മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: കമ്പനികള്‍ മാനദണ്ഡം പാലിച്ചില്ലെന്ന് സബ് കലക്ടര്‍
സ്വന്തം ലേഖിക
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഫ്‌ളാറ്റ് പൊളിക്കല്‍ നടപടിക്ക് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍.
നവംബര്‍ 18ന് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ പരിസരവാസികളുടെ സുരക്ഷ സംബന്ധിച്ച് കര്‍ശന തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ മുപ്പത് മീറ്റര്‍ ഉയരത്തില്‍ ഇരുമ്പുമറ സ്ഥാപിക്കണമെന്ന തീരുമാനം പോലും വൈകിയാണ് കമ്പനികള്‍ നടപ്പാക്കിയത്. പരിസരവാസികളുടെ സുരക്ഷ സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നും സബ് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനാലാണ് ആല്‍ഫ സെറിന്‍ ഇരട്ടഫ്‌ളാറ്റ് സമുച്ചയം പൊളിച്ചപ്പോള്‍ തൊട്ടടുത്ത വീട്ടിലെ സ്റ്റെയര്‍കേസിനു കേടുപാടുപറ്റിയത്. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ക്കു കേടുപറ്റിയാല്‍ അതിന് നഷ്ടപരിഹാരം നല്‍കേണ്ടത് പൊളിക്കുന്ന കമ്പനികളായിരിക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു. 125 കോടി രൂപയുടെ ഇന്‍ഷുറന്‍സ് സംബന്ധിച്ച് ഈയാഴ്ച തീരുമാനമെടുക്കും. ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ വഹിക്കും. സ്‌ഫോടനം നടക്കുന്ന തിയതി മുതല്‍ ഒരു വര്‍ഷത്തേക്കായിരിക്കും ഇന്‍ഷുറന്‍സെന്നും സബ്കലക്ടര്‍ പറഞ്ഞു.
അതേസമയം സുപ്രിംകോടതി ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിച്ചത് ഇരുപത് ശതമാനം പേര്‍ക്ക് മാത്രം. നഷ്ടപരിഹാരം ഇനിയും വൈകിയാല്‍ രണ്ടാംഘട്ട സമരപരിപാടി ആരംഭിക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ കരുനാഗപ്പള്ളി പറഞ്ഞു. ഈ മാസം 15നകം നഷ്ടപരിഹാരത്തുക എല്ലാവര്‍ക്കും ലഭ്യമായില്ലെങ്കില്‍ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."