സഊദിയിൽ ആരോഗത്തിനു ഹാനികരമായ പാനീയങ്ങൾക്ക് അധിക ടാക്‌സ് നിലവിൽ വന്നു
റിയാദ്: സഊദിയിൽ ആരോഗ്യത്തിനു ഹാനികരമായ പാനീയങ്ങൾക്ക് അധിക നികുതി നിലവിൽ വന്നു. ചില്ലറ വില്‍പ്പന വിലയുടെ അമ്പത് ശതമാനം തുകയാണ് അധിക നികുതിയായി ചുമത്തുന്നത്. ആരോഗ്യത്തിനു ഹാനികരമായ പഞ്ചസാരയും മറ്റു പദാർത്ഥങ്ങളും ചേർത്ത് നിർമ്മിക്കുന്ന പാനീയങ്ങൾക്കാണ് അൻപത് ശതമാനം അധിക നികുതി നിലവിൽ വന്നത്. കുടിക്കാൻ ഉപയോഗിക്കുന്ന പാനീയങ്ങൾ കൂടാതെ, പാനീയങ്ങൾ ആക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന പൗഡറുകൾ, പൾപ്പുകൾ, ജെൽ, തുടങ്ങിയുള്ള വസ്‌തുക്കൾക്കെല്ലാം നികുതി ബാധകമാണ്. മധുരം ചേർത്ത പാനീയങ്ങളുടെ ഉപയോഗം പ്രമേഹം അമിത വണ്ണം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ് പുതിയ നടപടി.
അതേസമയം, ഫ്രഷ് ജ്യൂസുകളും, പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന പാനിയങ്ങളും പുതിയ നികുതി വർദ്ധനവിൽ ഉള്‍പ്പെടില്ലെന്ന് നികുതി നടപ്പിലാക്കുക്കുന്ന സകാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി. പഞ്ചസാരയും മധുരം നല്‍കുന്ന മറ്റു പദാര്‍ത്ഥങ്ങളും ചേര്‍ക്കാത്ത ജ്യൂസുകള്‍, എഴുപത്തിയഞ്ച് ശതമാനത്തില്‍ കുറയാത്ത പാല്‍ ചേര്‍ത്ത പാനിയങ്ങള്‍, സോയാ ഡ്രിങ്ക് പോലുള്ളവക്കും അധിക നികുതി ബാധകമല്ലെന്ന് സകാത്ത് നികുതി അതോറിറ്റി വ്യക്തമാക്കി.
സിഗരറ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കുമാണ് നിലവില്‍ അധിക നികുതി ചുമത്തി വരുന്നത്. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതോടെ ഇവയുടെ ഇറക്കുമതിയിലും വില്‍പനയിലും വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് രാജ്യത്ത് സെലക്‌ടീവ് ടാക്‌സ് സമ്പ്രദായം നിലവില്‍ വന്നത്. അതേസമയം, സൗന്ദര്യവർധക ശസ്‌ത്രക്രിയകൾക്കും ചികിത്സകൾക്കും മൂല്യവർധിത നികുതി ബാധകമല്ലെന്ന് സക്കാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."