ചുരത്തിലൂടെ സാഹസികയാത്ര: വാഹനം കസ്റ്റഡിയിലെടുത്തു, ഉടമയുടെ ലൈസന്‍സ് തല്‍ക്കാലത്തേക്ക് സസ്പെന്‍ഡ് ചെയ്യും
കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ കാറിന്റെ ഡിക്കിയില്‍ പിന്നിലേക്ക് കാലിട്ട് സാഹസികയാത്ര നടത്തിയ ദൃശ്യം പിറകിലെ യാത്രക്കാര്‍ പകര്‍ത്തിയതോടെ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്.
ഈ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വയനാട് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം തുടങ്ങിയത്. ഉടമയോട് നേരിട്ട് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ എത്താത്തതിനെതുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറിന്റെ ഉടമ ഷബീറിന്റെ ലൈസന്‍സ് നാളെ മുതല്‍ താല്കാലികമായി സസ്പെന്റ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
2001 മോഡല്‍ സാന്‍ട്രോ കാറാണ് കസ്റ്റഡിയിലെടുത്തത്. വാഹന ഉടമ പേരാമ്പ്ര സ്വദേശി ഷബീര്‍ തന്നെയായിരുന്നു വാഹനമോടിച്ചതെന്നും കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് താമരശേരി ചുരത്തിന്റെ അഞ്ചാം വളവിലൂടെ, കാറിന്റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസികയാത്ര നടത്തിയത്. കാറിന്റെ ഉടമ ഇന്ന് വാഹനവുമായി നേരിട്ട് ഹാജരാകണമെന്ന് കോഴിക്കോട് ആര്.ടി.ഒ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇയാള്‍ ഹാജരായില്ല. തുടര്‍ന്നാണ് കോഴിക്കോട് ചേവായൂരില്‍ നിന്ന്് വാഹനം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."