ചെങ്ങോടുമലയില്‍ വൈദ്യുതിത്തൂണ്‍ കടത്തുന്നതിനെതിരേ കേസെടുത്തു
പേരാമ്പ്ര: ചെങ്ങോടുമലയില്‍നിന്ന് കെ.എസ്.ഇ.ബിയുടെ വൈദ്യുതി പോസ്റ്റ് നശിപ്പിച്ചു കടത്തിക്കൊണ്ടുപോയതിനെതിരേ കേസെടുത്തു. ബാലുശ്ശേരി പൊലിസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ചീനിക്കല്‍ സുരേഷിന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരിച്ച് വടകര എസ്.പിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുക്കാന്‍ എസ്.പി ബാലുശ്ശേരി പൊലിസിനു നിര്‍ദേശം നല്‍കുകയായിരുന്നു.
ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താന്‍ ശ്രമിക്കുന്ന ഡെല്‍റ്റ ഗ്രൂപ്പ് എന്ന സ്വകാര്യ കമ്പനി ചെങ്ങോടുമല കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിക്കുകയും വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ കടത്തുകയും ചെയ്തതായി കാണിച്ചാണ് ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കിയത്. കമ്പനി ഉടമയും മാനേജറും ചില തൊഴിലാളികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ബാലുശ്ശേരി പൊലിസ് കെ.എസ്.ഇ.ബി, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എന്നീ അധികാരികളോടു നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്ക് ആവശ്യപ്പെട്ടിരുന്നു. രണ്ടു വൈദ്യുതി പോസ്റ്റും അനുബന്ധ സാധനങ്ങളും നഷ്ടമായതായി കെ.എസ്.ഇ.ബി കൂട്ടാലിട സെക്ഷന്‍ എ.ഇ വിനോദ് കുമാര്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് 379-ാം വകുപ്പു പ്രകാരം പൊതുമുതല്‍ മോഷണം ചുമത്തി കേസെടുത്തത്. മൂന്നുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ജലസംഭരണിയാണു പൊളിച്ചുമാറ്റിയത്. ലക്ഷങ്ങള്‍ ചെലവഴിച്ചു നടപ്പാക്കിയ ഈ പദ്ധതിയുടെ ടാങ്ക് പൊളിച്ചുമാറ്റി ഒരു വര്‍ഷം കഴിഞ്ഞിട്ടും നിയമനടപടി സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയാറായിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിനു കൊടുത്ത നോട്ടിസിനും അധികൃതര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ടാങ്ക് ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണെന്നു പറഞ്ഞ് കോട്ടൂര്‍ ഗ്രാമപഞ്ചായത്തും ഒഴിഞ്ഞുമാറിയിരിക്കുകയാണ്. നേരത്തെ ഗ്രാമപഞ്ചായത്ത് ടാങ്ക് പൊളിച്ചതിനെതിരേ ബാലുശ്ശേരി പൊലിസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.
ടാങ്ക് നിര്‍മിക്കാന്‍ സ്വകാര്യ വ്യക്തി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു നല്‍കിയ സ്ഥലം കൈവശപ്പെടുത്തിയാണ് കമ്പനി 103 ഗുണഭോക്താക്കളുള്ള ചെങ്ങോടുമല കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിച്ചത്.
ഇത് ആദ്യം തേങ്ങാപുരയാക്കി രൂപഭേദം വരുത്തി ഗ്രാമപഞ്ചായത്തില്‍നിന്ന് കെട്ടിട നമ്പറും കൈക്കലാക്കി. പ്രതിഷേധം ശക്തമായതോടെ തേങ്ങാപുര പൂര്‍ണമായും ഒരു ദിവസം അര്‍ധരാത്രി ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുമാറ്റി. അതേസമയം, ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ കമ്പനി മറ്റൊരു ടാങ്ക് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍, ടാങ്ക് ആദ്യമുണ്ടായിരുന്ന സ്ഥലത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. ഏഴിന് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് നാലാം വാര്‍ഡ് ആക്ഷന്‍ കമ്മിറ്റി മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."