പോക്‌സോ കേസുകളില്‍ ഒരിക്കല്‍ മാത്രമേ മൊഴിയെടുക്കാവൂ
തിരുവനന്തപുരം: അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഫലപ്രദമായ പ്രോസിക്യൂഷന്‍ നടപടികളും ഉറപ്പു വരുത്തുന്നതിന് വേണ്ടി 'പോക്‌സോ ആക്ട് നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും' എന്ന പേരില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വനിതാശിശു വികസന വകുപ്പ്, ജില്ലാ ലീഗല്‍ അതോറിറ്റി, സഖി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.
കുട്ടികളുടെ പരിരക്ഷ, അതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, നിലവിലുള്ള റിപ്പോര്‍ട്ടിങ്, കൗണ്‍സലിങ് സംവിധാനങ്ങള്‍, ഫലപ്രദവും സമയബന്ധിതവുമായ അന്വേഷണ പ്രക്രിയ എങ്ങനെ ഉറപ്പാക്കാനാകും, പ്രീട്രയല്‍, ട്രയല്‍ ഘട്ടങ്ങളിലെ കുട്ടികളുടെ പരിപാലനം, സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാക്കാന്‍ എന്താണ് ചെയ്യേണ്ടത്, ശിക്ഷ ഉറപ്പാക്കല്‍, പുനരധിവാസം മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ വിഷയങ്ങള്‍ അടിസ്ഥാനമാക്കി മാര്‍ഗരേഖയുണ്ടാക്കി പോക്‌സോ ആക്ട് നിരീക്ഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിക്ക് സമര്‍പ്പിക്കും.
അന്വേഷണം നടത്തുമ്പോള്‍ അതിക്രമത്തില്‍നിന്ന് അതിജീവിച്ച കുട്ടികളില്‍നിന്ന് ഒരു പ്രാവശ്യം മാത്രമേ മൊഴിയെടുക്കാവൂവെന്ന് ശില്‍പശാല വിലയിരുത്തി. ഒന്നിലേറെ തവണ മൊഴിയെടുക്കുമ്പോള്‍ കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സലിങും സൈക്കോതെറാപ്പിയും ലഭ്യമാക്കണം.
ഇതുകൂടാതെ നിയമസഹായവും ലഭ്യമാക്കണം. ഡി.എന്‍.എ. ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടാതിരിക്കാന്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി കെമിക്കല്‍ ലാബില്‍ അയ്ക്കാതെ ഫൊറന്‍സിക് ലാബില്‍ തന്നെയയക്കണം. പോക്‌സോ കേസുകളെ പറ്റി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനുള്ള ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."