കക്കടവ് പാലം കടക്കാതെ 'ഗതാഗതം'
തരുവണ: നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം പിന്നിട്ടിട്ടും ശനിദശ മാറാതെ കക്കടവ് പാലം.
അനുബന്ധ റോഡുകള്‍ യാഥാര്‍ഥ്യമാകാത്തതാണ് നാട്ടുകാരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിര്‍മാണം പൂര്‍ത്തിയായ കക്കടവ് പാലത്തിലൂടെയുള്ള ഗതാഗതത്തിന് തടസമാകുന്നത്. ഇതോടെ പാലത്തിനായി പി.കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന അവുകാദര്‍ കുട്ടിക്ക് വരെ നിവേദനം നല്‍കിയ മുണ്ടക്കുറ്റി ടി.കെ മൊയ്തു ഹാജി, വികസനം കൊതിച്ച് ഇന്നും വാഹനം കയറാതെ കാല്‍നട യാത്ര നടത്തുന്ന പാലിയാണ ജോസ് എന്നിവരുടേയും നാട്ടുകാരുടേയും കാത്തിരിപ്പ് നീളുകയാണ്.
വടക്കേ വയനാടിനേയും തെക്കേ വയനാടിനേയും ബന്ധിപ്പിക്കുന്ന കക്കടവ് പാലത്തിന്റെ നിര്‍മാണം 2003ലാണ് ആരംഭിച്ചത്. തുടര്‍ന്ന് 2016ല്‍ നിര്‍മാണം പൂര്‍ത്തിയാവുകയും 2016 ഫെബ്രുവരി 28ന് ആഘോഷപൂര്‍വം ഉദ്ഘാടനവും ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നലിവില്‍ മാനന്തവാടിയില്‍ നിന്ന് കക്കടവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസ് കക്കടവ് പാലം വരെ മാത്രമാണ്. പാലത്തിന്റെ ഇപ്പുറം അനുബന്ധ റോഡ് ഇല്ലാത്തതാണ് ഗതാഗതത്തിനുള്ള പ്രധാന പ്രശ്‌നം. തരുവണ-കക്കടവ്-മുണ്ടക്കുറ്റി-ചേര്യകൊല്ലി റോഡാണ് ഇനിയും യാഥാര്‍ഥ്യമാകാത്തത്.
അനുബന്ധ റോഡ് യാഥാര്‍ഥ്യമായാല്‍ വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ-പാലിയാണ-കക്കടവ് റോഡിലൂടെ കക്കടവ് പാലത്തിലൂടെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുണ്ടകുറ്റി-ചേര്യകൊല്ലി വഴിയും വേണ്ടേരികുന്ന്-ചേര്യംകൊല്ലി വഴിയും കല്‍പ്പറ്റയിലെത്താന്‍ എട്ടുകിലോമീറ്ററോളമാണ് പ്രദേശവാസികള്‍ക്ക് കുറഞ്ഞ് കിട്ടുക. കുറ്റ്യാടി-കോഴിക്കോട് ഭാഗങ്ങളിലേക്കും എളുപ്പം എത്താന്‍ കഴിയുന്ന വഴിയാണിത്. നിലവില്‍ ആവശ്യത്തിന് ഗതാഗത സൗകര്യങ്ങളില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് വര്‍ഷങ്ങളായി ദുരിതയാത്രയാണ്. അനുബന്ധ റോഡിന് വീതി കുറവായത് കാരണം ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു. റോഡ് വീതി കൂട്ടി നിര്‍മിച്ച ബസ് ഗതാഗതത്തിന് അനുയോജ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ റോഡിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ അവഗണിക്കുകയാണ്. അനുബന്ധ റോഡുകളുടെ വികസനം യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."