നിക്ഷേപത്തട്ടിപ്പ്; ജ്വല്ലറി ഉടമകള്‍ക്കെതിരേ കേസ്
ചങ്ങരംകുളം: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കുന്നംകുളം മലായ ജ്വല്ലറി ഉടമകള്‍ക്കെതിരേ കുന്നംകുളം പൊലിസ് കേസെടുത്തു. തന്നെ ഭീഷണിപ്പെടുത്തി ജ്വല്ലറി ഉടമകളായ അബൂബക്കര്‍ ഹാജിയും മകന് അംജാസ് ബക്കറും ചെക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശപ്പെടുത്തിയെന്നും രേഖകള്‍ ഉപയോഗിച്ച് 20,000 രൂപ മാത്രം നല്‍കാനുണ്ടായിരുന്ന തന്റെ പേരില്‍ എട്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനായ നിന്ദീഷ് നിയമ നടപടി ആരംഭിച്ചെന്നും കടവല്ലൂര്‍ പഞ്ചായത്തിലെ പള്ളിക്കുളം സ്വദേശി നാച്ചി വീട്ടില്‍ അലി അക്ബര്‍ തൃശൂര്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം കുന്നംകുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് നിക്ഷേപത്തട്ടിപ്പിന്റെ കഥ പുറത്തുവരുന്നത്. സാമ്പതിക തട്ടിപ്പുമായി ബന്ധപ്പെട്ടു പല നിര്‍ണായക രേഖകളും പൊലിസിന്റെ കൈയിലെത്തിയതായാണ് വിവരം. ജ്വല്ലറി ഉടമകളെ കൂടാതെ മുന്‍ ജീവനക്കാരന് നിന്ദീഷും ഇപ്പോള്‍ പ്രതിപ്പട്ടികയിലുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര് പ്രതിപ്പട്ടികയില്‍ ഇടം നേടിയേക്കാമെന്നും സൂചനയുണ്ട്.
അതേസമയം, ജ്വല്ലറി ഉടമകളില്‍ ഒരാളായ അബൂബക്കര്‍ ഹാജി നാടുവിട്ടതായും പ്രചാരണമുണ്ട്. സംഭവമറിഞ്ഞ് നിക്ഷേപകരില്‍ ചിലര്‍ ജ്വല്ലറിയിലെത്തി പണം ആവശ്യപ്പെട്ടതു ബഹളത്തിനു കാരണമായി. സ്ഥാപന ഉടമ ഒപ്പിട്ടുനല്‍കിയ നിക്ഷേപ രസീതിയുമായി വന്നവരോട് പണം തിരിച്ചുനല്കാനാകില്ലെന്നു പറഞ്ഞതാണ് ബഹളത്തിനു കാരണമായത്. തര്‍ക്കം രൂക്ഷമായതോടെ പൊലിസ് എത്തിയാണ് രംഗം ശാന്തമാക്കിയിത്. നിക്ഷേപകരോട് സ്റ്റേഷനിലെത്തി പരാതി നല്കാന് ആവശ്യപെടുകയായിരുന്നു.
പൊലിസ് കേസെടുത്തു എന്നറിഞ്ഞതോടെയാണ് ഉടമ വിദേശത്തേക്കു കടന്നത്. വിഷയത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."