കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി: 12 മുതല്‍ വെള്ളം തുറന്നുവിടും
പാലക്കാട്: കാര്‍ഷികാവശ്യത്തിനായി കാഞ്ഞിരപ്പുഴ ഡാമില്‍നിന്നും ഡിസംബര്‍ 12 മുതല്‍ വെള്ളം തുറന്നുവിടാന്‍ കാഞ്ഞിരപ്പുഴ ഉപദേശകസമിതി യോഗം തീരുമാനിച്ചു. കരിമ്പ, തച്ചമ്പാറ, കാരക്കുറിശ്ശി, തെങ്കര, കാഞ്ഞിരപ്പുഴ, കോങ്ങാട്, കേരളശ്ശേരി എന്നീ പ്രദേശങ്ങളിലെ വരള്‍ച്ചാ ഭീഷണി നേരിടുന്ന കൃഷി സ്ഥലങ്ങളിലേക്ക് അടിയന്തരമായി വെള്ളം തുറന്നുവിടാനാണ് തീരുമാനിച്ചത്. പ്രധാന കനാലിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയാണ് ആദ്യഘട്ടത്തില്‍ വെള്ളം തുറന്നുവിടുകയെന്ന് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മജീദ് അറിയിച്ചു. കരിമ്പ-7.7 കി.മീ, തച്ചമ്പാറ- ആറ് കി.മീ, തെങ്കര -7.86 കി.മീ, കാഞ്ഞിരപ്പുഴ- 1.5 കി.മീ, തൃക്കടേരി- 2.2 കി.മീ, കോങ്ങാട്-7.9 കി.മീ എന്നിവിടങ്ങളിലെ പ്രധാന കനാലുകളുടെ നവീകരണം പുരോഗമിക്കുകയാണ്.
ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, പൂക്കോട്ടുകാവ്, ചളവറ എന്നിവിടങ്ങളില്‍ പ്രധാന കനാലുകളുടെ വൃത്തിയാക്കല്‍ 80 ശതമാനത്തിലേറെ പൂര്‍ത്തിയായി. ഡിസംബര്‍ 11ന് മുന്‍പായി എല്ലാ പഞ്ചായത്തുകളുടെയും പ്രധാനകനാല്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി 12ന് തന്നെ വെള്ളം തുറന്നുവിടാനും ഡിസംബര്‍ 12, 13 തിയതികളില്‍ വരള്‍ച്ച രൂക്ഷമായ ചളവറ ഭാഗത്തേക്കും വെള്ളം എത്തിക്കാനും യോഗത്തില്‍ തീരുമാനമായി.
കാഞ്ഞിരപ്പുഴ വലതുകനാല്‍ കടന്നുപോവുന്ന തെങ്കര ഭാഗത്തെ മാലിന്യങ്ങള്‍ മറ്റും അടിഞ്ഞു കൂടിയവ നീക്കം ചെയ്യുന്നതിനും കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ പ്രധാനമന്ത്രി കൃഷി സംയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനും തീരുമാനിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉപദേശക സമിതി യോഗത്തില്‍ എ.ഡി.എം ടി. വിജയന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മജീദ്, എം.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ലളിത, പ്രൊജക്ട് അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."