ഇക്കാ എവിടെയാ?, ജോയിന്റ് ഉണ്ടോ, വരട്ടെ?'
ചങ്ങരംകുളം: സുഹൃത്തിന്റെ മകന്‍ ബൈക്കിനു കൈകാണിച്ചപ്പോള്‍ അയല്‍വാസിയായ ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ വണ്ടി നിര്‍ത്തി. ബൈക്കിനു പിറകിലിരിക്കുമ്പോള്‍ പയ്യന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. 'ഇക്കാ, ജോയിന്റ് കിട്ടിയിട്ടുണ്ടോ?, എവിടെയാ? ഇന്നു പൊട്ടാന്‍ പറ്റുവോ' പയ്യന്‍ ഫോണില്‍ സംസാരിക്കുകയാണ്. പന്തികേടുതോന്നിയ അയല്‍വാസി പയ്യന്‍ ടൗണില്‍ ഇറങ്ങിയ ഉടന്‍ എക്‌സൈസ് ഓഫിസിലെ നമ്പര്‍ തപ്പിപ്പിടിച്ചു സംശയം അറിയിച്ചു.
'ജോയിന്റ് ' എന്നതു ജില്ലയില്‍ കഞ്ചാവിനു പിള്ളേര്‍ വിളിക്കുന്ന വട്ടപ്പേരാണെന്നും പൊട്ടുക എന്നതു കഞ്ചാവ് വലിക്കാന്‍ പറ്റുമോ എന്നതിനുള്ള കോഡാണെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി. കൂട്ടത്തില്‍ അവനെ നിരീക്ഷിക്കാനും പറഞ്ഞു. ടൗണില്‍ ഇറങ്ങിയ അവന്‍ ബൈക്കില്‍ ഒന്നില്‍കൂടുതല്‍ ആളുകളുമായി വന്ന ചിലരുടെ കൂടെ കയറിപ്പോകുന്നതു കണ്ടു. ഇതോടെ അയാള്‍ തന്റെ സുഹൃത്തുമായി ബന്ധപ്പെടുകയും മകന്റെ പോക്ക് ശരിയല്ലെന്ന് അറിയിക്കുകയും ചെയ്തു.
തുടര്‍ന്നു കുട്ടിയുടെ പിതാവ് അവന്റെ റൂമില്‍ നടത്തിയ പരിശോധനയില്‍ സിഗരറ്റ് പാക്കറ്റ് കഷ്ണങ്ങളാക്കിയതും കഞ്ചാവു വലിച്ച് ഉപേക്ഷിച്ച രീതിയില്‍ ബീഡിയും ഒ.സി.ബി പേപ്പര്‍ കഷ്ണങ്ങളും കിട്ടി. പിതാവ് തന്റെ സഹോദരങ്ങളുടെ സഹായത്തോടെ വിവരം പൊലിസില്‍ അറിയിച്ച് മകനു കഞ്ചാവു ലഭിക്കുന്ന ഏജന്റിനെ പിടികൂടുകയും മകനെ പൊലിസിന്റെ സഹായത്തോടെ മലപ്പുറത്തു കൗണ്‍സിലിങ്ങിന് അയക്കുകയും ചെയ്തു.
കഞ്ചാവ് ചുരുട്ടി
വലിക്കാനും മാര്‍ഗങ്ങള്‍!
മുന്‍ കാലങ്ങളില്‍ ബീഡിയിലും സിഗരറ്റുകളിലും കഞ്ചാവ് ചുരുട്ടി വലിച്ചിരുന്ന തലമുറ മാറിയിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ പ്രദേശികതലത്തില്‍ ഉല്‍പാദിപ്പിക്കുന്ന പുകയില ചുരുട്ടി വലിക്കാന്‍ വിപണിയില്‍ എത്തിച്ച ഒ.സി.ബി പേപ്പറുകള്‍ യുവാക്കള്‍ ഇവിടെ ഉപയോഗിക്കുന്നതു കഞ്ചാവ് വലിക്കാനാണ്. ഇന്ത്യയില്‍ ഒ.സി.ബി പേപ്പര്‍ വില്‍പന കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ നിരോധിച്ചിട്ടുണ്ട്.
എന്നാല്‍, എറണാകുളത്തും കോഴിക്കോട്ടും തിരുവനന്തപുരത്തും തൃശൂരും ഇതു സുലഭമാണ്. കേരളത്തിനു പുറമേ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും ഇവ മലപ്പുറത്തും എത്തുന്നുണ്ട്. കട്ടിയില്ലാത്ത നേര്‍ത്ത ഇത്തരം പേപ്പറിന്റെ ഒരുവശത്ത് ഒട്ടിക്കാന്‍ കഴിയുന്ന പശയുമുണ്ടാകും. കഞ്ചാവും സിഗരറ്റിന്റെ പുകയിലയും ചേര്‍ത്തതു പേപ്പറിലിട്ട് ചുരുട്ടി ഒട്ടിച്ചാണ് ഇവ വലിക്കുക. ഇത്തരം പേപ്പറുകള്‍ പൊന്നാനി, ചങ്ങരംകുളം, പെരുമ്പടപ്പ്, തിരൂര്‍, വളാഞ്ചേരി, കൊളത്തൂര്‍, പാണ്ടിക്കാട്, വണ്ടൂര്‍ പൊലിസും എക്‌സൈസും കഞ്ചാവിനൊപ്പം പിടികൂടിയിരുന്നു.
മനസിലാക്കണം;
ചിലര്‍ക്കു 'പ്രണയം'
ലഹരിയോടാണ്!
അടുത്ത കാലത്തു കഞ്ചാവുകടത്തിനു പൊലിസ് പിടികൂടിയ കുട്ടിക്കുറ്റവാളികളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരുകാര്യം വ്യക്തമായി. ഓരോരുത്തര്‍ക്കും മൂന്നിലധികം കാമുകിമാരുണ്ട്. കാമുകിമാരെ പറഞ്ഞു പറ്റിച്ചു സ്വര്‍ണാഭരണങ്ങള്‍ തഞ്ചത്തില്‍ കൈവശമാക്കിയാണ് പലരും ലഹരിക്കും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നത്.
ഇതിലൊരാള്‍ തൃശൂരില്‍ 14 വയസുകാരിയെ പീഡിപ്പിച്ചതിനു പോക്‌സോ വകുപ്പ് പ്രകാരം 35 ദിവസം റിമാന്‍ഡ് തടവ് അനുഭവിച്ചയാളാണ്. ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിനടക്കുന്നു. ഫേസ്ബുക് സൗഹൃദങ്ങളിലൂടെയും റെയില്‍വേ സ്റ്റേഷനുകളിലൂടേയും ടൗണിലൂടേയുമുള്ള കറക്കത്തിലൂടെയുമാണ് ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കുന്നത്. ഇത്തരം ചെറുപ്പക്കാരുടെ ഒരു സംഘത്തെ കേട്ടക്കല്‍ ലോഡ്ജില്‍നിന്നു കാല്‍ക്കിലോ കഞ്ചാവുമായി കഴിഞ്ഞ വര്‍ഷം പൊലിസ് പിടികൂടിയിരുന്നു.
ഹുക്കയില്‍ കഞ്ചാവുനിറച്ചായിരുന്നു വലി. കൂടാതെ കഴിഞ്ഞ ദിവസം പെരുമ്പടപ്പ് പൊലിസ് സ്റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രണയിച്ചു വശത്താക്കി തട്ടിക്കൊണ്ടുപോയവരും ഇത്തരം ചുറ്റുപാടിലുള്ളവരാണെന്ന ആക്ഷേപമുണ്ടായിരുന്നു. നര്‍കോട്ടിക് സെല്ലിലെ മനഃശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍ പ്രകാരം ഇത്തരം ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന 15 മുതല്‍ 21 വയസുവരെ പ്രായമുള്ളവര്‍ തങ്ങളുടെ പ്രായത്തേക്കാള്‍ കൂടുതല്‍ പക്വത, വാശി, കാമം തുടങ്ങിയവ പ്രകടിപ്പിക്കാന്‍ തുടങ്ങും. കഞ്ചാവുവലിച്ച യുവാക്കളുടെ മസ്തിഷ്‌ക്കത്തിലെ മാറ്റം മൂലം വാശി, കാമം തുടങ്ങിയവ കൂടുകയും എന്നാല്‍ ചിലര്‍ അവയെല്ലാം പക്വമായി നേരിടുകയും ചെയ്യും.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."