ഉത്തര്‍പ്രദേശ് സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്: ബന്ധു അറസ്റ്റില്‍
കോഴിക്കോട്: നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടുകല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍. കഴിഞ്ഞദിവസം രാത്രി ഉത്തര്‍പ്രദേശ് സ്വദേശി ജെയ്‌സിങ് യാദവ് എന്ന ഗോകുലിനെ (21) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട ജയ്‌സിങ് യാദവിന്റെ സഹോദരീ ഭര്‍ത്താവ് ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ജിലെ കുതുഹബസാര്‍ സിസ്വഗ്രാമിലെ ശത്രുധരന്‍ എന്ന ഭരതിനെ (25) ആണ് പൊലിസ് അറസ്റ്റ് ചെയ്തത്. വളയനാട്-മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സംഭവത്തെ കുറിച്ച് പൊലിസ് വിശദീകരിക്കുന്നത് ഇങ്ങനെ: കോഴിക്കോട്ടെ പ്രിന്റിങ് പ്രസിലെ തൊഴിലാളിയായിരുന്നു അറസ്റ്റിലായ ഭരത്. ഭരതിനെ കാണാനായി കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ തന്നെ സഹോദരനായ ജിതേന്ദ്രനും ഭരതിന്റെ ഭാര്യാ സഹോദരനുമായ ജെയ്‌സിങ് യാദവും എത്തി. മൂവരും രാത്രിയില്‍ സംസാരിച്ചിരിക്കുകയും തുടര്‍ന്ന് മദ്യപിക്കുകയും ചെയ്തു.
ബോധരഹിതരായപ്പോള്‍ മൂവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഭരത് സമീപത്തുണ്ടായിരുന്ന വെട്ടുകല്ലെടുത്ത് ജെയ്‌സിങ് യാദവിന്റെ തലക്കടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. രാത്രി ഏറെ വൈകിയും ഇവര്‍ പ്രദേശത്തുനിന്ന് പോകാത്തത് ശ്രദ്ധയില്‍പെട്ട മറ്റു തൊഴിലാളികള്‍ സ്ഥല ഉടമയെ അറിയിച്ചു. പിന്നീട് ഉടമ മെഡിക്കല്‍ കോളജ് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലിസ് സ്ഥലത്തെത്തുമ്പോള്‍ മൂവരും മദ്യപിച്ചിരുന്നതിന്റെ തെളിവുകളും ലഭിച്ചിരുന്നു. ഇതോടെ സംശയത്തിന്റെ പശ്ചാത്തലത്തില്‍ ഭരതിനെയും ജിതേന്ദ്രനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ വൈകിട്ടാണ് മെഡിക്കല്‍ കോളജ് സി.ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയി ല്‍ ഹാജരാക്കും. മരിച്ച ജെയ്‌സിങ് യാദവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."