കളിസ്ഥലം പ്ലാസ്റ്റിക് സംഭരണ കേന്ദ്രമാക്കുന്നു
പൂച്ചാക്കല്‍: കളിസ്ഥലം പ്ലാസ്റ്റിക് സംഭരണ കേന്ദ്രമാക്കുന്നു. പ്രതിഷേധവുമായി യുവാക്കള്‍ രംഗത്ത്. പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ കൈത്തറി കവലക്ക് സമീപത്തെ സ്ഥലത്താണ് പ്ലാസ്റ്റിക് സംഭരണ കേന്ദ്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്മശാനത്തിന് വേണ്ടി പഞ്ചായത്ത് വാങ്ങിയ സ്ഥലമാണിത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തടര്‍ന്ന് ശ്മശാനം നിര്‍മിക്കുന്ന പദ്ധതി പഞ്ചായത്ത് നേരത്തെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളായി ഇത് കളിസ്ഥലമായി ഉപയോഗിച്ച് വരുകയാണ്. ഫുട്ബോള്‍, വോളിബോള്‍ മത്സരങ്ങളും പരിശീലനങ്ങളും പ്രദേശത്തെ ക്ലബ്ബുകള്‍ ഇവിടെ നടത്താറുണ്ട്. ഇത് പഞ്ചായത്ത് കളിസ്ഥലമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ഇന്നലെ കെട്ടിട നിര്‍മാണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത്.
പ്രദേശത്തെ ക്ലബുകളുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ എത്തിയിരുന്നു. തുടര്‍ന്ന് കളിസ്ഥലമാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് ഒപ്പിട്ട നിവേദനം പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ നല്കി.
പഞ്ചായത്തിന്റെ നിയന്തണത്തിലുള്ള പ്ലാസ്റ്റിക് സംഭരണ കേന്ദ്രമാണ് ഇവിടെ നിര്‍മിക്കുന്നത്. കരാര്കാരാണ് ഇന്നലെ സ്ഥലത്ത് കുറ്റിയടിക്കാന്‍ എത്തിയത്.
പഞ്ചായത്ത് വക കളിസ്ഥലത്തിന് 25 സെന്റ് സ്ഥലം എങ്കിലും വേണം. എന്നാല്‍ ഈ സ്ഥലം 15 സെന്റാണ് ഉള്ളത്. അതിനാല്‍ ഈ സ്ഥലം സര്‍ക്കാര്‍ ചട്ടം അനുസരിച്ച് കളിസ്ഥലം ആക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."