ആവേശം വേണ്ട; ദേഹത്തു തൊടരുത്
തിരുവനന്തപുരം: ട്രാഫിക് കുറ്റകൃത്യങ്ങള്‍ പിടികൂടാനായി അമിതാവേശം വേണ്ടെന്ന് പൊലിസിന് നിര്‍ദേശം. പരിശോധനയുടെ പേരില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ പൊലിസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ പിടികൂടാന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കള്ളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടയാവൂ.
കഴിയുന്നതും ഇന്‍സ്‌പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വാഹനം തടയാവൂ. അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള ഹൈവേ ട്രാഫിക് സംബന്ധമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം അതതു മേഖലയിലെ ഹൈവേ പൊലിസ് വാഹനങ്ങള്‍ക്കാണെന്ന് ജില്ലാ പൊലിസ് മേധാവിമാര്‍ ഉറപ്പുവരുത്തണം.
ചില ജില്ലകളിലെ പൊലിസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും വിഡിയോയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്നുണ്ട്. ഈ സംവിധാനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കണം. ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് ഡിജിറ്റല്‍ കാമറകള്‍, ട്രാഫിക് നിരീക്ഷണകാമറകള്‍, മൊബൈല്‍ ഫോണ്‍ കാമറകള്‍, വിഡിയോ കാമറകള്‍ എന്നിവ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ കാര്യം ഡി.ജി.പി ഓര്‍മിപ്പിച്ചിട്ടുണ്ട്.
സര്‍ക്കുലറില്‍ ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന ഓഫിസര്‍മാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."