കള്ളനോട്ടടി കേന്ദ്രത്തില്‍ റെയ്ഡ്; മൂന്നു പേര് പിടിയില്‍
ബാലുശേരി: വീടു കേന്ദ്രീകരിച്ച് കള്ളനോട്ടടിച്ച മൂന്നംഗ സംഘത്തെ ബാലുശേരി പൊലിസ് അറസ്റ്റ് ചെയ്തു. മീത്തലെ മണഞ്ചേരി മുത്തു എന്ന രാജേഷ് കുമാര്‍ (45), എറണാകുളം വൈറ്റില സ്വദേശി വില്‍ബര്‍ട്ട്(43), കോഴിക്കോട് നല്ലളം താന്നിലശ്ശേരി വൈശാഖ്(23) എന്നിവരാണു പിടിയിലായത്. പൊലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
ബാലുശേരി പോസ്റ്റോഫിസ് റോഡില്‍ മീത്തലെ മണഞ്ചേരി മുത്തുവിന്റെ ഇരുനില വീട്ടില്‍ ആധുനിക യന്ത്രങ്ങളുപയോഗിച്ചാണ് പ്രതികള്‍ കള്ളനോട്ടടി ആരംഭിച്ചത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് അടിച്ചുകൊണ്ടിരുന്നത്. നോട്ടുകളും നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന മെഷീന്, അഞ്ഞൂറോളം പേപ്പറുകള്‍ അടങ്ങുന്ന എഴുപത്തിയഞ്ച് പേപ്പര്‍കെട്ടുകള്‍, മഷി, മറ്റു ഉപകരണങ്ങള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയില്‍ നിരവധി കള്ളനോട്ടു കേസിലെ പ്രതിയാണ് വില്‍ബര്‍ട്ട്. വൈശാഖ് കുറ്റ്യാടിയില്‍ ബോംബെറിഞ്ഞ കേസിലും മുത്തു വയനാട്ടില്‍നിന്നു മാനിറച്ചി കൊണ്ടുവന്ന കേസിലും പ്രതികളാണ്. മൂവരും കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയവെയാണ് സൗഹൃദത്തിലാവുന്നത്. പ്രതികളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. സി.ഐ. കെ.സുഷീറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കോഴിക്കോട് യൂനിറ്റില്നിന്നു വിരലടയാള വിദഗ്ധരും പരിശോധനക്കെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."