മൊബൈല്‍ ചാറ്റിങ്ങിലൂടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനം: യുവാവ് അറസ്റ്റില്‍
ഇരയായത് 27 വിദ്യാര്‍ഥിനികള്‍
ഏറ്റുമാനൂര്‍: ഫേസ്ബുക്കിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും പെണ്‍കുട്ടികളെ വലയിലാക്കി പ്രണയം നടിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ലൈംഗികബന്ധത്തിന് ഇരയാക്കിവന്ന യുവാവ് പൊലിസ് പിടിയില്‍. കോട്ടയം കല്ലറ മറ്റം ഭാഗത്ത് ജിത്തുഭവനില്‍ സജിയുടെ മകന്‍ ജിന്‍സു (24)വാണ് അറസ്റ്റിലായത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 27 വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ഇയാള്‍ മാറിമാറി ലൈംഗികമായി പീഡിപ്പിച്ചത്. മറ്റൊരു സംഭവത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഭാഗത്തുനിന്നുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം ജില്ലാ പൊലിസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഓപ്പറേഷന്‍ ഗുരുകുലം ടീം തന്ത്രപരമായി ജിന്‍സുവിനെ പിടികൂടിയത്.
തന്റെ സ്‌കൂളിലെ ഒരു പെണ്‍കുട്ടിയെ സ്‌കൂള്‍ യൂനിഫോമില്‍ സംശയാസ്പദ സാഹചര്യത്തില്‍ മറ്റൊരാളുടെ കൂടെ കാറില്‍ പലയിടത്ത് കണ്ടതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓപറേഷന്‍ ഗുരുകുലം ജില്ലാ കോഡിനേറ്ററായ കെ.ആര്‍ അരുണ്‍കുമാറിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കാറില്‍ കൊണ്ടുപോയ യുവാവിനെ പിടികൂടി. പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിളിച്ചു വരുത്തി, യുവാവിന്റെ മൊബൈലില്‍ മറ്റ് പെണ്‍കുട്ടികളുമായുള്ള അശ്ലീല ചാറ്റുകള്‍ കാണിച്ചു കൊടുത്തതോടെ പെണ്‍കുട്ടി ഈ ബന്ധത്തില്‍ നിന്ന് പിന്മാറി. ഒപ്പം തന്റെ കൂട്ടുകാരിയും ഇത്തരം ഒരു കെണിയില്‍പെട്ടിട്ടുണ്ടെന്നും പിന്നില്‍ ആരെന്ന് വ്യക്തമല്ലെന്നും അവള്‍ ആത്മഹത്യയുടെ വക്കിലാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ അന്വേഷണം ആ വഴിക്കായി. സ്‌കൂള്‍ പ്രിന്‍സിപ്പലുമായി വീണ്ടും ബന്ധപ്പെട്ട പൊലിസ് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ രക്ഷിതാക്കളോടൊപ്പം ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. കുട്ടിയെ കൗണ്‍സിലിങ് നടത്തിയ ഓപറേഷന്‍ ഗുരുകുലം കോര്‍ഡിനേറ്ററെ വരെ ഞെട്ടിച്ച തരത്തിലുള്ള വിവരങ്ങളാണ് വിദ്യാര്‍ഥിനിയില്‍ നിന്നും ലഭിച്ചത്. അവിചാരിതമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ജിന്‍സുവുമായി പ്രണയത്തിലായ കുട്ടി ഒരിക്കല്‍ ഇയാളോടൊന്നിച്ച് മൊബൈലില്‍ സെല്‍ഫി എടുത്തു. ഈ ഫോട്ടോ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ജിന്‍സു മൊബൈല്‍ ചാറ്റിങ്ങിലൂടെ പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ഫേസ് ബുക്കില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ജിന്‍സു പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഭീഷണിയുടെ പുറത്ത് അടുത്ത ദിവസം രാത്രിയില്‍ പെണ്‍കുട്ടിയുടെ വീടിനുള്ളില്‍ പ്രവേശിപ്പിച്ച ജിന്‍സു താനുമായുള്ള ലൈംഗികബന്ധത്തിത്തിന്റെ വീഡിയോയും മൊബൈലില്‍ പകര്‍ത്തി. ഇത് കാട്ടി ഇയാള്‍ പെണ്‍കുട്ടിയെ ബ്ലാക് മെയില്‍ ചെയ്യാന്‍ തുടങ്ങിയതോടെ ക്ലാസില്‍ ശ്രദ്ധിക്കാതെ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന അവസ്ഥയിലായി.
പെണ്‍കുട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കേട്ട ജില്ലാ പൊലിസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശാനുസരണമാണ് ജിന്‍സുവിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ മൊബൈല്‍ പരിശോധിച്ചതില്‍ നിന്നുമാണ് പീഡനപരമ്പരയുടെ ചുരുള്‍ അഴിയുന്നത്. 27 പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പ്രത്യേകമായി വിവിധ ഫോള്‍ഡറുകളിലാക്കിയാണ് ഇയാള്‍ തന്റെ മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. ഇയാളുടെ വലയില്‍ വീണു തുടങ്ങിയ വേറെ കുട്ടികള്‍ ഉണ്ടോ എന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. വൈക്കം ഡിവൈ.എസ്.പി മുഖേന കടുത്തുരുത്തി പൊലിസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."