ലതക്ക് തണലൊരുക്കി സഹപാഠികള്‍
പയ്യന്നൂര്‍: സ്വന്തമായൊരു വീടെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണു കവ്വായിയിലെ ലതയും കുടുംബവും.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ലതയുടെ കുടുംബത്തിനു 2010ല്‍ പയ്യന്നൂര്‍ നഗരസഭ വീടിനും സ്ഥലത്തിനുമായി തുക അനുവദിച്ചിരുന്നു. ഒന്നാം ഗഡുവായ ഒന്നര ലക്ഷം രൂപ ലഭിച്ചെങ്കിലും അതില്‍ നിന്നു 90,000 രൂപയ്ക്കു ഭൂമി വാങ്ങിയിരുന്നു. ഇതിനിടെ ലത അസുഖത്തെ തുടര്‍ന്നു ശസ്ത്രക്രിയക്ക് വിധേയയായി. ഇതോടെ പദ്ധതിയുടെ ബാക്കി തുക കൂടി ചികിത്സയ്ക്കു ചെലവിട്ടതോടെ സ്വന്തമായി വീടെന്ന സ്വപ്നത്തിനു കരിനിഴല്‍ വീഴുകയായിരുന്നു.
കവ്വായിയിലെ ഓട്ടോ ഡ്രൈവറായ നാരായണനാണു ലതയുടെ ഭര്‍ത്താവ്. ഓട്ടോ ഓടിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ചെറ്റക്കുടിലില്‍ കഴിയുകയായിരുന്നു തൃക്കരിപ്പൂര്‍ സ്വദേശിയായ ലത.
തന്റെ കുട്ടികളുടെ അധ്യാപികയായി കവ്വായി സ്‌കൂളില്‍ ലതയുടെ സഹപാഠി എത്തിയതോടെയാണു ലതയുടെ വീടെന്ന സ്വപ്നത്തിനു വീണ്ടും ചിറകു മുളച്ചത്. സഹപാഠിയും കുടുംബവും ചെറ്റക്കുടിലില്‍ കഴിയുന്ന ദയനീയ സ്ഥിതി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയില്‍ അറിയിച്ചതിനെ തുടര്‍ന്നു തൃക്കരിപ്പൂര്‍ ഗവ. ഹൈസ്‌ക്കൂളിലെ 1988 ബാച്ച് ഭവന നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു.
തുടര്‍ന്നു പയ്യന്നൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട് ലൈഫ് ഭവന പദ്ധതി പ്രകാരം ലഭിച്ച 2,40,000 രൂപയും 'ഒരുവട്ടംകൂടി' പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും ചേര്‍ന്ന് ഏഴു ലക്ഷത്തിലധികം രൂപ ചെലവിട്ടാണു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
വീടിന്റെ താക്കോല്‍ദാനം നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ നിര്‍വഹിച്ചു. ലത്തീഫ് സ്പന അധ്യക്ഷനായി. കെ. സജീവന്‍, ബിനോയ്, സുജാത, വിജയലക്ഷ്മി, വി. ബൈജു, എ.വി മനോജ്, പി.ആര്‍ സജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."