പേ പാര്‍ക്കിങ്ങിനെതിരേ പ്രതിഷേധം ശക്തം
കോഴിക്കോട്: സൗത്ത് ബീച്ച് സന്ദര്‍ശകരില്‍ നിന്ന് വാഹന പാര്‍ക്കിങിന്റെ പേരില്‍ പണം പിരിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പണം പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തെക്കേപുറം വോയിസ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ബീച്ച് റോഡിലെ ഇരുവശങ്ങളിലും 24 മണിക്കൂറും നിര്‍ത്തിയിടുന്ന നൂറ് കണക്കിന് ലോറികള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാത്ത അധികൃതര്‍ ബീച്ചില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ഉല്ലസിക്കാന്‍ മാത്രമായി എത്തുന്നവരെ പിഴിയാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്‌കൂട്ടര്‍, കാര്‍ പേ പാര്‍ക്കിങ് അനുമതി റദ്ദാക്കിയില്ലെങ്കില്‍ റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവരുമായി യോജിച്ച് പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അവര്‍ അറിയിച്ചു.
നഗരത്തിലെ നവീകരിച്ച സൗത്ത് ബീച്ചിനോടനുബന്ധിച്ചുള്ള തുറമുഖ വകുപ്പിന്റെ സ്ഥലത്ത് പേ പാര്‍ക്കിങ് സ്ഥലമാക്കി മാറ്റി ബീച്ച് സന്ദര്‍ശിക്കാനെത്തുന്നവരുടെ സ്‌കൂട്ടറുകളില്‍ നിന്നും കാറുകളില്‍ നിന്നും പണം പിരിക്കാന്‍ സ്വകാര്യ വ്യക്തിക്ക് അനുമതി നല്‍കിയിരുന്നു.
ആദ്യ വര്‍ഷമെന്ന നിലയില്‍ ഒരു ലക്ഷം രൂപയ്ക്കാണ് അനുമതിയെന്നാണ് അറിയുന്നത്. കോഴിക്കോട് ബീച്ചില്‍ മറ്റൊരിടത്തും ഇപ്പോള്‍ പേ പാര്‍ക്കിങ് സൗകര്യമില്ല.ന
മാത്രമല്ല, സീ ക്യൂന്‍ ഹോട്ടല്‍ മുതല്‍ മുഹമ്മദലി കടപ്പുറം വരെയുള്ള സൗത്ത് ബീച്ച് റോഡില്‍ 24 മണിക്കൂറും അനധികൃതമായി നൂറുകണക്കിന് ലോറികളാണ് നിര്‍ത്തിയിരുന്നത്. ഇതിനെതിരേ ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. പാര്‍ക്കിങ് ചാര്‍ജും ഈടാക്കുന്നില്ല.
വലിയങ്ങാടി ചുങ്കം ജങ്ഷന്‍ മുതല്‍ മുഹമ്മദലി കടപ്പുറംവരെയുള്ള ബീച്ചും റോഡിന്റെ ഇരുവശത്തും തുറമുഖ വകുപ്പിന്റെയടക്കം സര്‍ക്കാര്‍ ഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ കൈയേറിയത് തിരിച്ചുപിടിക്കാന്‍ നടപടിയൊന്നും സ്വീകരിക്കാതിരിക്കുമ്പോഴാണ് രണ്ടോ മൂന്നോ മണിക്കൂര്‍ ബീച്ചില്‍ ഉല്ലസിക്കാന്‍ മാത്രമായി എത്തുന്നവരില്‍ നിന്നും പണം പിരിക്കാനുള്ള നീക്കം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."