കരിപ്പൂരില്‍ വീണ്ടും വലിയ വിമാനമിറങ്ങി; വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം
കോഴിക്കോട്: മലബാറിന്റെ ആകാശവീഥിക്ക് കരുത്തുപകര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സഊദി എയര്‍ലൈന്‍സിന്റെ വലിയ വിമാനമിറങ്ങി. ജിദ്ദയില്‍നിന്ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെട്ട സഊദിയുടെ എസ്.വി 746 വിമാനം രാവിലെ 11.10നാണ് കരിപ്പൂരിലെത്തിയത്. വാട്ടര്‍ സല്യൂട്ടൊരുക്കി വിമാനത്താവള അധികൃതരും യാത്രക്കാര്‍ക്ക് പ്രത്യേക സ്വീകരണമൊരുക്കി.
വിമാനം എസ്.വി 747 ആയി ഉച്ചക്ക് 1.10ന് ജിദ്ദയിലേക്കു പറക്കും. ആഴ്ചയില്‍ ഏഴു ദിവസമാണ് കരിപ്പൂരില്‍നിന്ന് ആദ്യഘട്ടത്തില്‍ സഊദി എയര്‍ലൈന്‍സിന്റെ സര്‍വിസുണ്ടാവുക. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ റിയാദിലേക്കുമായിരിക്കും സര്‍വിസ്. ജനുവരിയില്‍ സര്‍വിസ് വര്‍ധിപ്പിക്കാനാണ് തീരുമാനം.
കരിപ്പൂരില്‍ റണ്‍വേ റീകാര്‍പറ്റിങ്ങിന്റെ പേരില്‍ 2015 മാര്‍ച്ച് 30 മുതലാണ് വലിയ വിമാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് റീകാര്‍പറ്റിങ് ജോലികള്‍ കഴിഞ്ഞെങ്കിലും റണ്‍വേ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചതോടെ കരിപ്പൂരിന്റെ ചിറകൊടിയുകയായിരുന്നു. പിന്നീട് രാഷ്ട്രീയസാംസ്‌കാരിക, മതസാമൂഹിക സംഘടനകളുടെ ചെറുത്തുനില്‍പ്പ് സമരത്തിനൊടുവിലാണ് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയത്.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2018/12/10000000_347166709405835_4711297770352110502_n.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."