ക്രിസ്മസ്-പുതുവത്സരാഘോഷം: പരിശോധന ഊര്‍ജിതമാക്കി എക്‌സൈസ് വകുപ്പ്
മലപ്പുറം: ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി.
മലപ്പുറം എക്‌സൈസ് ഡിവിഷനില്‍ കഴിഞ്ഞമാസം 750 റെയിഡുകളാണ് നടത്തിയത്. ഇതില്‍ 58 എന്‍.ഡി.പി.എസ് കേസുകളില്‍ 51 പേരെ അറസ്റ്റ് ചെയ്തു. 22 കി.ഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവ്‌ച്ചെടിയും നാലുവാഹനങ്ങളും പിടികൂടി. 76 അബ്കാരി കേസുകളിലായി 61 പേരെ അറസ്റ്റ് ചെയ്തു. 11 വാഹനങ്ങളും 1500 ലിറ്റര്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും 107 ലിറ്റര്‍ ഇതരസംസ്ഥാന മദ്യവും പിടികൂടിയിട്ടുണ്ട്. സ്‌കൂള്‍ പരിസരത്തും പൊതുസ്ഥലത്തും പുകവലിച്ചതിന് 600 കോട്പ കേസുകളും 44 കി.ഗ്രാം പുകയില ഉത്പന്നങ്ങളും പിടികൂടിയതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു.
കള്ളുഷാപ്പുകള്‍, വിദേശമദ്യശാലകള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ട്രെയിന്‍, ഇതരസംസ്ഥാനതൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, അബ്കാരി എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികള്‍ എന്നിവ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുളള ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റിന്റെ അനധികൃത വില്‍പന, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ വില്‍പന എന്നിവ തടയുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം മലപ്പുറം ആസ്ഥാനമായി ഇന്ന് മുതല്‍ ജനുവരി അഞ്ച് വരെ പ്രവര്‍ത്തിക്കും. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിയന്ത്രണത്തില്‍ മലപ്പുറം അസി. എക്‌സൈസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. രാത്രികാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജിതമാക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ക്കുള്ള പരാതി അറിയിക്കുന്നതിനായി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."