അധ്യാപക തസ്തിക നിര്‍ണയം യുദ്ധകാലാടിസ്ഥാനത്തില്‍
മലപ്പുറം: സംസ്ഥാനത്തെ അധ്യാപക തസ്തിക നിര്‍ണയവും പുനര്‍വിന്യാസവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. 2015-16 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ രീതി തന്നെ ഈ വര്‍ഷവും ബാധകമാക്കി കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവാണ് രണ്ടാഴ്ചക്കകം നടപ്പാക്കി ശമ്പള വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ ഇന്നലെ ഉത്തരവിറക്കിയത്. ഇതിന്റെ ഭാഗമായി ഉടന്‍തന്നെ സംരക്ഷിത അധ്യാപകരുടെയും അനധ്യാപകരുടെയും കാറ്റഗറി അടിസ്ഥാനത്തില്‍ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ്് തയാറാക്കി പ്രസിദ്ധീകരിക്കണം. ഇതിലെ ആക്ഷേപങ്ങള്‍ പരിഹരിച്ച്് ഒരാഴ്ചക്കുള്ളില്‍ അധ്യാപകരുടെ പുനര്‍ വിന്യാസം പൂര്‍ത്തിയാക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പുറത്താകാനിടയുള്ള അധ്യാപകരുടെ ലിസ്റ്റ് തയാറാക്കുന്നതിനും പുനര്‍ വിന്യാസത്തിനുമായി ഉടന്‍ തന്നെ ജില്ലാ തലങ്ങളില്‍ രണ്ട് വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കും. ഇതു സംബന്ധിച്ച കാര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ ജില്ലകളിലേയും വിദ്യാഭ്യാസ ഓഫിസ് ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
സംരക്ഷിത അധ്യാപകരുടെ വീട് സ്ഥിതി ചെയ്യുന്ന ഉപജില്ല, വിദ്യാഭ്യാസ ജില്ലകള്‍ക്ക് പ്രാമുഖ്യം നല്‍കി സീനിയോറിറ്റി പരിഗണിച്ചാണ് പുനര്‍ വിന്യാസം നടത്തേണ്ടത്. പുനര്‍വിന്യസിക്കേണ്ട മേഖലകളെക്കുറിച്ചും നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍വഹണ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന എല്‍.പി,യു.പി സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ സഹായിക്കുന്നതിന്, എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എ തുടങ്ങിയ പ്രൊജക്ടുകള്‍ ഉള്‍പ്പെടെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ടിട്ടുളള എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ഒഴിവുകള്‍, എസ്.എസ്.എയുടെ കീഴില്‍ പഞ്ചായത്ത് തല ക്ലസ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍, ആര്‍.എം.എസ്.എ സ്‌കൂളുകളില്‍ അധികം വരുന്ന ഒഴിവുകള്‍, ഐ.റ്റി അറ്റ് സ്‌കൂളില്‍ വര്‍ക്ക് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ തുടരുന്ന അദ്ധ്യാപകര്‍ക്ക് പകരം, അക്കാദമിക മോണിറ്ററിങ് സമിതികളില്‍ നിയമിക്കപ്പെടുന്ന എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് പകരം, എയ്ഡഡ് മേഖലയില്‍ മൂന്നുമാസത്തിലധികമുള്ള അവധി ഒഴിവുകള്‍ തുടങ്ങിയ മേഖലകളില്‍ പുറത്താകുന്ന അധ്യാപകരെ പുനര്‍ വിന്യസിക്കാമെന്നാണ് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്.
അധ്യാപക ക്ഷാമം രൂക്ഷമായ ആര്‍.എം.എസ്.എ സ്‌കൂളുകള്‍ക്കാണ് അധ്യാപക പുനര്‍ വിന്യാസത്തില്‍ മുന്തിയ പരിഗണന നല്‍കേണ്ടത്. അതതു ജില്ലകളില്‍ ഏതെങ്കിലും തസ്തികയില്‍ പുനര്‍വിന്യസിക്കാന്‍ ജീവനക്കാരെ ലഭിച്ചില്ലെങ്കില്‍ മറ്റു ജില്ലകളിലുള്ളവരെ നിയമിക്കണം. മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നിന്നു പുറത്താകുന്ന അധ്യാപകരെ അതതു മാനേജുമെന്റിനു കീഴില്‍ തസ്തികയില്ലെങ്കില്‍ മറ്റു ഒഴിവുകള്‍ കണ്ടെത്തി പുനസ്ഥാപിക്കണം. സംരക്ഷിതാധ്യാപകരുടെ ലിസ്റ്റ് തയാറാക്കല്‍, അന്തിമമാക്കല്‍, പുനര്‍ വിന്യാസം തുടങ്ങിയവ 23നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുഴുവന്‍ നടപടിക്രമങ്ങള്‍ക്കു ശേഷവും ബാക്കിയാവുന്ന ജീവനക്കാരുടെയും ഒഴിവുകളുടെയും വിവരങ്ങള്‍ 27നകം ഡയറക്ടറേറ്റില്‍ എത്തിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."