കണക്കുതീര്‍ക്കുമെന്ന് മാവോയിസ്റ്റുകള്‍
നിലമ്പൂര്‍: വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ സോമന്‍ ഉള്‍പ്പെടെയുള്ള ആറംഗ മാവോയിസ്റ്റ് സായുധ സംഘമെത്തി. ഒരു സ്ത്രീയുള്‍പ്പെടെയുള്ള സംഘമാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ മഴക്കോട്ട് ധരിച്ചു കോളനിയിലെത്തിയത്. കോളനിക്കാരെ ഒരുമിച്ചിരുത്തി സോമന്‍ മലയാളത്തില്‍ ക്ലാസെടുക്കുകയും ചെയ്തു. പോസ്റ്ററുകളും പതിച്ചാണ് സംഘം മടങ്ങിയത്.
ജൂലൈ 28 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ മാവോയിസ്റ്റുകള്‍ രക്തസാക്ഷി വാരാചരണം നടത്തിവരികയാണ്. പൊലിസ് വെടിവയ്പുണ്ടായ കരുളായി ഒണക്കപ്പാറയ്ക്കു സമീപമുള്ള കോളനിയാണിത്. ഭരണകൂട ഭീകരതയ്‌ക്കെതിരേയും പൊലിസിനെതിരേയും രൂക്ഷമായ വിമര്‍ശനം ഉള്‍പ്പെട്ട ക്ലാസാണ് നടത്തിയത്. ശേഷം ഭരണകൂട ഭീകരതയ്‌ക്കെതിരേയുള്ള പോസ്റ്ററുകളും പതിച്ചു.
നീല, ചുവപ്പ് നിറത്തില്‍ പേനകൊണ്ട് എഴുതിയ പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്. നിലമ്പൂര്‍ കാട്ടില്‍ പൊലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ചോരയ്ക്കു കണക്കുചോദിക്കുമെന്നും തങ്ങളെ ഒറ്റിക്കൊടുത്തവരോടു കണക്കുതീര്‍ക്കുമെന്നും പോസ്റ്ററുകളിലുണ്ട്. കോളനിയിലെ ഗിരിജന്‍ സൊസൈറ്റി കെട്ടിടത്തിലാണ് പോസ്റ്ററുകള്‍ പതിച്ചത്. കോളനിയിലെ വിജയന്‍ എന്നയാളുടെ വീട്ടില്‍നിന്നു പത്തു കിലോയോളം അരി ശേഖരിച്ചാണ് സംഘം മടങ്ങിയത്.
കോളനിക്കു സമീപം പുഞ്ചക്കൊല്ലി റബര്‍ പ്ലാന്റേഷനില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെതന്നെ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു.
വിറകു ശേഖരിക്കാന്‍ തോട്ടത്തില്‍ കയറിയ രവീന്ദ്രന്‍ സംഘത്തിനു മുന്നില്‍പെട്ടിരുന്നു. ഇയാള്‍ക്കുനേരെ തോക്ക് ചൂണ്ടുകയും ചോദ്യംചെയ്യുകയും ചെയ്തു. ആദിവാസിയാണെന്നറിഞ്ഞതോടെ വിട്ടയച്ചു. കോളനിയിലെത്തുമെന്നും ഇയാളോടു പറഞ്ഞിരുന്നു.
എന്നാല്‍, ഈ വിവരം ഇയാള്‍ കോളനിക്കാരോടു പറഞ്ഞിരുന്നില്ല. വെടിവയ്പിനു ശേഷം നിലമ്പൂര്‍ മേഖലയിലെ കോളനികളില്‍ ആദ്യമായാണ് മാവോയിസ്റ്റുകളെത്തുന്നത്. വിവരമറിഞ്ഞ് ഇന്നലെ രാവിലെ എട്ടരയോടെ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള പൊലിസ് സംഘം കോളനിയിലെത്തി. ഫോട്ടോ കാണിച്ചതില്‍നിന്നു സംഘത്തിലെ സോമന്‍, ഉണ്ണിമായ എന്നിവരെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."