വലിയപറമ്പിലെ 40 ലക്ഷത്തിന്റെ സൗരോര്‍ജ പദ്ധതി ഇരുട്ടില്‍
തൃക്കരിപ്പൂര്‍: വലിയപറമ്പില്‍ 40 ലക്ഷം രൂപ ചെലവഴിച്ച സൗരോര്‍ജ പദ്ധതി ഇരുട്ടില്‍. കടലും കായലും കൈകോര്‍ക്കുന്ന വലിയപറമ്പിലെത്തുന വിനോദ സഞ്ചാരികളെ വരവേല്‍ക്കുന്നത് വെളിച്ചമില്ലാത്ത വിളക്കുകാലുകള്‍. പ്രാദേശികമായും ജില്ലാ തലത്തിലും വലിയപറമ്പിലടക്കം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പല വിധത്തിലുള്ള പദ്ധതികള്‍ നടന്നുവരുന്നുണ്ടെങ്കിലും വലിയപറമ്പിന്റെ അസ്തമാന കാഴ്ച്ചകള്‍ കണ്ടും രാത്രികാല കടല്‍തീര സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കും വെളിച്ചമില്ല.
നാട്ടുകാര്‍ക്ക് വെളിച്ചം പകരാന്‍ പാതയോരത്ത് സ്ഥാപിച്ച സൗരോര്‍ജ വിളക്കുകള്‍ നിലവില്‍ നോക്കുകുത്തിയായി മാറി. വലിയപറമ്പിനെ മാതൃകാ മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാന തീരദേശ വികസന അതോറിറ്റി മുഖേന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാല്‍പ്പത് ലക്ഷം രൂപ ചെലവില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കിയത്. വിളക്കുകാലടക്കം ഒരു സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന് അറുപതിനായിരത്തോളം രൂപയാണ് ചെലവ്.
ഒരു വര്‍ഷം മുന്‍പ് കരാര്‍ നടപടി പൂര്‍ത്തിയാക്കി എറണാകുളം ആസ്ഥാനമായുള്ള കമ്പനിക്കാണ് വിളക്കുകള്‍ സ്ഥാപിക്കാന്‍ ചുമതല നല്‍കിയത്. കാരാറുകാരുടെ അനാസ്ഥയാണ് വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മാടക്കാല്‍, ഇടയിലെക്കാട്, വലിയപറമ്പ സെന്‍ട്രല്‍, ഉദിനൂര്‍ കടപ്പുറം, കന്നുവീട് കടപ്പുറം തുടങ്ങിയ എഴുപതോളം സ്ഥലങ്ങളിലാണ് വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത്. ഏതാണ്ട് നാലുമാസത്തോളമായി സൗരോര്‍ജ വിളക്കുകള്‍ തെളിയാതെ കിടക്കാന്‍ തുടങ്ങിയിട്ട്.
കേരം തിങ്ങി നിറഞ്ഞ വലിയപറമ്പില്‍ വൈദ്യുതി ലൈനുകളില്‍ തെങ്ങോലകള്‍ വീണ് വൈദ്യുതി മുടങ്ങുന്നത് പതിവായതിനാലാണ് വൈദ്യുതി വകുപ്പിനെ ആശ്രയിക്കാതെ വെളിച്ചം നല്‍കുക എന്ന ഉദ്ദേശത്തില്‍ അധികൃതര്‍ സൗരോര്‍ജ പദ്ധതിയുമായി രംഗത്തുവന്നത്. എന്നാല്‍ സൗരോര്‍ജ വിളക്കു തൂണുകള്‍ നോക്കുകുത്തിയായി നില്‍ക്കുകയല്ലാതെ തെളിയിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."