കൃത്യമായ അജന്‍ഡകളോടെ വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കണം: യു.ഡി.എഫ്
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിലെ 2017-2022 പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2019-2020 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസനരേഖയിലെ അപാകതകള്‍ പരിഹരിച്ചു കൃത്യമായ അജന്‍ഡകളോടെ വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കണമെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ പ്രളയം മൂലവും കാലങ്ങളായും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തില്‍ ശുദ്ധജല വിതരണത്തിനു ഊന്നല്‍ നല്‍കുന്ന കരടുരേഖയാണു അവതരിപ്പിച്ചത്. എന്നാല്‍ പദ്ധതി വിഹിതത്തിലെ ധനവിനിയോഗത്തില്‍ ചില പ്രദേശങ്ങളിലെ പ്രാദേശിക കുടിവെള്ള വിതരണത്തിനായി നാമമാത്രമായ തുകയാണ് വകയിരുത്തിയത്. ഇതു തികച്ചും ജനവിരുദ്ധ നടപടിയാണെന്നു യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇര്‍ഷാദ് കെ.ചേറ്റുവ ആരോപിച്ചു.
പ്രസ്തുത വിഷയം പഞ്ചായത്ത് വികസന സമിതി യോഗത്തിലും അദ്ദേഹം ഉന്നയിച്ചു. മനുഷ്യന്റെ ജീവന്റെ നിലനില്‍പ്പിനാധാരമായ കുടിവെള്ള വിതരണത്തില്‍ അലംഭാവം കാണിക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യു.ഡി.എഫ് പഞ്ചായത്ത് ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ കാര്യാട്ട്, പി.എം മുഹമ്മദ് റാഫി പറഞ്ഞു.
നിലവിലെ വാര്‍ഷിക പദ്ധതിക്കായി അനുവദിച്ച 10966400 രൂപ ചെലവഴിച്ചാലും ഏങ്ങണ്ടിയൂരിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരം കാണാനാവില്ലെന്നും എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക ഫണ്ടുകള്‍ കൂടി ഉള്‍പ്പെടുത്തി ഏങ്ങണ്ടിയൂരില്‍ സമഗ്ര ശുദ്ധജല പദ്ധതി നടപ്പിലാക്കണമെന്നു യു.ഡി.എഫ് അംഗങ്ങളായ ഇര്‍ഷാദ് കെ.ചേറ്റുവ, സുമയ്യ സിദ്ധി, എ.ബി ബൈജു, ഒ.കെ പ്രൈസണ്‍, ബീനാ സിങ് ആവശ്യപ്പെട്ടു.
ഏങ്ങണ്ടിയൂരിലൂടെ കടന്നുപോകുന്ന ചാവക്കാട് ഗുരുവായൂര്‍ കുടിവെള്ള പദ്ധതിയില്‍ ഏങ്ങണ്ടിയൂരിനെ കൂടി ഉള്‍പ്പെടുത്തി ഈ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു എം.എല്‍.എ ഉള്‍പ്പടെയുള്ള ഭരണനേതൃത്വങ്ങള്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. പദ്ധതി നിര്‍വഹണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുകയുടെ 20 ശതമാനം ലൈഫ് പദ്ധതിക്കു വേണ്ടി വെട്ടി ചുരുക്കിയും എസ്.സി ഫണ്ട് പൂര്‍ണമായും ഒഴിവാക്കിയും പ്രദേശിക ഭരണത്തെ പ്രതിസന്ധിയിലാക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇര്‍ഷാദ് കെ.ചേറ്റുവ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."