നവീകരണ പ്രവൃത്തികള്‍ നടത്തിയില്ല; പൊതുശ്മശാനം കാടുമൂടി കിടക്കുന്നു
മേലാറ്റൂര്‍: എടപ്പറ്റ പഞ്ചായത്തിലെ ഏപ്പിക്കാട് പുല്ലാണിക്കാടുള്ള പൊതുശ്മശാനം അധികൃതരുടെ അനാസ്ഥകാരണം അവഗണിക്കപ്പെട്ടുകിടക്കുന്നു. യാതൊരു നവീകരണ പ്രവൃത്തിയും നടത്താത്തതിനാല്‍ ശ്മശാനം പൂര്‍ണമായു കാടുമൂടിയിരിക്കുകയാണ്. 2010-2015 ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ശ്മശാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു കെട്ടിടം നിര്‍മിച്ചത് ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായിട്ടുണ്ട്.
മരിച്ചവരുടെ മൃതദേഹം കൊണ്ടുവന്ന് അനുബന്ധ ചടങ്ങുകള്‍ നടത്തുന്നതിന്റെ സൗകര്യത്തിനായാണ് കെട്ടിടം നിര്‍മിച്ചത് എന്നാല്‍ ഇതിന്റെ വാതിലുകളെല്ലാം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മാത്രമല്ല വെള്ളം സംഭരിക്കുന്നതിനായി സ്ഥാപിച്ച വാട്ടര്‍ടാങ്കും തീര്‍ത്തും ഉപയോഗശൂന്യമായിരിക്കുകയാണ്. ശ്മശാനത്തിനു ചുറ്റം മതില്‍ക്കെട്ടുണ്ടെങ്കിലും എപ്പോഴും ഗേറ്റ് തുറന്നുതന്നെ കിടക്കുന്നതാണ് സാമൂഹ്യവിരുദ്ധര്‍ അകത്തേക്ക് പ്രവേശിക്കാന്‍ കാരണം. ഈ ഗേറ്റിന്റെ താക്കോല്‍ ആരുടെ കൈവശമാണ് ഉള്ളതെന്ന് പഞ്ചായത്ത് അധികൃതര്‍ക്കും കൃത്യമായി അറിയില്ല.
കാടുമൂടികിടക്കുന്നതില്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ശ്മശാനത്തിലെ പൂല്‍ക്കാടുകള്‍ വെട്ടിനീക്കി ഉപയോഗ പ്രദമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."