പ്രധാനമന്ത്രിയോട് രാഹുല്‍: തൊഴിലില്ലായ്മ പരിഹരിച്ചെങ്കില്‍ അവര്‍ ആത്മഹത്യ ചെയ്തതെന്തിന്?
ആള്‍വാര്‍: രാജ്യത്തു തൊഴിലില്ലായ്മ പരിഹരിക്കാനും കൂടുതല്‍ പേര്‍ക്കു തൊഴില്‍ നല്‍കാനും കഴിഞ്ഞുവെന്നവകാശപ്പെടുന്ന പ്രധാനമന്ത്രി, തൊഴില്‍ ലഭിക്കാതെ രാജസ്ഥാനില്‍ നാലു യുവാക്കള്‍ ആത്മഹത്യ ചെയ്ത കാര്യം വിസ്മരിക്കുന്നുവെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്നലെ ആള്‍വാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മ പരിഹരിക്കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും തുടങ്ങിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ മോദി നാലു വര്‍ഷത്തെ ഭരണത്തില്‍ ഇക്കാര്യത്തില്‍ എന്തു നിലപാട് സ്വീകരിച്ചെന്നും അദ്ദേഹം ചോദിച്ചു. നോട്ട് നിരോധനം, റാഫേല്‍ വിമാന ഇടപാട് എന്നിവയിലൂടെ വന്‍ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയത്. ഭാരത് മാതാ കീ ജയ് വിളിച്ചാണ് മോദി പ്രസംഗം തുടരുന്നത്.
എന്നാല്‍ അനില്‍ അംബാനിയെപ്പോലുള്ള വന്‍ വ്യവസായികള്‍ക്കുവേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇനി പ്രധാനമന്ത്രി ചെയ്യേണ്ടത് അനില്‍ അംബാനി കീ ജയ്, മെഹുല്‍ ചോക്സി കീ ജയ്, നിരവ് മോദി കീ ജയ് എന്നിങ്ങനെ ജയ് വിളിച്ച് അഭിസംബോധന ചെയ്യുകയാണെന്നും രാഹുല്‍ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."