ടി.ആര്.എസ് റാലിക്കു 'ഭീഷണി' കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റിന് കരുതല്‍ തടങ്കല്‍
ഹൈദരാബാദ്: ടി.ആര്.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ റാലിക്കെതിരേ ഭീഷണി മുഴക്കിയെന്നാരോപിച്ചു കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് രേവന്ദ് റെഡ്ഡിയെ കരുതല്‍ തടങ്കലില്‍ വച്ചു.
ഇന്നലെ വൈകിട്ട് കൊടങ്കല്‍ നിയമസഭാ മണ്ഡലത്തിലാണ് ടി.ആര്.എസ് റാലി നടത്തിയത്. എന്നാല്‍, ഇതിനു മുന്‍പുതന്നെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റിനെ കരുതല്‍ തടങ്കലില്‍ വയ്ക്കാനായി പൊലിസ് പിടികൂടിയിരുന്നു. കൊടങ്കല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികൂടിയാണ് രേവന്ദ് റെഡ്ഡി. റാലി തടയുമെന്നും മണ്ഡലത്തില്‍ ബന്ദ് നടത്തുമെന്നും റെഡ്ഡി ഭീഷണി മുഴക്കിയിരുന്നു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് അഡീഷനല്‍ പൊലിസ് ഡയരക്ടര്‍ ജനറല്‍ ജിതേന്ദര്‍ അറിയിച്ചു.
റാലിക്കു ശേഷം ഇന്നലെ രാത്രിയോടെതന്നെ അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. റെഡ്ഡിയുടെ സഹായികളായ നിരവധി പേരെ മുന്‍കരുതലിന്റെ ഭാഗമായി മണ്ഡലത്തിലെ പല ഭാഗങ്ങളില്‍നിന്നു പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും പിന്നീട് വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."