമിച്ചാല്‍ 33 പേര്‍) പൊതു നിയമനമാണ്. ബിരുദധാരിയായ ഏത് ഉദ്യോഗാര്‍ഥികള്‍ക്കും ഈ വിഭാഗത്തില്‍ അപേക്ഷിക്കാം. രണ്ട് ഘട്ടമായുള്ള പരീക്ഷ പാസായാല്‍ ഇവര്‍ തെരഞ്ഞെടുക്കപ്പെടും. പിന്നെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലനമാണ്.
സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസത്തിലെടുക്കാനും പുതിയ കേഡറിലേക്ക് അവര്‍ക്ക് അവസരം നല്‍കാനുമാണ് മൂന്നില്‍ രണ്ട് തസ്തികകളും മാറ്റി വച്ചിരിക്കുന്നത്. രണ്ടാം ധാരയില്‍ ഏത് തസ്തികയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അപേക്ഷിക്കാം. കെ.എ.എസ് നടപ്പിലാക്കുന്ന വകുപ്പുകളിലുള്ളവര്‍ക്ക് മാത്രമായി അവസരം നിജപ്പെടുത്തിയിട്ടുണ്ട്. അതായത് തൂപ്പുജോലി ചെയ്യുന്ന ഒരാളിനും കെ.എ.എസിലേക്ക് എത്തിപ്പെടാന്‍ അവസരം ലഭിക്കുമെന്നര്‍ഥം.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്നതാണ് മൂന്നാമത്തെ ധാര. സെക്കന്റ് ഗസ്റ്റഡ് ഉദ്യോഗസ്ഥരാണ് മൂന്നിലൊന്ന് വരുന്ന ഈ ധാര. ഗസറ്റഡ് തസ്തികകള്‍ കെ.എ.എസിലേക്ക് മാറ്റപ്പെടുന്നതിനാലാണ് അവര്‍ക്ക് പ്രത്യേക പരിഗണന സര്‍ക്കാര്‍ നല്‍കിയത്.
സംവരണം പ്രശ്‌നമാകുന്നത്
മൂന്നു ധാരകളായി നിയമിക്കുന്നതില്‍ പൊതു വിഭാഗത്തിന് അപേക്ഷിക്കാന്‍ കഴിയുന്ന ധാരയില്‍ മാത്രമേ കേരള സര്‍വിസ് ചട്ടപ്രകാരമുള്ള സംവരണം ബാധകമായിട്ടുള്ളൂ. അതായത് 100 പേരെ നിയമിച്ചാല്‍ 33 പേരുടെ നിയമനത്തിലാണ് സംവരണം ബാധകം. 16 പേര്‍ മാത്രമാകും ആ വിഭാഗത്തിലൂടെ നിയമിക്കപ്പെടുന്ന സംവരണ വിഭാഗക്കാര്‍. രണ്ടും മൂന്നും ധാരകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മാറ്റിവച്ച തസ്തികകളില്‍ സംവരണമില്ല. മൂന്നില്‍ രണ്ട് നിയമനങ്ങളിലും സംവരണം ഇല്ലെന്ന് ചുരുക്കം. നൂറു പേരെ നിയമിച്ചാല്‍ 16 സംവരണ വിഭാഗക്കാര്‍ ഉണ്ടാകും. 100 പേരെ നിയമിച്ചാല്‍ 50 പിന്നാക്കക്കാര്‍ നിയമിക്കപ്പെടേണ്ടിടത്താണ് 16 പേരിലേക്ക് ചുരുക്കപ്പെടുന്നത്. 150 പേരില്‍ കുറയാതെ ആദ്യ നിയമനം നടക്കുമെന്നാണ് കരുതുന്നത്. സാധാരണ രീതിയില്‍ സംവരണം നടപ്പാക്കിയാല്‍ 75 പിന്നാക്ക വിഭാഗക്കാര്‍ കെ.എ.എസിലെത്തും. ഇപ്പോഴത്തെ അവസ്ഥയില്‍ 25 സംവരണ വിഭാഗക്കാര്‍ക്ക് മാത്രമാണ് കെ.എ.എസില്‍ കയറിപ്പറ്റാന്‍ കഴിയൂ എന്നര്‍ഥം. പൊതു വിഭാഗത്തില്‍ പട്ടികജാതി വര്‍ഗ, മറ്റു പിന്നാക്കക്കാര്‍ എത്ര പേര്‍ കയറുമെന്ന് നിലവിലെ അവസ്ഥ വച്ച് ഊഹിക്കാമല്ലോ.
സര്‍ക്കാര്‍ പറയുന്ന ന്യായം
സര്‍ക്കാര്‍ ജീവനക്കാര്‍ സംവരണം നേടി വരുന്നവരാണ്. അവര്‍ക്ക് വീണ്ടും സംവരണം നല്‍കുന്നത് ഇരട്ടി സംവരണമാകുമെന്നാണ് സര്‍ക്കാര്‍ വാദം. ബൈ ട്രാന്‍സ്ഫര്‍ വഴിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനം. ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് സംവരണം 2003 മുതല്‍ നല്‍കാറില്ല. കേരള ഭരണ സര്‍വിസിലെ ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് സംവരണം നല്‍കിയാല്‍ സര്‍ക്കാര്‍ സര്‍വിസിലെ മറ്റു ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്കും സംവരണം നല്‍കണമെന്ന ആവശ്യമുയരുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
സര്‍ക്കാര്‍ വാദങ്ങള്‍ ശരിയല്ല
സര്‍ക്കാര്‍ വാദങ്ങളെ നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളിക്കളയുന്നുണ്ട്. ബൈ ട്രാന്‍സ്ഫര്‍ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും കേരള ഭരണ സര്‍വിസിലേക്കുള്ള നിയമനം ഡയറക്ട് റിക്രൂട്ട്‌മെന്റായി മാത്രമേ കാണാന്‍ കഴിയൂ എന്നാണ് നിയമസെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് പറയുന്നത്. ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിന്റെ മാനദണ്ഡം സീനിയോരിറ്റി മാത്രമാണ്. ഇവിടെ എല്ലാ ധാരകളിലുള്ള അപേക്ഷകരും പൊതുപരീക്ഷ എഴുതുകയാണ്.
അതിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഡിപാര്‍ട്ട്‌മെന്റ് പ്രമോഷന്‍ കമ്മിറ്റി തയാറാക്കുന്ന സെലക്ട് ലിസ്റ്റില്‍ നിന്നാണ് ബൈ ട്രാന്‍സ്ഫര്‍ നിയമനം നടക്കുക. എന്നാല്‍, പി.എസ്.സി നടത്തുന്ന പൊതുപരീക്ഷയിലൂടെ രൂപം കൊളളുന്ന പൊതു റാങ്ക് ലിസ്റ്റില്‍ നിന്നാണ് കെ.എ.എസിലേക്ക് നിയമനം നടക്കുന്നത്. ബൈ ട്രാന്‍സ്ഫര്‍ എന്ന കേരള സര്‍വിസ് ചട്ടങ്ങളില്‍ പറയുന്ന നിയമനവും കേരള ഭരണ സര്‍വിസിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാട്ടയും തമ്മില്‍ കൃത്യമായ വ്യത്യാസം നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഒരു പടി കൂടി കടന്ന് സ്ഥാനക്കയറ്റത്തില്‍ സംവരണമാകാമെന്ന ഭരണഘടനാ ഭേദഗതിയും നിയമസെക്രട്ടറി സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഭരണഘടനയുടെ 16 (4) (എ) അനുഛേദപ്രകാരം സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാവുന്നതാണെന്നും നിയമസെക്രട്ടറി വ്യക്തമാക്കുന്നു. 2008ലെ അശോക് കുമാര്‍ താക്കൂറും യൂനിയന്‍ ഓഫ് ഇന്ത്യയും തമ്മിലെ കേസിലെ സുപ്രിം കോടതി വിധി അനുഛേദ പ്രകാരം സ്ഥാനക്കയറ്റത്തില്‍ പട്ടികജാതി വര്‍ഗക്കാര്‍ക്ക് സംവരണം നല്‍കാമെന്ന് വിധിച്ചതും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
ഏതു തരത്തില്‍ വ്യാഖ്യാനിച്ചാലും പട്ടിക ജാതി വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണമെന്ന അവകാശം നല്‍കാതിരിക്കാന്‍ സര്‍ക്കാരിന് ന്യായമില്ലെന്ന് സൂചിപ്പിക്കുകയാണ് നിയമസെക്രട്ടറി. സംവരണം നല്‍കുന്നതിന് അനുകൂലമായ നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട് മാറ്റിവച്ച് സര്‍ക്കാരിന് അനുകൂലമായ രീതിയില്‍ നിയമോപദേശം അഡ്വക്കറ്റ് ജനറലില്‍ നിന്ന് വാങ്ങിയാണ് സംവരണ നിഷേധത്തിന് സര്‍ക്കാര്‍ ന്യായം ചുമത്തുന്നത്.
കമ്മിഷനുകളുടെ ഇടപെടല്‍
കേരള ഭരണ സര്‍വിസിലെ സംവരണ നിഷേധം സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പട്ടിക ജാതി വര്‍ഗ കമ്മിഷന്‍ കേസെടുത്തു. 2018 ഏപ്രിലില്‍ നല്‍കിയ ഉത്തരവില്‍ എല്ലാ ധാരകളിലും സംവരണം പാലിക്കണമെന്നും അത് ഉറപ്പാക്കുന്നതുവരെ നിയമ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമായിരുന്നു പട്ടിക ജാതി വര്‍ഗ കമ്മിഷന്റെ ഉത്തരവ്. ഭരണ ഘടനയുടെ 16 (4) (എ) അനുഛേദം, ഈ വര്‍ഷം 2008 ജൂലൈയില്‍ വന്ന സുപ്രിംകോടതി ഉത്തരവ് എന്നിവ അടിസ്ഥാനമാക്കിയായിരുന്നു പട്ടികജാതി കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും സമാനമായ വിധിയാണ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത രണ്ട് അര്‍ധ ജുഡിഷ്യല്‍ സ്ഥാപനങ്ങളുടെ ഉത്തരവുകളോട് നിഷേധാത്മക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന പട്ടിക ജാതിവര്‍ഗ കമ്മിഷന്‍ ചെയര്‍മന്‍ ബി.എസ് മാവോജി രൂക്ഷമായാണ് സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ചത്. ഭരണഘടനാ വിരുദ്ധവും സവര്‍ണമേധാവിത്വത്തിന്റെ പ്രവര്‍ത്തനവുമായാണ് സംവരണ നിഷേധ നീക്കത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
സാമൂഹിക സംഘടനകളുടെ നിലപാട്
പട്ടികജാതി വര്‍ഗ സംഘടനകളും പിന്നാക്ക വിഭാഗങ്ങളിലെ പ്രബല സമുദായങ്ങളായ ഈഴവ, മറ്റു പിന്നാക്ക ഹിന്ദു വിഭാഗങ്ങളിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. ഭരണ സര്‍വീസില്‍ പൂര്‍ണ സംവരണം പാലിക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നിയമനടപടികള്‍ക്കുള്ള ചര്‍ച്ചകള്‍ വിവിധ വിഭാഗങ്ങളില്‍ നടന്നുവരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത നവോത്ഥാന സംഘടനകളുടെ വേദിയിലും കെ.എ.എസിലെ സംവരണത്തിനായി ആവശ്യമുയര്‍ന്നു. മുസ്‌ലിം വിഭാഗത്തിലെ പലരും പല ഘട്ടത്തില്‍ പ്രതികരണങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യബോധത്തോടെയുള്ള നീക്കങ്ങള്‍ ഇനിയും നടന്നുവെന്ന് പറയാന്‍ കഴിയില്ല.
സി.പി.എമ്മിലെ സമ്മര്‍ദം
ഇടത് സര്‍ക്കാരിന്റെ കാലത്ത് സംവരണ അട്ടിമറി ഉണ്ടാകുന്നുവെന്ന ആരോപണം ഏറെ ബാധിക്കുന്നത് സി.പി.എമ്മിലെ പട്ടികജാതിവര്‍ഗ വിഭാഗത്തിനാണ്. സി.പി.എം സംഘടനയായ പട്ടികജാതി ക്ഷേമ സമിതി ഇതുകൊണ്ടു തന്നെ പല തവണ മുഖ്യമന്ത്രിയുടെ മുന്നില്‍ വിഷയം എത്തിച്ചു. പി.കെ.എസിന്റെ നേതൃത്വത്തില്‍ സി.പി.എമ്മിലെ പട്ടികജാതി എം.പിമാരും എം.എല്‍.എ മാരും മുഖ്യമന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ച് നിവേദനം നല്‍കി. സി.പി.എമ്മില്‍ ഇത്തരം നടപടികള്‍ അപൂര്‍വമാണ്.
പതിയിരിക്കുന്ന അപകടം
പരാതികള്‍ ഉയരുകയും വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ പുതിയ പരിഹാര നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇപ്പോള്‍ നിലവിലെ അവസ്ഥയില്‍ നിയമനം നടത്തുകയും ഓരോ വിഭാഗങ്ങളുടെയും പ്രാതിനിധ്യം പരിശോധിക്കുകയും കുറവുണ്ടെങ്കില്‍ പിന്നീട് നികത്തുകയും ചെയ്യാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിലാണ് ശരിക്കും അപകടം പതിയിരിക്കുന്നതെന്നാണ് സര്‍വിസ് രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കെ.എ.എസിലേക്ക് ഏറ്റവും കൂടുതല്‍ പേര്‍ നിയമിക്കപ്പെടുക ആദ്യ നിയമനത്തിലായിരിക്കും. ഇപ്പോഴത്തെ കണക്ക് വച്ച് 150 പേര്‍ക്ക് മുകളില്‍ നിയമനം നടക്കും. തുടര്‍ന്നുള്ള നിയമനങ്ങള്‍ വര്‍ഷത്തില്‍ പത്തില്‍ താഴെയേ വരാന്‍ സാധ്യതയുള്ളൂ. ആദ്യ നിയമനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്കാകും സീനിയോറിറ്റി ലഭിക്കുക. 35 വയസുള്ള ഒരാള്‍ നിയമിക്കപ്പെട്ടാല്‍ അയാള്‍ക്ക് 25 വര്‍ഷത്തോളം സീനിയോറിറ്റി ലഭിക്കും. അതായത് പ്രാതിനിധ്യ കുറവ് പരിശോധിച്ച് പിന്നീട് നിയമനം നല്‍കിയാലും 25 മുതല്‍ 30 വര്‍ഷം കഴിഞ്ഞാലേ പിന്നാക്കക്കാര്‍ക്ക് സീനിയോരിറ്റി ലഭിക്കൂ. അതായത് കെ.എ.എസിന്റെ ആദ്യ നിയമനം 30 വര്‍ഷത്തേക്കുള്ള ഉന്നത ഉദ്യോഗസ്ഥ തസ്തകികളെ നിശ്ചയിക്കുമെന്നര്‍ഥം. സംവരണ അട്ടിമറിക്ക് ശ്രമിക്കുന്നവരും ഉദ്ദേശിക്കുന്നത് അതു തന്നെ. പ്രാതിനിധ്യ കുറവ് പരിശോധിച്ച് പിന്നീടുള്ള നിയമനമെന്ന ചതിക്കുഴിയില്‍ സംവരണ വിഭാഗങ്ങള്‍ വീഴുന്നതിന്റെ അപകടമാണ് ഇത് സൂചിപ്പിക്കുന്നത്.
സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത് ഭരണഘടനാ ബാധ്യതയും സവര്‍ണ മേധാവിത്വത്തിനെതിരായ പോരാട്ടവുമാണ്. ഈ രണ്ട് അവകാശവാദങ്ങളും സര്‍ക്കാരിന്റെ സംവരണ നിലപാടിന് മുന്നില്‍ തകര്‍ന്നടിയുന്നുണ്ട്. ഭരണഘടനാപരമായ സംവരണം നല്‍കാതിരിക്കാനാണ് കെ.എ.എസില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാത്രമല്ല ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം ദേവസ്വം ബോര്‍ഡില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ഉദ്യോഗസ്ഥ തലത്തില്‍ സവര്‍ണ മേധാവിത്വം അരക്കിട്ട് ഉറപ്പിക്കുന്ന നടപടിയാണ് കേരള ഭരണ സര്‍വിസിലെ സംവരണ നിഷേധത്തിലൂടെ സംഭവിക്കുന്നത്.
നിര്‍ണായക ഇടപെടല്‍ ആവശ്യപ്പെടുന്ന സമയം
പല കാരണങ്ങളാല്‍ മരവിച്ചിരുന്ന കേരള ഭരണ സര്‍വിസ് നടപടികള്‍ ഇപ്പോള്‍ വേഗത കൈവരിച്ചിരിക്കുന്നു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എന്‍.എസ്.എസിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ വേഗത്തില്‍ നടപടികള്‍ നീക്കുന്നതെന്ന് ആരോപണമുണ്ട്. പി.എസ്.സി പരീക്ഷ രീതി തീരുമാനിച്ച് സര്‍ക്കാരിനെ അറിയിച്ചു. സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കുക മാത്രമേ വേണ്ടൂ. പി.എസ്.സി പരീക്ഷാ തിയതി പ്രഖ്യാപിച്ച് അപേക്ഷ ക്ഷണിക്കും. വികലാംഗ സംവരണം നല്‍കിയില്ലെന്നാരോപിച്ച് രണ്ട് പേര്‍ കേസ് നല്‍കിയതല്ലാതെ മറ്റു നിയമ തടസങ്ങള്‍ സര്‍ക്കാരിന് മുന്നിലില്ല. കൃത്യമായ ഇടപെടല്‍ നടന്നില്ലെങ്കില്‍ കേരളത്തിന്റെ ഉദ്യോഗസ്ഥ തലപ്പത്ത് സവര്‍ണ വിഭാഗങ്ങളുടെ അധീശത്വമാകും ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."